ചാലക്കര പുരുഷു
മാഹി: പഴയ ഫ്രഞ്ച് കോളനിയും നിലവില്‍ കേന്ദ്ര ഭരണ പ്രദേശവുമായ പുതുച്ചേരിക്ക് സംസ്ഥാന പദവി വേണമെന്ന് ഭരണ-പ്രതിപക്ഷ കക്ഷികളും സംസ്ഥാന ഭരണകൂടങ്ങളും ദശകങ്ങളായി ആവശ്യമുന്നയിച്ചിരിക്കെ, ഇക്കാര്യത്തില്‍ അനുകൂല നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ എടുക്കുമെന്നാണ് സൂചന. ഭാഷാടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ രണ്ടിടങ്ങളിലായി സ്ഥിതി ചെയ്യുന്ന പുതുച്ചേരിയേയും കാരിക്കലിനേയും ചേര്‍ത്ത് പുതിയ സംസ്ഥാനം രൂപീകരിക്കാനും 700 കിലോമീറ്റര്‍ ദൂരത്തുള്ള അറബിക്കടലോരത്തെ മാഹിയേയും ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തെ യാനത്തേയും കേന്ദ്രഭരണ പ്രദേശങ്ങളായി നിലനിര്‍ത്താനുമാണ് നീക്കം. അങ്ങനെ വന്നാല്‍ മാഹിയില്‍ ഒരു കൗണ്‍സിലും സെക്രട്ടറിയും മാത്രമാണുണ്ടാവുക.
ഇന്ത്യന്‍ ഭൂഖണ്ഡവുമായി ഏറ്റവുമടുത്ത് കിടക്കുന്ന മാഹിയെ, മറ്റൊരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ തലസ്ഥാനമാക്കി മാറ്റണമെന്ന ആവശ്യം മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് തന്നെ ഉയര്‍ന്ന് വന്നതാണ്. ലക്ഷദ്വീപില്‍ നിന്നുള്ള പി.എം സെയ്ത് കേന്ദ്രമന്ത്രിയായിരുന്ന വേളയില്‍ ഇതിനുള്ള നീക്കം ആരംഭിച്ചതായി അദ്ദേഹം തന്നെ മാഹിയില്‍ വച്ച് പറഞ്ഞിരുന്നു. കേരള തീരത്തെ കൊച്ചി, ബേപ്പൂര്‍, മംഗലാപുരം തുറമുഖങ്ങളുമായാണ് നിലവില്‍ ലക്ഷദ്വീപിന് കടല്‍യാത്രാ ബന്ധങ്ങളൂള്ളു. എന്നാല്‍ ഈ തുറമുഖങ്ങളേക്കാള്‍ ഏറ്റവും കുറഞ്ഞ ദൂരമേ മാഹിയില്‍ നിന്നുള്ളൂ. മാഹിയില്‍ നിന്ന് 145 കിലോമീറ്റര്‍ കടല്‍ ദൂരമാണ് ലക്ഷദ്വീപിലേക്കുള്ളൂ. പതിനൊന്നര നോട്ടിക്‌മൈലിന്റെ ദൂരക്കുറവുമുണ്ട്. എന്നാല്‍ മാഹിയില്‍ നിന്ന് പുതുച്ചേരിയിലേക്ക് 635 കിലോമീറ്റര്‍ റോഡ് ദൂരമുണ്ട്.
