കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) സിന്‍ഡിക്കേറ്റ് തീരുമാനം സസ്‌പെന്റ് ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റീസ് സതീഷ് നൈനാന്റേതാണ് ഉത്തരവ്.
കെ.ടി.യു വി.സി സിസ തോമസിനെ നിയന്ത്രിക്കാന്‍ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിന്‍ഡിക്കേറ്റും ഗവേണിങ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെ.ടി.യു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്തത്. വി.സിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ വി.സിയുടെ നടപടി പരിശോധിക്കാന്‍ മറ്റൊരു സമിതി, ഗവര്‍ണര്‍ക്ക് വി.സി അയയ്ക്കുന്ന കത്തുകള്‍ സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് ചെയ്യണം എന്നീ തീരുമാനങ്ങളും ഗവര്‍ണര്‍ തടഞ്ഞിരുന്നു. വി.സിയുടെ എതിര്‍പ്പോടെ കൈക്കൊണ്ട തീരുമാനങ്ങള്‍ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവന്‍ നിലപാട് സ്വീകരിച്ചിരുന്നത്.