മറഞ്ഞിരുന്ന് റോസിന…. പുറത്തിറങ്ങി നര്‍ഗീസ്….

മറഞ്ഞിരുന്ന് റോസിന…. പുറത്തിറങ്ങി നര്‍ഗീസ്….

  • താര കണ്ണോത്ത്

‘ചിലപ്പോള്‍ ദൈവം പെണ്ണായിരിക്കാം ‘–പൗലോ കൊയ് ലോ

 

ഒരേസമയം ദൈവവും പെണ്ണുമായിരിക്കുക.. സൃഷ്ടിയുടെയും കരുത്തിന്റെയും കരുതലിന്റെയും പ്രതീകമാവുക… സ്‌നേഹത്തിന്റെ മറുവാക്കാകുക… ഒരു പെണ്ണിന് മാത്രം സാധ്യമാകുന്ന ചില കരുത്തുകളും കരുതലുകളും പകര്‍ന്നുകൊടുത്ത് ദൈവം അയയ്ക്കുന്ന മാലാഖമാര്‍ ഒരുപാടുണ്ട് ഭൂമിയില്‍…അത്ര തിളക്കമില്ലാതിരുന്ന ജീവിതത്തില്‍ നിന്ന് കടന്നു വന്ന് ചുറ്റുപാടുമുള്ള ഒരുപാട് ജീവിതങ്ങളില്‍ വിളക്കുമരമാവുന്നവര്‍…

അശരണരുടെ ജീവിതത്തിലേക്ക് കൂട്ടിരിക്കാന്‍ ദൈവം പറഞ്ഞയയ്ച്ച മാലാഖയാണ് കോഴിക്കോട് ഫാറൂഖ് കാരാട് സ്വദേശി നര്‍ഗീസ് ബീഗം. ഭൂമിയിലെ മാലാഖമാരെന്ന് വാഴ്ത്തപ്പെടുന്ന നഴ്‌സുമാരില്‍ ഒരാളായാണ് നര്‍ഗീസ് തന്റെ ഔദ്യോഗികജീവിതം തുടങ്ങിയതെങ്കിലും ഇന്ന് ഒരുപാട് നിസ്സഹായ ജീവിതങ്ങളിലേക്ക് കരുണയുടെയും പ്രത്യാശയുടെയും ചിറകുവിടര്‍ത്തി തണലേകുകയാണ് അവര്‍. മറ്റുള്ളവരെ സഹായിക്കാന്‍, അവരുടെ മനസ്സിലെ പുഞ്ചിരിയാകാന്‍ ജോലി കഴിഞ്ഞുള്ള ഇത്തിരി സമയവും സാമീപ്യവും എന്ന വിലയേറിയ മൂലധനം മാത്രം മതി എന്ന് നര്‍ഗീസ് നിശബ്ദം തെളിയിച്ചു.

ഫറോക്ക് കോയാസ് ഹോസ്പിറ്റലിലെ നഴ്‌സ്‌ ആയ റോസിന ഡ്യൂട്ടി സമയം കഴിഞ്ഞുള്ള നേരങ്ങളില്‍ വാര്‍ഡിലുള്ള ആരോരുമില്ലാത്ത രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ പോയാണ് ഇന്ന് നമ്മള്‍ അറിയുന്ന നര്‍ഗീസ് ബീഗം ആയത്. കഥകളും കവിതകളും എഴുതുന്ന, എഴുതുന്നതൊന്നും ആരും അറിയുന്നത് ഇഷ്ടമല്ലാത്ത റോസിന മാഗസിനുകള്‍ക്ക് സൃഷ്ടികള്‍ അയച്ചു കൊടുക്കാന്‍ ഉപയോഗിച്ച തൂലികാ നാമമാണ് നര്‍ഗീസ് ബീഗം. പിന്നീട് ഫേസ്ബുക്ക് തുടങ്ങിയ കാലം മുതല്‍ അതില്‍ സജീവമായ റോസിന ആശുപത്രിയിലെ രോഗികള്‍ക്ക് കൂട്ടിരിക്കുന്നതിനിടയില്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കാനും നര്‍ഗീസ് ബീഗം എന്ന തൂലികാ നാമം ഉപയോഗിച്ചു.

