ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അവസരം നിഷേധിക്കപ്പെട്ട 14കാരി ആത്മഹത്യ ചെയ്തു. ബറാബലിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസുകാരിയാണ് മരിച്ച പെണ്‍കുട്ടി. മകള്‍ക്ക് ഫീസടക്കാന്‍ കഴിഞ്ഞില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ചതുമാണ് മകളുടെ മരണത്തിന് കാരണമെന്ന് അച്ഛന്‍ അശോക് കുമാര്‍ പറഞ്ഞു.പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ചതോടെ മകള്‍ വീട്ടില്‍ തിരികെയെത്തി മരിക്കുകയായിരുന്നുവെന്ന് അശോക് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഫീസടക്കാന്‍ കുറച്ച് സമയം കൂടി സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതവര്‍ നിരസിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. വിഷയം അന്വേഷിച്ചു വരികയാണെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് രാഹുല്‍ ബാട്ടി പറഞ്ഞു.
അധ്യാപകന്‍ പരസ്യമായി അവഹേളിച്ചതില്‍ മനം നൊന്ത് ഹൈദരാബാദില്‍ 16 കാരന്‍ ക്ലാസ് മുറിയില്‍ ജീവനൊടുക്കിയിരുന്നു. ഹൈദരാബാദ് നാര്‍സിംഗിയിലെ ശ്രീചൈതന്യ ജൂനിയര്‍ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സാത്വിക് ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ചത്. തുണി ഉണക്കാനുപയോഗിച്ചുള്ള നൈലോണ്‍ കയര്‍ ഉപയോഗിച്ചാണ് സാത്വിക് ആത്മഹത്യ ചെയ്തത്. പഠന ഭാരം താങ്ങാനാവുന്നില്ലെന്ന് വ്യക്തമാക്കി ആത്മഹത്യക്കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.