ചാലക്കര പുരുഷു
തലശ്ശേരി: ഒരു നാടിന്റെ ഹൃദയതാളമായി മാറിയ, സപ്തദിനങ്ങള്‍ നീണ്ടുനിന്ന ഉത്തര കേരളത്തിലെ പുരാതന തെയ്യാട്ട കേന്ദ്രമായ അണ്ടല്ലൂര്‍ കാവിലെ ലക്ഷങ്ങള്‍ പങ്കെടുത്ത മഹോത്സവത്തിന് ഇന്ന് പുലര്‍ച്ചെ പരിസമാപ്തിയായി. അതിരാളനും മക്കളും ക്ഷേത്രാങ്കണത്തില്‍ ചുവട് വച്ചാടിയ മനോഹരമായ പുലരി കണി കണ്ടാണ് അണ്ടല്ലൂരില്‍ ഇന്നലെ പ്രഭാതം പുലര്‍ന്നത്. പിന്നീട് തൂവക്കാലി മുതല്‍ നാഗഭഗവതി വരെ ഭക്തരെ അനുഗ്രഹിക്കാനെത്തി. ഉച്ചക്ക് ബാലിസുഗ്രീവ യുദ്ധത്തിന് ശേഷം വൈകീട്ട് വരെ ഇടവേള. സന്ധ്യക്ക് തിരുമുടിയണിഞ്ഞ് ദൈവത്താറും അങ്കക്കാരനും , ബപ്പൂരനും നേര്‍ച്ചകള്‍ ഏറ്റുവാങ്ങി. ഇതിനിടെ കൊട്ടിലിലെ കിണറ്റില്‍ ഭഗവാന്റെ ദര്‍ശനവുമുണ്ടായി. അവിടെ അരിയിട്ട് ആശിര്‍വാദം’ നെയ് പന്തങ്ങളുടെ ദീപപ്രഭയില്‍ താഴെക്കാവിലേക്ക് എഴുന്നള്ളത്ത്.
ആട്ടം, തോലും തോപ്പും വയ്ക്കല്‍. യുദ്ധത്തിനൊടുവില്‍ സിതാ ദേവിയെ, കണ്ടെത്തല്‍. വിജയശ്രീലാളിതനായി വാനരപ്പടയോടൊപ്പം തിരിച്ചെഴുന്നള്ളത്ത്. എതിരേല്‍ക്കാന്‍ ക്ഷേത്രം വക കരിമരുന്ന് പ്രയോഗം, തട പൊളിച്ചു പാച്ചല്‍, കുളത്തില്‍ അരിയിടല്‍, വില്ലുകാര്‍ക്ക് നന്ദിയര്‍പ്പിച്ചുള്ള തട്ടിയടുപ്പിക്കല്‍ എന്നിവ നടക്കുമ്പോഴേക്കും നേരം പുലര്‍ന്നു. തിരുമുടി നിലവറയില്‍ വയ്ക്കുന്നതോടെ ഏഴുനാള്‍ കരിയടുക്ക: മണ്‍മറഞ്ഞവരുടെ ഉത്സവനാളുകളാണത്. ജീവിച്ചിരിക്കുന്നവര്‍ ചെയ്ത അതേ ഉത്സവാചാരങ്ങളും ചടങ്ങുകളും പരേതാത്മാക്കളും ചെയ്യുമത്രെ. ഇതോടുകൂടി അണ്ടലൂര്‍ തിറ ഉത്സവം സമാപിച്ചു.
ആശാരിക്കും തട്ടാനും പെരുംകൊല്ലനും മടി അരി കൊടുക്കല്‍, വാദ്യക്കാരെ അയപ്പിക്കല്‍, അച്ചന്മാരേയും സ്ഥാനീകരേയും ആറാടിക്കല്‍, ക്ഷേത്രേശന്മാരെ വന്ദിക്കല്‍, എന്നിവ നടക്കും. പിന്നെയാണ് കൂടിപ്പിരിയല്‍. തിരുമുടി എടുത്ത് പെരുവണ്ണാനും മുന്നൂറ്റാനും ക്ഷേത്രത്തിന്റെ കന്നിമൂലയില്‍ വെറ്റിലടക്ക കൈമാറിയാണ് കൂടി പിരിയുന്നത്. ‘ വേദനാജനകമാണ് കാവിലെ ഒടുവിലത്തെ പൂജാ’ പ്രാര്‍ത്ഥനകള്‍. ദിവസങ്ങളായി ഉത്സവമേളം മുഴങ്ങിയ ക്ഷേത്രാങ്കണം ഇന്ന് നേരം പുലര്‍ന്നതോടെ പൊടുന്നനെ ശോകമൂകമായി. അവസാന വാദ്യമെന്ന നിലയില്‍ കുറുംകുഴലും കൊമ്പും മുഴക്കുന്ന ശോകനാദങ്ങള്‍ അന്തരീക്ഷത്തില്‍ നഷ്ട സ്മൃതികളായി ചിറകടിച്ചു. പ്രകൃതി പോലും നിശ്ചലമാവുന്ന മുഹൂര്‍ത്തത്തില്‍ മൂര്‍ത്തികള്‍ മൂവരും വണങ്ങുന്ന ദൈവത്താറീശ്വര തിരുമുടി അവകാശികള്‍ തട്ടാല്യത്ത് തറവാട്ടിലേക്ക് എഴുന്നള്ളിച്ചു. തറവാട്ടിലെത്തിയാല്‍ ആചാരവെടികളോടെ നിലവറയില്‍വയ്ക്കുകയും, പിന്നീട് നിര്‍മ്മാല്യം ദക്ഷിണയായി വന്നവര്‍ക്കെല്ലാം നല്‍കുകയും ചെയ്തു. കുംഭം എട്ടാം തീയ്യതി മുതല്‍ ഒരാഴ്ച പിതൃക്കളുടെ തിറയായ കരിയിടുക്കയാണ്. മണ്‍മറഞ്ഞവര്‍ക്കുള്ള അണ്ടലൂര്‍ തിറയാട്ടമെന്നാണ് പഴമൊഴി. കരിയിടുക്കനാള്‍ കഴിഞ്ഞാലേ ഉത്സവചടങ്ങിനായി ഓരോ വീട്ടിലും വാങ്ങിയ വാഴക്കുലകളുടെ തണ്ട് പോലും ഉപേക്ഷിക്കാറുള്ളൂ.