തുടക്കത്തില്‍ ആരും സഹായത്തിനില്ലാത്ത, പാവപ്പെട്ട രോഗികള്‍ക്ക് തന്റെ സമയവും സാമീപ്യവും മാത്രം ചിലവഴിച്ച് അവര്‍ക്ക് വലിയ അത്താണിയായി മാറുമ്പോള്‍ നര്‍ഗീസ് തന്നെ കരുതിക്കാണില്ല തന്റെ ജീവിത വഴിയില്‍ ദൈവം തന്നില്‍ വലിയൊരു നിയോഗമാണ് ഏല്‍പ്പിച്ചിട്ടുള്ളത് എന്ന്. നര്‍ഗീസിന്റെ സ്‌നേഹപരിചരണത്തില്‍ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങുന്ന രോഗികളില്‍ ചിലര്‍ ‘ഇന്നാ മോളെ ചായ കുടിച്ചോ’ എന്ന് സ്വകാര്യമായിക്കൊടുക്കുന്ന സ്‌നേഹം നിറഞ്ഞ ഓരോ പൈസയും നര്‍ഗീസ് ഇഷ്ടത്തോടെ വാങ്ങി ഒരു ടിന്നില്‍ അടച്ചുവെക്കാന്‍ തുടങ്ങി. സ്വന്തം ആര്‍ഭാടങ്ങള്‍ക്കോ അലങ്കാരങ്ങള്‍ക്കോ ആ പൈസയില്‍ ഒരു തരിപോലും അവര്‍ ഉപയോഗിച്ചില്ല. അതു മുഴുവന്‍ കൂട്ടിവച്ച് ഏറ്റവും അര്‍ഹരായി തനിക്കുമുന്നില്‍ വരുന്ന അടുത്ത രോഗിക്ക് മരുന്നിനും യാത്രാ ചെലവിനും മറ്റുമായി കൊടുക്കുമ്പോള്‍ സ്‌നേഹവും നന്ദിയും കൊണ്ട് ആ കണ്ണുകളില്‍ നിറയുന്ന അനുഗ്രഹം നര്‍ഗീസിന് പിന്നീടുള്ള വഴികളില്‍ ഊര്‍ജ്ജമായി. വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ ഗദ്ദാമയായ ഉമ്മയുടെ മകളായ നര്‍ഗീസിന് കുഞ്ഞുനാള്‍ മുതലേ സ്വന്തം ആര്‍ഭാടങ്ങള്‍ അ രോചകമായിരുന്നു.

നേഴ്‌സ് ആയി ജോലിയില്‍ പ്രവേശിച്ചത് മുതല്‍ രോഗികള്‍ക്ക് കൂട്ടിരുന്ന് കേട്ടിരുന്ന് കിട്ടുന്ന അനുഭവങ്ങള്‍ ഓരോന്നും ഫേസ്ബുക്കില്‍ ഓരോ ദിവസവും പങ്കുവെച്ചു. അനുഭവ കഥകളില്‍ ഒന്നുപോലും ഒരിക്കല്‍പ്പോലും സഹായം അഭ്യര്‍ത്ഥിച്ചുള്ളവ ആയിരുന്നില്ല. നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായിപ്പോയ രോഗികളുടെയും മറ്റും വീടുകളിലെ കാഴ്ചകള്‍…. ചിതലരിച്ച കതകുകള്‍, കര്‍ട്ടനുകള്‍ കൊണ്ട് മറച്ച ബാത്ത് റൂമുകള്‍… അങ്ങനെ കാണുന്ന കാഴ്ചകള്‍… അവര്‍ അനുഭവിക്കുന്ന ശാരീരിക, മാനസിക, സാമ്പത്തിക പ്രയാസങ്ങള്‍ മാത്രം പങ്കുവച്ച കുറിപ്പുകള്‍ക്ക് വന്ന കമന്റുകള്‍ പലതും സഹായം വാഗ്ദാനം ചെയ്തുള്ളവയായിരുന്നു. ആ സുമനസുകളില്‍ നിന്ന് അവയെല്ലാം ഏറ്റുവാങ്ങി നര്‍ഗീസ് അര്‍ഹരിലേക്ക് എത്തിച്ചു കൊടുത്തു. പലരും പുതിയ വീട്ടിലേക്ക് പുത്തന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പഴയത് ഒഴിവാക്കാന്‍ നര്‍ഗീസിനെ വിളിക്കും. അങ്ങനെ കേട്ടറിഞ്ഞ ഒരാള്‍ നര്‍ഗീസിനെ വിളിച്ചു ചോദിച്ചത് ‘പഴയ സാധനങ്ങളെടുക്കുന്ന നര്‍ഗീസല്ലേ’ എന്നായിരുന്നുവെന്ന് നിറഞ്ഞ പുഞ്ചിരിയോടെ പറയുമ്പോഴും ആ പഴയ സാധനങ്ങള്‍ ഏറ്റവും അത്യാവശ്യക്കാരില്‍ എത്തിച്ച ചരിതാര്‍ഥ്യമാണ് ആ പുഞ്ചിരിയില്‍ നിറഞ്ഞു നിന്നത്.

വിവാഹം കഴിഞ്ഞ് വയനാട്ടില്‍ എത്തിയപ്പോള്‍ ആദിവാസികളുമായി ഇടപഴകാന്‍ പറ്റിയ നര്‍ഗീസ് അവരെക്കൂടി തന്നിലേക്ക് ചേര്‍ത്തുവച്ചു. സാമ്പത്തിക സഹായത്തേക്കാളുപരി അവര്‍ക്കാവശ്യം പല കാര്യങ്ങളിലും ഉപദേശങ്ങളും നിര്‍ദേശങ്ങളുമായിരുന്നു. ആദിവാസികള്‍ക്കിടയിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ നര്‍ഗീസിനെ അഡോറ എന്ന എന്‍.ജി.ഒ സംഘടന അതില്‍ അംഗമാകാന്‍ ക്ഷണിച്ചു. കഴിഞ്ഞ പത്തു വര്‍ഷമായി അഡോറയുടെ ഡയറക്ടറാണ് നര്‍ഗീസ്. അഡോറയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സഹായാഭ്യര്‍ത്ഥനകളും സഹായ വാഗ്ദാനങ്ങളും പതിവിലും കൂടുതലായി. വീല്‍ചെയറായും, കതകായും, ഫര്‍ണിച്ചറുകളായും സാമ്പത്തികമായും തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള ആളുകള്‍ സഹായം തേടി നര്‍ഗീസിനെ വിളിച്ചു കൊണ്ടേയിരിക്കുന്നു. അഡോറയില്‍ വരുന്ന അപേക്ഷകള്‍ അനുസരിച്ച് ജില്ലകള്‍ തിരിച്ചു നേരിട്ട് പോയി കണ്ട് പ്രയാസങ്ങള്‍ മനസിലാക്കി ഏതൊക്കെ രീതിയില്‍ സഹായിക്കാന്‍ പറ്റുമെന്ന് പഠിച്ചതിനുശേഷം അവര്‍ക്കൊക്കെ സഹായം നല്‍കും. അങ്ങനെ മാസത്തില്‍ 350 ആളുകളെ പല രീതിയില്‍ സഹായിക്കുന്നു.