പണി പൂര്‍ത്തിയായിട്ടില്ലാത്ത മാഹി തുറമുഖത്തിന്റെ പ്രവേശന കവാടം കുറച്ചുകൂടി വീതി കൂട്ടുകയും തുറമുഖത്തിനകത്ത് മണ്ണ്‌നീക്കം ചെയ്യുകയും ചെയ്താല്‍ ചെറു കപ്പലുകള്‍ക്ക് മാഹി തീരത്തെത്താം. ഫ്രഞ്ച് ഭരണകാലത്ത് കപ്പലുകള്‍ വന്ന സ്ഥലമാണിത്. മയ്യഴി തുടര്‍ച്ചയായി അവഗണിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. 250 കോടിയിലേറെ വരുമാനം മാഹിയില്‍ നിന്ന് മാത്രം നികുതിയിനത്തില്‍ പ്രതിവര്‍ഷം പുതുച്ചേരി ഖജനാവിലെത്തുന്നുണ്ട്. അതിന്റെ ചെറിയൊരംശം മാത്രമേ തിരിച്ച് കിട്ടുന്നുള്ളൂ. പാതിവഴിയില്‍ നിലച്ചുപോയ വന്‍കിട പദ്ധതികളൊക്കെ ദശകങ്ങളായി പുതുച്ചേരി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ നിയമമുള്ള രാജ്യത്ത് മാഹിയില്‍ മാത്രം റേഷന്‍ പോലുമില്ല. മൂന്ന് വര്‍ഷമായി അടഞ്ഞുകിടക്കുന്ന മാഹിയിലെ ഏക പൊതുമേഖലാ സ്ഥാപനമായ മാഹി സ്പിന്നിങ്ങ് മില്‍ തുറക്കാനോ, നവികരിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും കടുത്ത അവഗണനയിലാണ്. വല്ലപ്പോഴും നടക്കുന്ന തൊഴില്‍ നിയമനങ്ങളില്‍ മയ്യഴിക്ക് സംവരണമില്ല. തൊഴിലുറപ്പ് പദ്ധതികളുമില്ല. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയിട്ട് വര്‍ഷങ്ങളേറെയായി. ഇത് മൂലം കോടികളുടെ കേന്ദ്രഫണ്ടാണ് ഓരോ വര്‍ഷവും നഷ്ടമാകുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് മയ്യഴിയെ ലക്ഷദ്വീപുമായി ഭരണപരമായി ബന്ധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്ന് വന്നത്. ഇതിന് മുന്‍കൈയെടുക്കുകയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ജനശബ്ദം മാഹി നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ലക്ഷദ്വീപ് മുന്‍ നഗരസഭാ അധ്യക്ഷനും വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ യു.കെ.സി തങ്ങളുമായി ജനശബ്ദം പ്രതിനിധികള്‍ ചര്‍ച്ച നടത്തിയപ്പോള്‍, ദീപ് നിവാസികള്‍ ഈ നിര്‍ദേശം സ്വാഗതം ചെയ്യുകയാണെന്നും വിദ്യാഭ്യാസ-ടൂറിസം-വാണിജ്യ രംഗത്ത് ഇത് ദ്വീപിന് അനുഗ്രഹമായിത്തീരുമെന്നുമാണ് യു.കെ.സി തങ്ങള്‍ പറഞ്ഞത്. പിന്നീട് ദ്വീപുകാരനായ അലി മണിക് ഫാനിന് പത്മശ്രീ ലഭിച്ചപ്പോള്‍, ജനശബ്ദം മാഹിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ വച്ച് അദ്ദേഹവും ഈ നിര്‍ദേശത്തെ ശ്ലാഘിക്കുകയായിരുന്നു. മയ്യഴിയുടേയും, ദ്വീപ് സമൂഹത്തിന്റേയും അനന്തമായ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് ഇത് വിപ്ലവകരമായ വഴിത്തിരിവാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഭാഷാ സംസ്ഥാനമെന്നതിനുമപ്പുറം, നിലവിലുള്ള മുഴുവന്‍ പ്രദേശങ്ങളേയും ചേര്‍ത്ത് നിര്‍ത്തി, സ്‌പെഷ്യല്‍ സ്റ്റാറ്റസ് സ്റ്റേറ്റ് പദവിയാണ് അനിവാര്യം. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് സന്ദര്‍ശിക്കുകയും അവിടത്തെ ഭരണകൂടവും ജനങ്ങളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. സമഗ്രമായ പഠന റിപ്പോര്‍ട്ട് വരുന്ന നിയമസഭയില്‍ അവതരിപ്പിക്കും.’
രമേശ് പറമ്പത്ത് എം.എല്‍.എ
‘ഗോവക്ക് സംസ്ഥാന പദവി നല്‍കുമ്പോള്‍, ഒപ്പമുണ്ടായിരുന്ന ദാമന്‍ -ദിയു പ്രദേശങ്ങളെ കേന്ദ്ര ഭരണ പ്രദേശമായി തന്നെ നിലനിര്‍ത്തിയിരുന്നു. പുതുച്ചേരിക്ക് സംസ്ഥാന പദവി ലഭിക്കുമ്പോള്‍ ഇതരഭാഷാപ്രദേശങ്ങളായ മാഹിയേയും യാനത്തേയും കേന്ദ്രഭരണ പ്രദേശമായി തന്നെ നിലനിര്‍ത്താം. എന്നാല്‍ മറ്റേതെങ്കിലും സംസ്ഥാനത്തോട് ലയിപ്പിക്കാന്‍ മയ്യഴിക്കാര്‍ ആഗ്രഹിക്കുന്നില്ല. ജനഹിതം മാനിച്ചുകൊണ്ടേ അത്തരമൊരു നീക്കം നടത്താനാവൂ. ഇന്‍ഡോ-ഫ്രഞ്ച് ഉടമ്പടിയിലും ഇക്കാര്യം വ്യക്തമാക്കിയതാണ്.’
ഇ.കെ.റഫീഖ് (ജനറല്‍ സെക്രട്ടറി, ജനശബ്ദം, മാഹി)