തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വഴുതക്കാട് മൗണ്ട് കാര്‍മല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ഹരിതകര്‍മ സേനാ സംഗമത്തിന്റെയും സ്ത്രീകള്‍ക്കുള്ള കരാട്ടെ പരിശീലനത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ ഹരിതകര്‍മസേനകള്‍ക്ക് നല്‍കുന്ന ഈ-റിക്ഷകളുടെ താക്കോല്‍ കൈമാറലും മന്ത്രി നിര്‍വഹിക്കുന്നതാണ്. ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു അധ്യക്ഷത വഹിക്കും. കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ പരിപാടിയില്‍ പങ്കെടുക്കും. ശശി തരൂര്‍ എം.പി, മേയര്‍ ആര്യാ രാജേന്ദ്രന്‍, നവകേരളം കര്‍മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വളരെ വിപുലമായ പരിപാടികളാണ് ഇത്തവണ കുടുംബശ്രീ സംഘടിപ്പിക്കുന്നത്.