മരുന്ന്, ആശുപത്രി ചിലവുകള്‍, ഭക്ഷണം, വീട്ടുവാടക തുടങ്ങി എല്ലാ മാസവും ഒന്നാം തീയതി തന്നെ അഞ്ചര ലക്ഷം രൂപ ചെലവ് വരുന്നു. ഇതിനു പുറമെ ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു കൊടുക്കുന്നുമുണ്ട്. ഇതു വരെയായി 77 വീടുകള്‍ കൈമാറി. 78ാമത്തെ വീട് പൂര്‍ത്തിയായി. ഭവനരഹിതരുടെ അപേക്ഷകള്‍ നിരവധിയാണ്. ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് വീടുകള്‍ നിര്‍മിച്ചു കൊടുക്കുന്നത്. വീടുവയ്ക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നവര്‍ക്ക് സ്ഥലം കിട്ടുക പലപ്പോഴും വഴിയില്ലാത്ത ഇടങ്ങളിലാവും. അത്തരം സന്ദര്‍ഭങ്ങളില്‍ അഡോറയ്ക്ക് വീടുനിര്‍മാണത്തിന് ഏഴര ലക്ഷത്തിനും മുകളില്‍ ചിലവ് വരും. ആദിവാസികള്‍ക്ക് കൊടുക്കുന്ന ഭൂമിയിലോ വീടുകളിലോ ഇത്തരം കാര്യങ്ങള്‍ പ്രശ്‌നമാവാറില്ല. കാരണം പല ആദിവാസി കുടുംബങ്ങളും മലമുകളിലോ കുന്നിന്‍ ചെരിവുകളിലോ താമസിക്കാന്‍ ഇഷ്ടപ്പെടുന്നു. ടൈല്‍സ് ഇട്ട് വൃത്തിയാക്കികൊടുത്ത വീടുകളില്‍ ടൈല്‍സിന് മുകളില്‍ മണ്ണ് കുഴച്ച് പാകിയെടുത്ത നിലമാണ് ആദിവാസികള്‍ ഉപയോഗിക്കുക എന്ന് നര്‍ഗീസ് സാക്ഷ്യപ്പെടുത്തുന്നു. അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ആദിവാസികള്‍ തയ്യാറല്ല. എന്നാല്‍ ഹോസ്റ്റലുകളിലും മറ്റും താമസിച്ചു പഠിക്കുന്ന പുതുതലമുറയിലെ ആദിവാസിക്കുട്ടികള്‍ പലരും മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരാണ്. അത്തരം കുട്ടികള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ നര്‍ഗീസ് എല്ലാ സഹായങ്ങളുമായി അവരുടെ കൂടെത്തന്നെയുണ്ട്. പലരും സര്‍ക്കാര്‍ ജോലി നേടിയെന്നു പറയുമ്പോള്‍ ഒരു കുടുംബം രക്ഷപ്പെട്ട ആശ്വാസം നര്‍ഗീസിന്റെ വാക്കുകളില്‍ പ്രകടമാണ്.

