കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീ പൂര്‍ണമായും അണച്ചെങ്കിലും കൊച്ചി നിവാസികള്‍ ഇനി കൂടുതല്‍ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയറുടെ മുന്നറിയിപ്പ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്‌സിന്‍ പോലുള്ള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുള്ള ഡയോക്‌സിന്‍ അടക്കമുള്ളവ മഴവെള്ളത്തിനൊപ്പം കുടിവെള്ള സ്രോതസുകളില്‍ എത്താന്‍ സാധ്യത ഏറെയാണ്. അതിനാല്‍ കൊച്ചിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ മേഖലകളിലുളളവര്‍ ശ്രദ്ധിക്കണം, ഡയോക്‌സിന്‍ പോലുളളവ നശിക്കില്ല, വെളളത്തിലും മണ്ണിലും അന്തരീക്ഷത്തിലും ശേഷിക്കും. ഇത് മനുഷ്യ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. ഇവ ഹോര്‍മോണ്‍ വ്യതിയാനമുണ്ടാക്കും, പ്രത്യുല്‍പാദന ശേഷി ഇല്ലാതാക്കും കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്‌സിന്‍ അളവ് കൂടിയ അളവിലെന്ന് രണ്ടുവര്‍ഷം മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു.