മരണം കുറിക്കപ്പെടുന്ന മാതൃഭാഷകള്‍

മരണം കുറിക്കപ്പെടുന്ന മാതൃഭാഷകള്‍

ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനം

ടി.ഷാഹുല്‍ ഹമീദ്

ഭാഷയുടെ പ്രാധാന്യം: ആശയവിനിമയത്തിന് മനുഷ്യന്‍ സ്വായത്തമാക്കിയ അത്ഭുത സിദ്ധിയാണ് ഭാഷ. മനുഷ്യകുലത്തിന്റെ സകല വികാസത്തിനും നിദാനമായത് ഭാഷയാണ്. വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത സംസ്‌കാരത്തിന്റെ, വൈജാത്യത്തിന്റെ , തിരിച്ചറിയലിന്റെ വേദിയാണ് ഭാഷ. ഭാഷയെ വൈയക്തികമായ ആശയവിനിമയോപാധിയായി വിവരിക്കുമ്പോള്‍ തന്നെ സൂക്ഷ്മ രീതിയില്‍ അത് സാമൂഹിക വികസനത്തിന്റെ നിര്‍ണായക ഘടകങ്ങളില്‍ ഒന്നാണ്. ഭാഷ മനുഷ്യരെ മറ്റു ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തരാക്കി തീര്‍ക്കുന്ന സവിശേഷ പ്രതിഭാസമാണ്. മനസ്സ്, ചിന്ത, ഭാവന , പങ്കുവയ്ക്കല്‍ , സംസ്‌കാരം , ലോക ബോധം , ആശയവിനിമയം എന്നിങ്ങനെ ജീവിതം പൂര്‍ണമായിത്തന്നെ ഭാഷയുടെ ആവിഷ്‌കാര മണ്ഡലത്തിന്റെ കീഴിലാണ്. സാര്‍ത്ഥകമായി മനുഷ്യരെ തമ്മില്‍ പ്രാഥമികമായി വേര്‍തിരിക്കുന്ന ഒന്നാമത്തെ ആന്തരിക സവിശേഷതയാണ് ഭാഷ. മനുഷ്യന്‍ സംസാരിക്കുന്ന ജീവിയാണ്. മാതൃഭാഷയുടെ സവിശേഷതയായ ദ്വിത്വ ഘടന (duality ) സര്‍ഗാത്മകത , പുതിയ ആശയങ്ങള്‍ , സാങ്കല്‍പികത (arbitrariness) പാരസ്പരികത (Inter changeability) എന്നിവ നിലനിര്‍ത്തുന്നതിനാണ് അന്താരാഷ്ട്ര മാതൃഭാഷ ദിനം യുനോസ്‌കോയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 21ന് ആചരിക്കുന്നത്.

ചരിത്രം: ലോകത്ത് 40% ജനങ്ങള്‍ക്ക് സ്വന്തമായി മനസിലാക്കുവാന്‍ കഴിയുന്ന വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സൗകര്യമില്ല. വ്യത്യസ്ത ഭാഷകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ മാതൃഭാഷ ആദ്യഭാഷയായി പഠിപ്പിക്കണമെന്ന ആശയമാണ് മാതൃഭാഷാ ദിനത്തില്‍ പ്രചരിപ്പിക്കുന്നത്. 1999ല്‍ യുനെസ്‌കോവിന്റെ നേതൃത്വത്തില്‍ ലോക ഭാഷാ ദിനമായി പ്രഖ്യാപനം നടത്തുകയും , 2002ല്‍ യു.എന്‍ ജനറല്‍ അസംബ്ലി അത് അംഗീകരിക്കുകയും ചെയ്തതോട് കൂടിയാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 2007ല്‍ ഐക്യരാഷ്ട്രസഭ ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷകളെ സംരക്ഷിക്കണം എന്ന് ആഹ്വാനം നല്‍കുകയും ലോകം 2008 ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഭാഷാവര്‍ഷമായി ആചരിച്ചുവെങ്കിലും മാതൃഭാഷകള്‍ പലതും മരണ വക്കിneണ്. 2023ലെ ലോക ഭാഷാ ദിനത്തിന്റെ സന്ദേശം ‘വ്യത്യസ്ത ഭാഷാ പഠനം വിദ്യാഭ്യാസത്തിന്റെ പരിഷ്‌കരണത്തിന് അത്യാവശ്യം എന്നതാണ്’. വിദ്യാഭ്യാസം മാറ്റത്തിന് വിധേയമാകുന്ന ഘട്ടത്തില്‍ വ്യത്യസ്ത ഭാഷാപഠനം മാതൃഭാഷക്ക് ഗുണകരമാകും എന്നതിലാണ് ഈ വര്‍ഷം ഇങ്ങനെ ഒരു തീം തെരഞ്ഞെടുത്തത്.