അഡോറയുടെ കീഴില്‍ എട്ടു വര്‍ഷം മുമ്പ് തുടങ്ങിയ ഏയ്ഞ്ചെല്‍സ് എന്ന സൗജന്യ വസ്ത്രാലയം നര്‍ഗീസിലൂടെ ദൈവം നടത്തുന്ന ഇടപാടാണ്. കൈയില്‍ പൈസയില്ലാത്തതിനാല്‍ പുതിയ ഉടുപ്പുകള്‍ സ്വപ്‌നം കാണാന്‍ പോലും പറ്റാത്തവര്‍ക്കുള്ള അനുഗ്രഹം. കേരളത്തില്‍ ഏയ്ഞ്ചെല്‍സിന് ആറ് ശാഖകള്‍ ഉണ്ടായിരുന്നു. നാലെണ്ണം വയനാട്ടിലും ഒരെണ്ണം വീതം കൊല്ലത്തും കാസര്‍കോട്ടും. ഇതില്‍ കാസര്‍കോടുള്ളത് തത്കാലം അടച്ചിട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ എട്ടു വര്‍ഷത്തിനുള്ളില്‍ ഏയ്ഞ്ചല്‍സിലൂടെ നിറപ്പകിട്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നിറമേറിയ സ്വപ്‌നങ്ങളിലേക്ക് നടന്ന് കയറിയത്. കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ മുതല്‍ വിവാഹ വസ്ത്രങ്ങള്‍ വരെ തികച്ചും സൗജന്യമായി ഏയ്ഞ്ചെല്‍സില്‍ നിന്ന് തിരഞ്ഞെടുക്കാം. ആവശ്യക്കാര്‍ക്ക് 25,000 രൂപയും അതിന് മുകളിലും വില വരുന്ന വിവാഹ വസ്ത്രങ്ങള്‍ തികച്ചും സൗജന്യമായി തിരഞ്ഞെടുക്കാം. നര്‍ഗീസ് പോലും ഇന്നോളം കാണുകയോ കേള്‍ക്കുകയോ ചെയ്യാത്തവരാണ് ഏയ്ഞ്ചെല്‍സിന്റെ വസ്ത്രവിതരണക്കാര്‍.
ജോലി ചെയ്യുന്ന കോയാസ് ഹോസ്പിറ്റലില്‍ ആരോ നര്‍ഗീസിന്റെ പേരില്‍ ഏല്‍പിച്ചു പോകുന്ന നാലോ അഞ്ചോ ബോക്‌സുകള്‍ നിറയെ വസ്ത്രങ്ങള്‍…. പലയിടങ്ങളില്‍ നിന്നും പലരും വിളിച്ചു കൊടുക്കുന്ന പുത്തന്‍ മാറാത്ത വസ്ത്രങ്ങള്‍… സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ഉടുപ്പ് വാങ്ങുമ്പോള്‍ അതേ പ്രായത്തിലും തരത്തിലുമുള്ള എവിടെയോ ഉള്ള ഏതോ കുഞ്ഞിന് വേണ്ടി പുത്തന്‍ ഉടുപ്പുകള്‍ അയക്കുന്ന വലിയ മനസ്സുകള്‍….ഏയ്ഞ്ചെല്‍സിന്റെ വെഡിങ് സെക്ഷനിലേക്ക് വിലകൂടിയ വിവാഹ വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കുന്നവര്‍, എവിടെയോ ഉള്ള നിര്‍ധനയായ ഏതോ പെണ്‍കുട്ടിയുടെ വിവാഹ സ്വപ്‌നങ്ങള്‍ക്ക് എയ്‌ഞ്ചെല്‍സിലൂടെ നിറം പകരുന്നു.. അങ്ങനെ ആരുടെയൊക്കെയോ കൈകളിലൂടെ നര്‍ഗീസിലെത്തുന്ന നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങള്‍ അര്‍ഹരായ ഏതൊക്കെയോ ജീവിതങ്ങളില്‍ നിറം പകരുന്ന ദൈവത്തിന്റെ മനോഹരമായ ഇടപെടലാണ് ഏയ്ഞ്ചെല്‍സ് എന്ന ഫ്രീ ഷോപ്പിംഗ് വസ്ത്രാലയം..

