കോഴിക്കോട്: കേരളത്തിലെ ജനറല്‍ സര്‍ജന്മാരുടെ സംസ്ഥാനതല പെരിഫറല്‍ മീറ്റ് നാളെയും മറ്റന്നാളും മലബാര്‍ മെഡിക്കല്‍കോളേജ് ഉള്ളിയേരിയില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദഗ്ധ സര്‍ജന്മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അമിതവണ്ണം നിയന്ത്രിക്കാനുള്ള സര്‍ജറി, റോബോട്ടിക് സര്‍ജറി, താക്കോല്‍ദ്വാര ശസ്ത്രക്രിയയിലെ പുതിയ ആശയങ്ങള്‍, അന്നനാള അര്‍ബുദം, കരള്‍ സംബന്ധമായ ചികിത്സയിലെ ആധുനിക രീതികള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ പ്രഗല്‍ഭര്‍ സംസാരിക്കും. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റേയും എം.എം.സിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിന്റേയും ആഭിമുഖ്യത്തിലാണ് പരിപാടി. ജനറല്‍ സര്‍ജറി വകുപ്പ് മേധാവി ഡോ.എം.പി ശശി ചെയര്‍മാനായും ഡോ.ദിനേശ്ബാബു ജനറല്‍സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എ.എസ്.ഐ കേരള ചെയര്‍മാന്‍ ഡോ. ബിന്നി ജോണിന്റെ അധ്യക്ഷതയില്‍ എം.എം.സി ചെയര്‍മാന്‍ അനില്‍കുമാര്‍ നാളെ രാവിലെ 9.45ന് പരിപാടി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തിന്‍ ഡോ.എം.പി ശശി, ഡോ.ഹാരിസ്, ഡോ.ആശ, ഡോ. ജോസ്, ഡോ.ജാസിറ പി.എം എന്നിവര്‍ പങ്കെടുത്തു.