ലോകത്തിന്റെ ഭൗമോപരിതലത്തില്‍ നിന്നും മാതൃ ഭാഷകള്‍ അപ്രത്യക്ഷമാവുകയും നിലനില്‍പ്പിന് ഭീഷണി നേരിടുകയും അസ്തിത്വം ഒരു ചോദ്യചിഹ്നമായി മാറുകയും ചെയ്യുന്ന ഘട്ടത്തിലാണ് ലോകം മാതൃഭാഷാ ദിനം ആചരിക്കുന്നത്. ലോകത്ത് നിലവിലുള്ള 7151 ഭാഷകളില്‍ 43% ഭാഷകളും ഭീഷണിയെ നേരിടുന്നു. ഭാഷാ ദിനം ആദ്യമായി ആചരിച്ചത് ബംഗ്ലാദേശിലാണ്. 1952 ഫെബ്രുവരി 21ന് ബംഗ്ലാദേശില്‍ ഭാഷാ പ്രസ്ഥാനത്തിന്റെ പ്രതിരോധ സമരത്തില്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശില്‍ ഭാഷ ദിനം ആചരിച്ചു വന്നത്. 1948 ല്‍ പാക്കിസ്ഥാന്‍ ഉര്‍ദുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചപ്പോള്‍ ബംഗ്ലാ ഭാഷ സംസാരിക്കുന്ന പ്രദേശത്തുകാര്‍ ഉയര്‍ത്തിയ വലിയ വെല്ലുവിളികളുടെ സ്മരണക്കായാണ് ലോകത്ത് നിലവില്‍ മാതൃഭാഷാ ദിനം ആചരിക്കുന്നതിന്റെ ചരിത്രപശ്ചാത്തലം. അന്താരാഷ്ട്ര തലത്തില്‍ 2022 മുതല്‍ 2032 വരെ അന്യം നിന്ന് പോകുന്ന ഭാഷകളെ സംരക്ഷിക്കുന്നതിന് ദശാബ്ദ വര്‍ഷം ആചരിച്ച് വരുന്നുണ്ടെകിലും രണ്ടാഴ്ചയില്‍ ഒരു ഭാഷ ലോകത്തുനിന്ന് അപ്രത്യക്ഷമാകുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

നിലവിലുള്ള അവസ്ഥ :

ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ലോകത്ത് ഒമ്പതിനായിരം ഭാഷകള്‍ ഉണ്ടായിരുന്നു. അത് ഇരുപത്തിമൂന്നാം നൂറ്റാണ്ട് ആകുമ്പോഴേക്കും 100 ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. ലോകത്ത് വലിയ രീതിയില്‍ പലായനം നടക്കുന്നതിനാല്‍ 40% ഭാഷകളും വരുംനാളുകളില്‍ അപ്രത്യക്ഷമാകും. വികസനം ലോകത്ത് വ്യത്യസ്ത രീതിയില്‍ നടക്കുന്നതോടുകൂടി പല ഭാഷകളും നിലനില്‍പ്പിനായി പ്രയാസപ്പെടും. ലോകത്ത് നിലവിലുള്ള ഭാഷകളില്‍ ബഹുഭൂരിഭാഗവും സ്വദേശി ഭാഷകളാണ്. ഭാഷകളുടെ നിലനില്‍പ്പ് സംസാരിക്കുന്നവരുടെ എണ്ണം , പ്രമാണികരണം , നിയമപരമായ അംഗീകാരം , സ്വാഭാവിക ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. 1971 മുതല്‍ പതിനായിരത്തില്‍ താഴെ ആളുകള്‍ സംസാരിക്കുന്ന ഭാഷകളെ തദ്ദേശീയ ഭാഷകള്‍ എന്നറിയപ്പെടുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷകള്‍ ഉള്ളത് പപ്പുവ ന്യൂ ഗിനിയ (Papua New Guinea) എന്ന ദ്വീപ് രാഷ്ട്രത്തിലാണ്, 3.9 ദശലക്ഷം ജനങ്ങള്‍ 828 ഭാഷകള്‍ സംസാരിക്കുന്നു. ഇന്‍ഡോനേഷ്യയില്‍ 700 ഭാഷകളും നൈജീരിയയില്‍ 527 ഭാഷകളും ഇന്ത്യയില്‍ 456 ഭാഷകളും അമേരിക്കയില്‍ 337 ഭാഷകളും ജനങ്ങള്‍ സംസാരിക്കുന്നുണ്ട്. നിലവിലുള്ള ബഹുഭൂരിഭാഗം ഭാഷകളും കുറച്ചുപേര്‍ മാത്രം സംസാരിക്കുന്ന ഭാഷകളാണ്. ലോകത്തെ പകുതിയിലധികം ജനങ്ങളും 23 പ്രധാന ഭാഷകളാണ് നിലവില്‍ സംസാരിക്കുന്നത്.
ചൈനയിലെ മാണ്ടറിനാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നതെങ്കിലും 38 രാജ്യങ്ങളില്‍ മാത്രമാണ് ആ ഭാഷ സംസാരിക്കുന്നത്, 146 രാജ്യങ്ങളില്‍ സംസാരിക്കുന്ന ഇംഗ്ലീഷ് ആണ് ലോകത്തെ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ സംസാരിക്കുന്ന ഭാഷ. ലോകത്ത് 196 രാജ്യങ്ങളില്‍ 90% ഭാഷകളും ഒരു ലക്ഷത്തിന് താഴെ മാത്രമേ ആളുകള്‍ സംസാരിക്കുന്നുള്ളൂ.

150 മുതല്‍ 200 ഭാഷകള്‍ ഒരു ദശലക്ഷം പേര്‍ സംസാരിക്കുന്നു. 46 ഭാഷകള്‍ ഒരാള്‍ മാത്രമേ സംസാരിക്കുന്നുള്ളൂ. ഏഷ്യയില്‍ 2294 ഭാഷകളും ആഫ്രിക്കയില്‍ 2144 ഭാഷകളും സംസാരിക്കുന്നു, വടക്കനമേരിക്കയില്‍ മാത്രം 165 സ്വദേശി ഭാഷകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് അതില്‍ എട്ടെണ്ണം പതിനായിരം പേര്‍ മാത്രം സംസാരിക്കുന്ന ഭാഷകളാണ്. യൂറോപ്യന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയ കഴിഞ്ഞ 500 വര്‍ഷത്തിനിടയില്‍ വിവിധ രാജ്യങ്ങളില്‍ സ്വദേശികളായ ഭാഷകള്‍ക്ക് അസ്ഥിത്വ പ്രശ്‌നം നേരിട്ടു. ഓസ്‌ട്രേലിയയില്‍ 100 ആദിമമായ ഭാഷകള്‍ യൂറോപ്യന്മാര്‍ വരുന്നതിനു മുമ്പുണ്ടായിരുന്നെങ്കിലും യൂറോപ്യന്മാരുടെ ആഗമനത്തിനുശേഷം ആ ഭാഷകള്‍ മുഴുവനും അപ്രത്യക്ഷമായി. ബി.സി രണ്ടാം നൂറ്റാണ്ടില്‍ ഏഴു ഭാഷകളാണ് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായതെങ്കില്‍ പിന്നീട് തീപിടിച്ചത് പോലെയാണ് ഭാഷകള്‍ ലോകത്ത് നിന്നും അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്. അടുത്തവര്‍ഷങ്ങളില്‍ പല ഭാഷകള്‍ക്കും രൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും എന്നാണ് കണക്കാക്കപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെ മാറ്റം , പാലായനം , വിവിധ ജനവിഭാഗങ്ങളില്‍ കണ്ടുവരുന്ന കുടിയേറ്റം എന്നിവ പല ഭാഷകള്‍ക്കും താങ്ങാന്‍ കഴിയാത്ത രീതിയില്‍ മുരടിപ്പ് ഉണ്ടാക്കി കൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ അവസ്ഥ:

ഇന്ത്യയില്‍ ഓരോ 11 കിലോമീറ്റര്‍ താണ്ടുമ്പോഴും പുതിയ ഒരു ഭാഷ കാണാന്‍ സാധിക്കുന്നതാണ്. 2018ലെ യൂനസ്‌കോയുടെ കണക്ക് പ്രകാരം 456 ഭാഷകളില്‍ 42 ഇന്ത്യന്‍ ഭാഷകള്‍ പതിനായിരത്തില്‍ താഴെ പേര്‍ മാത്രമേ സംസാരിക്കുന്നുള്ളൂ, അത് ഉടന്‍ അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലും , ഒഡീഷ്യയിലും ഇങ്ങനെ ഭാഷകള്‍ അപ്രത്യക്ഷമാകുന്നുണ്ട്.

2018 ജൂണ്‍ മുതല്‍ സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധിതമായി പഠിപ്പിക്കണമെന്ന നിയമം കേരളത്തില്‍ ഉണ്ട്. ഇന്റര്‍നെറ്റ്, പുതിയ ആപ്പുകള്‍ എന്നിവ വന്നതോടെ പുതിയ ഭാഷകള്‍ പഠിക്കുന്നതിന് കേരളീയര്‍ അഭിനിവേശം കാണിക്കുന്നു. ആഗോളവല്‍ക്കരണം യാഥാര്‍ത്ഥ്യമായതോടുകൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിക്ക് വിവിധ ഭാഷകള്‍ പഠിക്കണമെന്ന നിര്‍ബന്ധ സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ ലോകത്തിലെ ആയിരക്കണക്കിന് ഭാഷകള്‍ നിലനില്‍പ്പിന് പ്രയാസപ്പെടുകയാണ്. സര്‍ഗാത്മക സാഹിത്യത്തിന്റെ ഉയരത്തിലും , വൈജ്ഞാനിക സാഹിത്യത്തിന്റെ കാര്യത്തിലും ലോക ഭാഷകള്‍ക്കൊപ്പം എത്തി നില്‍ക്കുന്ന മലയാളം ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ പദസഞ്ചയം രൂപപ്പെടുത്തുന്നതില്‍ പ്രയാസമനുഭവപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ വൈവിധ്യപൂര്‍ണ്ണമായിട്ടുള്ള അര്‍ത്ഥം ചോരാതെയുള്ള പദസഞ്ചയം മലയാളത്തില്‍ ഉണ്ടാകേണ്ടതായിട്ടുണ്ട് . മലയാള ഭാഷക്ക് ശ്രേഷ്ട പദവി നേടിയിട്ടും സ്വന്തമായി മലയാളം സര്‍വകലാശാല ഉണ്ടായിട്ടും മലയാളത്തിന് പൂര്‍ണമായ അംഗീകാരം പല ഔദ്യോഗിക സ്ഥലങ്ങളിലും കിട്ടുന്നില്ല. സാംസ്‌കാരിക വൈവിധ്യത്തോടെ ബഹുഭാഷത്വം പ്രചരിച്ച് മുന്നേറുന്ന, മാറുന്ന ലോകക്രമത്തില്‍ വലിയ പ്രതിസന്ധിയും അസ്ഥിത്വ പ്രശ്‌നവും മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ നേരിടുന്നുണ്ട്, ഇത് പരിഹരിക്കാന്‍ കാലാനുസൃതമായിട്ടുള്ള ഇടപെടലുകളും നടപടികളും എടുത്താല്‍ മാത്രമേ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ ലോകത്തിന്റെ മാറ്റത്തിനോടൊപ്പം പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ.

 

Share

Leave a Reply

Your email address will not be published. Required fields are marked *