തിരുവനന്തപുരം: കശ്മീര്‍ താഴ്‌വരയിലെ ഭൗമസൂചിക പദവിയുള്ള കുങ്കുമപ്പൂവ് കണ്ടിട്ടുണ്ടോ? റോഡോഡെന്‍ഡ്രോണ്‍ എന്ന പൂവ് ചേര്‍ത്ത ഹെര്‍ബല്‍ ചായപ്പൊടിയോ? ഇവ മാത്രമല്ല കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഒരു വന്‍ ശേഖരവുമായി വൈഗ-2023 തിരുവനന്തപുരം പുത്തരിക്കണ്ടത്ത് വിസ്മയം സൃഷ്ടിക്കുകയാണ്. കശ്മീര്‍ ഉല്‍പ്പന്നങ്ങളെകൂടാതെ, ആന്ധ്രപ്രദേശ്, ആസാം, സിക്കിം, തമിഴ്‌നാട്, കര്‍ണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും കേരള കൃഷിവകുപ്പിന്റെ വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും മേളയില്‍ ലഭ്യമാണ്.
കാര്‍ഷികമേഖലയില്‍ മൂല്യവര്‍ധിത ശൃംഖലയുടെ വികസനം എന്ന ആശയത്തില്‍ വൈഗ കാര്‍ഷിക പ്രദര്‍ശനം ഇന്നലെ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി. കാര്‍ഷിക മൂല്യവര്‍ദ്ധനവിന്റെ സാധ്യതകള്‍ തുറന്നുകാണിക്കുന്ന തീംസ്റ്റാളിലൂടെയാണ് പ്രവേശനം ആരംഭിക്കുന്നത്. പത്മശ്രീ ചെറുവയല്‍ രാമന്റെകട്ടൗട്ടിനൊപ്പവും കൃഷിയാവശ്യത്തിന് പറന്നുനടക്കുന്ന ഡ്രോണിനൊപ്പവും സെല്‍ഫിയെടുക്കാം. കൃഷിവകുപ്പിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച ബ്രാന്‍ഡായ ‘കേരള്‍അഗ്രോ’യില്‍ ലിസ്റ്റ് ചെയ്ത ഉല്‍പന്നങ്ങള്‍ പരിചയപ്പെടുവാന്‍ അവസരം ആദ്യസ്റ്റാളില്‍ തന്നെയുണ്ട്.
അതിരപ്പിള്ളി ട്രൈബല്‍ വാലി പ്രോജക്റ്റിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള വിവിധയിനം വനഉല്‍പ്പന്നങ്ങള്‍ മേളയുടെപ്രധാന ആകര്‍ഷണമാണ്. പൂര്‍ണമായും വനത്തില്‍ നിന്നും ശേഖരിക്കുന്ന കുരുമുളക്, ഏലം, മഞ്ഞള്‍, ശുദ്ധമായ കോഫിപൗഡര്‍, മഞ്ഞകൂവപ്പൊടി,ചീവിക്കപൊടി, തെള്ളി (വനത്തില്‍ നിന്നുംലഭിക്കുന്ന ഒരിനം കുന്തിരിക്കം), കുടംപുളി, ഇഞ്ചി, മുളയരി എന്നിവ പരിചയപ്പെടാനും വാങ്ങാനും കഴിയും. രാജ്യത്തെ ആദ്യകാര്‍ബണ്‍ ന്യൂട്രല്‍ ഫാം ആയ ആലുവ സ്റ്റേറ്റ് സീഡ്ഫാമിന്റെ സ്റ്റാളില്‍ നിന്നും വിവിധയിനം ജൈവകാര്‍ഷിക ഉത്പാദനോപാധികള്‍ ലഭിക്കും. ഗുണപജല, വെര്‍മിവാഷ്, അമിനോഫിഷ്, മൈക്കോറൈസ്, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ തവിടോടുകൂടിയ പുട്ടുപൊടി, സംശുദ്ധമായ ജൈവ അരി, വെട്ടുമാങ്ങ അച്ചാര്‍, റാഗിപൊടി, മഞ്ഞള്‍പൊടി തുടങ്ങിയവ സ്വന്തമാക്കാം.
കേരളകാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ സ്റ്റാളുകളുടെ ഒരുശൃംഖല തന്നെ ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് മില്ലറ്റ് എക്‌സ്‌പോയിലൂടെയാണ് യൂണിവേഴ്‌സിറ്റി സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ചാമ, കുതിരവാലി, ജോബ്ടിയേഴ്‌സ്, തിന, വരക്, കൂവരവ് തുടങ്ങിയ ചെറുധാന്യങ്ങളെയും അവയുടെ ചെടികളെയും പരിചയപ്പെടാന്‍ കഴിയും. ഇവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളും പ്രദര്‍ശനത്തിനായിട്ടുണ്ട്. തുടര്‍ന്ന് ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് ടെറേറിയം, ഡ്രൈഫ്‌ളവര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും വിവിധയിനം വാഴയിനങ്ങളായ പിസാംഗ്‌ജെറി ബവായ, പിസാംഗ്‌സെറിബു, സകായി, ചൈനീസ് കാവണ്ടിഷ് തുടങ്ങിയവയെയും പരിചയപ്പെടുവാന്‍ സാധിക്കും. വിവിധഇനം മഞ്ഞള്‍ ഇനങ്ങളായ കാന്തി, ശോഭ, സോന, വര്‍ണ എന്നിവയും നാളികേര സങ്കരഇനങ്ങള്‍, തേന്‍ ഉല്‍പ്പന്നങ്ങള്‍ തേങ്ങയില്‍ നിന്നും ചക്കയില്‍ നിന്നുമുള്ള വാക്വംഡ്രൈഡ് ഉല്‍പ്പന്നങ്ങള്‍ എന്നുതുടങ്ങി ഒരുകര്‍ഷകന്മൂല്യവര്‍ധിതഉല്‍പ്പന്നങ്ങളുടെമേഖലയിലേക്ക്വെളിച്ചംവീശുകയാണ്കാര്‍ഷികസര്‍വകലാശാലസ്റ്റാളുകള്‍.
മറ്റു സംസ്ഥാനസ്റ്റാളുകളില്‍ കാശ്മീരി ആപ്പിള്‍, വാല്‍നട്ട്, ഡ്രൈഫ്രൂട്ട്‌സ്, തേങ്ങയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഓരോപ്രദേശത്തെയും പ്രത്യേകത നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുവാനും വാങ്ങുവാനും സാധിക്കും കേന്ദ്രകാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെ സ്റ്റാളുകള്‍ നബാര്‍ഡ് ധനസഹായംനല്‍കുന്ന ഏജന്‍സികളുടെ സ്റ്റാളുകള്‍, എസ്.എഫ്.എ.സിയുടെ ആഭിമുഖ്യത്തിലുള്ള വിവിധ കര്‍ഷക ഉത്പാദക കമ്പനികളുടെയും സംഘടനകളുടെയുംസ്റ്റാളുകള്‍ തുടങ്ങിയവ കര്‍ഷകര്‍ക്കും കാര്‍ഷികസംരംഭങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കും ഈ മേഖലയുടെ സാധ്യതകള്‍ വിളിച്ചോതുന്നവയാണ്.
കാര്‍ഷികമൂല്യവര്‍ധിത മേഖലയിലേക്ക് ആകര്‍ഷകരായി വരുന്ന സംരംഭകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുവാനും വഴികാട്ടിയാകുവാനും വൈഗയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കാര്‍ഷികമേഖലയിലെസാധ്യതകള്‍ അറിയിച്ചുകൊണ്ട് നബാര്‍ഡിന്റെയും കാര്‍ഷികഅടിസ്ഥാന സൗകര്യനിധിയുടെയും എസ്.എഫ്.എ.സിയുടെയും സ്റ്റാളുകള്‍ ഇവിടെയുണ്ട്. വിശദമായ പദ്ധതിരേഖകള്‍ തയ്യാറാക്കി നല്‍കുന്നതില്‍ കാര്‍ഷിക ബിസിനസ് ഇന്‍കുബേറ്ററുംതയ്യാര്‍. കര്‍ഷകക്ഷേമനിധിബോര്‍ഡിന്റെസ്റ്റാളില്‍ സൗജന്യമായിരജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാം. പച്ചക്കറിവിത്തുകള്‍ തൈകള്‍ ഉല്‍പാദനോപാദികള്‍, ജൈവകീടനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ വില്‍പനശാലകള്‍ നിരവധിയുണ്ട്. കോട്ടൂര്‍ക്കോണം, മൂവാണ്ടന്‍, ആള്‍ സീഡണ്‍ തുടങ്ങിയ വിവിധയിനം മാവിനങ്ങള്‍ മുട്ടന്‍ വരിക്ക, തേന്‍വരിക്ക, വിയറ്റ്‌നാം ഏര്‍ലി തുടങ്ങിയ പ്ലാവിനങ്ങള്‍, അലങ്കാരസസ്യങ്ങള്‍, പഴവര്‍ഗ്ഗ വിളകളുടെ തൈകള്‍ തുടങ്ങിയവ നഴ്‌സറികളിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാം. കാര്‍ഷികപ്രദര്‍ശനത്തിന് പുറമേ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് രണ്ടുവരെയാണ് വൈഗ കാര്‍ഷിക പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.