കുറുങ്ങോട്ട് നാടിന്റെ ചരിത്ര വാതില്‍ തുറന്നുവച്ച് യാത്രയായി മജീദ്ക്ക

കുറുങ്ങോട്ട് നാടിന്റെ ചരിത്ര വാതില്‍ തുറന്നുവച്ച് യാത്രയായി മജീദ്ക്ക

ചാലക്കര പുരുഷു

തലശ്ശേരി: കുറുങ്ങോട്ട് നാടിന്റെ ഗതകാല ചരിത്രത്തിന്റെ വാതില്‍ തുറന്നുവച്ച് ന്യൂമാഹിയുടെ ചരിത്രകാരന്‍ കെ.പി മജീദ് കാലത്തിന്റെ തിരശ്ശീലക്ക് പിന്നില്‍ മറഞ്ഞു. ബ്രിട്ടീഷ് തലശ്ശേരിക്കും, ഫ്രഞ്ചു മയ്യഴിക്കുമിടയില്‍ ഫ്രഞ്ചുകാരോട് ആഭിമുഖ്യം പുലര്‍ത്തിപ്പോന്ന കുറിച്ചിയില്‍ ആസ്ഥാനമാക്കി നാട് ഭരിച്ചിരുന്ന കുറുങ്ങോട്ട് നായന്‍മാരുടെയും, പോയകാല സാമ്രാജ്യത്വ- സാമൂഹ്യ ജീവിതത്തെക്കുറിച്ചും എഴുതിയ ‘കുറുങ്ങോട്ട് നാട് ‘ എന്ന അമൂല്യ ഗ്രന്ഥം ചരിത്രകുതുകികള്‍ക്കും കൈരളിക്കും കാഴ്ചവച്ചാണ് ഈ മനുഷ്യന്‍ യാത്രയായത്.
ബ്രിട്ടീഷ് – ഫ്രഞ്ച് പോരാട്ടങ്ങളുടേയും, തച്ചോളി ചന്തുവിന്റേയും, കുറുങ്ങോട്ടിടത്തെ കുറിച്ചുമുള്ള ചരിത്രത്തിന്റെ താക്കോല്‍ തേടി ഇനി ഗവേഷണ വിദ്യാര്‍ഥികള്‍ മജീദ്ക്കയെ തിരയില്ല. വായിച്ചു തീര്‍ത്ത അസംഖ്യം പുസ്തകങ്ങളിലൂടെ അമൂല്യങ്ങളായ ചരിത്രരേഖകളിലൂടെ വര്‍ഷങ്ങള്‍ നീണ്ട അലച്ചിലുകളിലൂടെ ആര്‍ജ്ജിച്ചെടുത്ത ഇന്നത്തെ ന്യൂ മാഹിയുടെ അമൂല്യങ്ങളായ ചരിേ്രത ഖകളത്രയും നൂറോളം പേജുകളുള്ള ‘കുറുങ്ങോട്ട് നാട്ടില്‍ ‘ വരും തലമുറകള്‍ക്കായി സമ്മാനിച്ച് അദ്ദേഹം തന്റെ പേന അടച്ചുവച്ചു.

പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് അധിനിവേശങ്ങള്‍, മൈലന്‍ ഉടമ്പടി തുടങ്ങി ഭൂപരവും ചരിത്രപരവുമായ ഒട്ടേറെ രേഖകള്‍ വെളിച്ചം കണ്ടത് ഈ മനുഷ്യനിലൂടെയായിരുന്നു.  കുറുങ്ങോട്ട് നാട് ഫ്രഞ്ച്-ബ്രിട്ടീഷ് അധിനിവേശങ്ങള്‍ക്കിടയില്‍ സംഘര്‍ഷഭരിതമായ തേരോട്ട കാലത്ത് ഏതോ സാമ്രാജ്യശക്തികളുടെ പായവഞ്ചിയില്‍ നിന്നും കുറിച്ചിയില്‍ കടല്‍ത്തീരത്തേക്ക് തീത്തുപ്പി വര്‍ഷിച്ച രണ്ട് ലോഹയുണ്ടകള്‍ ഒരു നിമിത്തമെന്നോണം മജീദ്ക്കക്ക് വീണുകിട്ടിയതാണ് ഇദ്ദേഹത്തില്‍ ചരിത്ര കൗതുകം ഉര്‍ണത്തിയത്. അത് അദ്ദേഹം ഒരു നിധിപോലെ സൂക്ഷിച്ചുവച്ചു. പിന്നീട് അന്വേഷണങ്ങളുടെ നീണ്ട യാത്രയായി. ഏറെ വായനകള്‍ക്കും, ചര്‍ച്ചകള്‍ക്കും ശേഷം, പുരാ ലിഖിതങ്ങളും മാന്വല്‍ സ്‌ക്രിപ്റ്റുകളും തേടിയ യാത്രക്കൊടുവിലാണ് ‘കുറുങ്ങോട്ട് നാട്’ എന്ന പുസ്തകരചന സാധ്യമായത്. ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിന്റെ വിവിധ ഭാഷകളിലെ ശേഖരങ്ങളും, മലയാളത്തില്‍ നാളിതുവരെ പുറത്തിറങ്ങിയ ഏതാണ്ട് എല്ലാ ഖുര്‍ആന്‍ പതിപ്പുകളും അദ്ദേഹത്തിന്റെ വിപുലമായ സ്വകാര്യ ഗ്രന്ഥ പ്പുരയിലെ അമൂല്യശേഖരങ്ങളിലുണ്ട്. ഒരു നിയോഗമെന്നോണം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പുന്നാലില്‍ എത്തിച്ചേര്‍ന്ന സയ്യിദ് മുഹമ്മദ് മൗല എന്ന മഹാ പുരുഷനാല്‍ സ്ഥാപിതമായി എന്ന് വിശ്വസിക്കുന്ന പുന്നോല്‍ ജുമാ മസ്ജിദിന്റെ ചരിത്ര സവിശേഷതകള്‍ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഒരു സിംഹാസനത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന മസ്ജിദിലെ ഏതാണ്ട് 400 വര്‍ഷം പഴക്കമുള്ള ‘ മിമ്പറ’ ത്തിന്റെ കലാമേന്മയും, വര്‍ണവൈവിധ്യവും അദ്ദേഹത്തിന് വിസ്മയകരമായ കാര്യമായിരുന്നു. അതും ലോകമറിയുന്നതിന് മജീദ്ക്ക കാരണമായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *