ചാലക്കര പുരുഷു
തലശ്ശേരി: കടത്തനാടിന്റെ പേരും പെരുമയും വാനോളമുയര്‍ത്തിയ വീരയോദ്ധാവ് തച്ചോളി ഒതേനന്റെ ഒടുവിലത്തെ അങ്കം നടന്ന പൊന്ന്യം ഏഴരക്കണ്ടം അങ്കത്തട്ടില്‍ രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ കളരിഗുരുക്കന്മാരും എണ്ണം പറഞ്ഞ പോരാളികളും അങ്കത്തട്ടില്‍ അഗ്‌നി ചിതറുന്ന പോരാട്ടം നടത്തുമ്പോള്‍, അങ്ങകലെ മേപ്പയില്‍ ഒതേനന്‍ ജനിച്ചു വളര്‍ന്ന തച്ചോളി മാണിക്കോത്ത് തറവാട്ട് ക്ഷേത്രത്തില്‍ ഒതേനന്റെ തെയ്യം രൗദ്രഭാവം പൂണ്ട് ചടുല നടനമാടുകയാണ്. പന്തിരായിരം ശിഷ്യരുടെ ഗുരുക്കളായ കതിരുര്‍ ഗുരി ക്കളുമായി കുംഭം 9 മുതല്‍ 11 വരെയാണ് ഏഴരക്കണ്ടത്തില്‍ വച്ച് അങ്കം നടന്നത്. അങ്കം ജയിച്ച ഒതേനനെ കതിരൂര്‍ ഗുരിക്കളുടെ അരുമശിഷ്യന്‍ ചുണ്ടങ്ങാപ്പൊയിലിലെ മായന്‍പക്കി നെറ്റിത്തടത്തില്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടി ഉതിര്‍ക്കുകയായിരുന്നു.
വീട്ടിലെത്തിയ ഒതേനന്‍ എന്നന്നേക്കുമായി കണ്ണടച്ചു. ഈ ഓര്‍മ്മ നാളുകളിലാണ് പിറന്ന തറവാട്ടില്‍ തെയ്യങ്ങള്‍ കെട്ടിയാടുന്നതും, മുപ്പത്തിരണ്ടാം വയസ്സില്‍ അറുപത്തിനാലാം അങ്കം ജയിച്ചിട്ടും ജീവന്‍ നഷ്ടപ്പെടണ്ടി വന്നതും, ജീവന്‍മരണ പോരാട്ടത്തിന്റെ രണ സ്മരണകള്‍ ഇരമ്പുന്ന കളരിയങ്കം അരങ്ങേറിയതും. ഓരോ പോരാളിയുടേയും, ആയോധന കലകളെ നെഞ്ചേറ്റുന്നവരുടേയും സിരകളില്‍, അഗ്‌നി കോരിയിടുന്ന മുഹൂര്‍ത്തങ്ങളാണ് കടത്തനാടന്‍ കളരിയിലെ എക്കാലത്തേയും വിസ്മയങ്ങളായ വീരയോദ്ധാക്കളുടെ കെട്ടിയാട്ടങ്ങള്‍ കാണികളിലുണര്‍ത്തുന്നത്. ഒതേനന്റെ മരണത്തോടെ ദേവാംശമായി കുടികൊള്ളുന്ന തച്ചോളി മാണിക്കോത്ത് തറവാട് കാലാന്തരത്തില്‍ ക്ഷേത്രമായി മാറുകയായിരുന്നു.
ഒതേനന്റെ ആയുധങ്ങള്‍ ഇവിടെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒതേനക്കുറുപ്പിനൊപ്പം ജ്യേഷ്ഠന്‍ കോമക്കുറുപ്പും, സന്തത സഹചാരിയായ ചാപ്പനും, അനന്തിരവന്‍ കേളു കറുപ്പും ഇവിടെ തെയ്യരുപങ്ങളായി കെട്ടിയാടുന്നുണ്ട്. ഒതേനനെ പൊന്ന്യം വയലില്‍ ഒളിച്ചിരുന്ന് വെടിവെച്ച മായന്‍ പക്കിയെ തത്സമയം അമ്പെയ്ത് കൊല്ലുകയും, വെടിയേറ്റ് വീണ ആരാധ്യപുരുഷന് ഇളനീര്‍ വെള്ളം നല്‍കിയ പുള്ളുവനും തൊട്ടടുത്ത് ക്ഷേത്രമുണ്ട്.
പൊന്ന്യം കളരിക്കടുത്ത് ഇന്നത്തെ മയ്യഴി പ്രദേശത്തെ പന്തക്കലില്‍ തന്റെ ഭാര്യ വീടായ ഉണ്ടവീടിന് മുന്നിലുള്ള പന്തോകൂലോത്ത് ക്ഷേത്രത്തില്‍ ഒതേനന്‍ തന്റെ തറവാട്ടിലെ ശക്തി ചൈതന്യമായ പര ദേവതയെ ആവാഹിച്ച് കുടിയിരുത്തിയിട്ടുണ്ട്. പൊന്ന്യത്ത് അങ്കത്തിന് പോകുമ്പോഴൊക്കെ ഭാര്യ വീടിന് ചേര്‍ന്നുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏഴിലംപാലയില്‍ കെട്ടിയാണ് കച്ചമുറുക്കിയിരുന്നത്. ഒതേനന്റെ ആയുധങ്ങള്‍ സൂക്ഷിച്ചുവച്ച ഈ വീട്ടിലെ മുറി തുറക്കാറില്ല. പാല പൂത്താല്‍ പന്തക്കല്‍ പ്രദേശമാകെ മാസങ്ങളോളം ഒതേനന്റെ ഓര്‍മകളുടെ സുഗന്ധം പരന്നൊഴുകും.