സ്വന്തം സമയവും സാമീപ്യവും മാത്രം കൈമുതലായുണ്ടായിരുന്ന നര്‍ഗീസിന്റെ സ്‌നേഹത്തിനും കരുതലിനും കിട്ടിയ അംഗീകാരങ്ങള്‍ നിരവധിയാണ്. 2023 ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കൈരളി ടി.വിയുടെ മികച്ച ആരോഗ്യ പ്രവര്‍ത്തക അവാര്‍ഡ്, ഷാര്‍ജ മലബാര്‍ കിച്ചണ്‍ അവാര്‍ഡ്, വിജയ സ്മൃതി പുരസ്‌കാരം, രത്ന പുരസ്‌കാരം സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അവാര്‍ഡ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങളാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന് ‘പഴയ സാധനങ്ങളെടുത്ത് ‘അര്‍ഹരിലേക്കെത്തിച്ചും അശരണരെ ചേര്‍ത്തുപിടിച്ചും നര്‍ഗീസിനെ തേടിയെത്തിയത്. അതില്‍ ഏറ്റവും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമായി കാണുന്നത്, കുഞ്ഞുന്നാളില്‍ തങ്ങളെ പോറ്റാന്‍ വേണ്ടി ഉമ്മ ഗദ്ദാമയായി ജോലി ചെയ്തിരുന്ന സൗദിയില്‍ പോയപ്പോള്‍ അവിടെ കാത്തിരുന്ന സ്വീകരണങ്ങളാണ്. എത്തിയ അന്നു തന്നെ സൗദി വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തതും കളിക്കാര്‍ പരിചയപ്പെട്ടതും ഓട്ടോഗ്രാഫ് വാങ്ങിയതും സ്വപ്‌നസമാനമായ അനുഭവമായി നര്‍ഗീസ് കാത്തുവയ്ക്കുന്നു. തന്റെ ഇന്നോളമുള്ള യാത്രകളില്‍ ഏറ്റവും സഹായം നല്‍കിയ പ്രവാസികളുടെ ജീവിതവും ലേബര്‍ ക്യാംപുകളും നേരില്‍ കണ്ടപ്പോള്‍ ഏറെ സങ്കടപ്പെടുത്തിയെങ്കിലും ഒട്ടേറെ മൊമെന്റോകളും സൗദി പത്രങ്ങളിലെ വാര്‍ത്തകളും ഇന്റര്‍വ്യൂകളും ഒക്കെയായി സൗദി നര്‍ഗീസിനെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.

ഡ്യൂട്ടി സമയം കഴിഞ്ഞുള്ള പാതിരാ നേരങ്ങളില്‍ പോലും തന്നെ കാത്തുനില്‍ക്കുന്ന പാവങ്ങളുടെ അടുത്തേക്ക് നര്‍ഗീസ് ഓടിയെത്തുന്നു. ഈ യാത്രയില്‍ തന്നെ ‘വഷളാക്കുന്നത് ‘ ഉപ്പ ഹംസക്കോയയും ഉമ്മ കമറുന്നിസയും നല്‍കുന്ന അതിരുകളില്ലാത്ത പിന്തുണയാണെന്ന് അഭിമാനിക്കുന്നു. ദുരിതപൂര്‍ണമായ വിവാഹ ജീവിതത്തില്‍ നിന്ന് പുറന്തോടു പൊട്ടിച്ച് പുറത്തിറങ്ങി അശരണര്‍ക്ക് അത്താണിയാവാനുള്ള ഊര്‍ജ്ജം നിറച്ചതും മാതാപിതാക്കളാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം എല്ലാ പ്രവര്‍ത്തനങ്ങളെയും നോക്കിക്കണ്ട് നര്‍ഗീസ് എങ്ങനെയാണോ അങ്ങനെയെന്ന് നെഞ്ചേറ്റി കൂടെ ചേര്‍ത്തുപിടിച്ച് പ്രവാസിയായ സുബൈര്‍ ജീവിതത്തിലേയ്ക്ക് വന്നപ്പോള്‍ ആദ്യവിവാഹത്തിലെ രണ്ട് ആണ്‍മക്കള്‍ക്കും മാതാപിതാക്കള്‍ക്കും സന്തോഷം മാത്രം…. ഭൂമിയില്‍ അശരണരുടെ കാവല്‍ മാലാഖ തണലേകി അവരില്‍ കുളിരുള്ള പുഞ്ചിരി വിടര്‍ത്തി പറന്നുകൊണ്ടേയിരിക്കുകയാണ്…

Share

Leave a Reply

Your email address will not be published. Required fields are marked *