പീഡിയാട്രിക് ക്യാന്‍സറിനെപ്പറ്റി അറിയേണ്ടതെല്ലാം

പീഡിയാട്രിക് ക്യാന്‍സറിനെപ്പറ്റി അറിയേണ്ടതെല്ലാം

ഡോ. കേശവന്‍ (എം.ആര്‍,കണ്‍സള്‍ട്ടന്റ്‌, പീഡിയാട്രിക്ക് ഹേമറ്റോ ഓങ്കോളജി, ആസ്റ്റര്‍ മിംസ്, കോഴിക്കോട്)

പ്രായഭേദമന്യേ എല്ലാവരിലും ബാധിക്കാവുന്ന രോഗമാണ് ക്യാന്‍സര്‍. പീഡിയാട്രിക് ക്യാന്‍സര്‍ താരതമ്യേന അപൂര്‍വ്വമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമായി ഇന്നും തുടരുന്നു. ആളുകളില്‍ ഉണ്ടാവുന്ന ക്യാന്‍സറുകളില്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ പീഡിയാട്രിക് ക്യാന്‍സറാണ്. ഒന്ന് മുതല്‍ 19 വയസ്സുള്ള കുട്ടികളില്‍ ശരാശരി 300,000 പേര്‍ ക്യാന്‍സര്‍ ബാധിതരാവുന്നു. ലോകത്തില്‍ ഇന്ന് ഓരോ മൂന്ന് മിനിട്ടിലും കുട്ടികള്‍ ക്യാന്‍സര്‍ ബാധിതരാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ഗവേഷണങ്ങളിലൂടെയും ശാസ്ത്ര സാങ്കേതികവിദ്യയിലൂടെയും കൈവരിച്ച പുരോഗതി ക്യാന്‍സര്‍ ബാധിതരായ കുട്ടികളിലും അവരുടെ കുടുംബങ്ങളിലും കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

 

സാധാരണയായി കണ്ടുവരുന്ന പീഡിയാട്രിക് ക്യാന്‍സറുകള്‍

കുട്ടികളില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാന്‍സറുകള്‍ അക്യൂട്ട് ലുക്കീമിയയാണ്. സെന്‍ട്രല്‍ നാഡീവ്യൂഹം മുഴകള്‍, ലിംഫോമ, വില്‍ംസ് ട്യൂമര്‍, ന്യൂറോബ്ലാസ്റ്റോമ, ഓസ്റ്റിയോസാര്‍ക്കോമ പോലുള്ള അസ്ഥി മുഴകള്‍ എന്നിവയാണ് മറ്റുള്ളവ. കുട്ടികളില്‍ ഉണ്ടായിവരുന്ന ക്യാന്‍സറിന്റെ കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പക്ഷേ ജനിതകമാറ്റങ്ങളും പാരിസ്ഥിതിക ഘടകങ്ങളും ഒരു പങ്കുവഹിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

പീഡിയാട്രിക്ക് ക്യാന്‍സര്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന ഒരുപാട് ലക്ഷണങ്ങളുണ്ട്. ഉടലെടുക്കുന്ന ക്യാന്‍സറുകളനുസരിച്ച് പീഡിയാട്രിക് ക്യാന്‍സറിന്റെ ലക്ഷണങ്ങളും മാറും. എന്നാല്‍ ചില സാധാരണ ലക്ഷണങ്ങളില്‍ ശരീരഭാരം കുറയുക, വിളര്‍ച്ച, ക്ഷീണം, സന്ധികളില്‍ നീര് ഉണ്ടാവുക അല്ലെങ്കില്‍ വേദനയുണ്ടാവുക, അണുബാധ മൂലമുണ്ടാകുന്ന പനി, അമിതമായ ചതവ്, തലവേദന എന്നിവയെല്ലാം ഉള്‍പ്പെടുന്നു. വയറിലും കഴുത്തിലും ഉണ്ടാകുന്ന മുഴ എന്നിവയും ഇതില്‍ ഉള്‍പ്പെടും. നമ്മുടെ കുട്ടികളില്‍ എന്തെങ്കിലും അസാധാരണമായ ലക്ഷണങ്ങള്‍ കണ്ടാല്‍ മാതാപിതാക്കളും പരിചരിക്കുന്നവരും വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്, കാരണം നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും ഫലം മെച്ചപ്പെടുത്തും.

കാരണങ്ങളെക്കുറിച്ച് ബോധവാന്മാരാകുക

പീഡിയാട്രിക് ക്യാന്‍സര്‍ ഉടലെടുക്കുവാന്‍ പ്രത്യേകമായ ഒരു കാരണമില്ല. ഭൂരിഭാഗം കാരണങ്ങളും അജ്ഞാതമാണ്. ജനിതകമായ കാരണങ്ങള്‍, പാരിസ്ഥിതിക വിഷവസ്തുക്കളുമായുള്ള സമ്പര്‍ക്കം, ചില രീതിയിലുള്ള അണുബാധകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാവാം. കുട്ടികളില്‍ ക്യാന്‍സര്‍ രൂപപ്പെടുവാന്‍ റേഡിയേഷനുകള്‍ പ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നിലവില്‍ ഗര്‍ഭകാലത്തെ ക്യാന്‍സര്‍ തടയുവാന്‍ മാര്‍ഗങ്ങളില്ല . എന്നിരുന്നാലും, ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിലൂടെയും ദോഷകരമായ രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കുന്നതിലൂടെയും പതിവായി വൈദ്യപരിശോധന നടത്തുന്നതിലൂടെയും സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുവാന്‍ സാധിക്കും.

ചികിത്സാരീതികള്‍

പരിചയസമ്പന്നരായ വിദഗ്ധരുടെ പരിചരണമാണ് പീഡിയാട്രിക് ക്യാന്‍സറിന് ആവശ്യം. സോളിഡ് ട്യൂമറിന് കീമോതെറാപ്പി, സര്‍ജിക്കലായ നീക്കം, റേഡിയേഷന്‍ തെറാപ്പി, മജ്ജ അല്ലെങ്കില്‍ സ്റ്റെം സെല്‍ മാറ്റിവക്കല്‍ എന്നിവയുള്‍പ്പെടെ മള്‍ട്ടി ഡിസിപ്ലിനറി ടീം മാനേജ്‌മെന്റ് ആവശ്യമാണ്. ഏതെങ്കിലും അവയവങ്ങളിലോ പേശികളിലോ ഉള്ള ക്യാന്‍സറിന്റെ മുഴകള്‍ നേരത്തെ കണ്ടുപിടിച്ചാല്‍ ശസ്ത്രക്രിയയിലൂടെ വളരെ വേഗം സുഖപ്പെടുത്താം. എന്നാല്‍ ക്യാന്‍സറിന്റെ മുഴകള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ കീമോതെറാപ്പിയോ റേഡിയേഷനോ ആവശ്യമായി വന്നേക്കും.

അതിജീവനം

പ്രത്യേകമായ പരിചരണത്തിലൂടെ പീഡിയാട്രിക് ക്യാന്‍സര്‍ ഭേദമാക്കാം. നേരത്തെയുള്ള തിരിച്ചറിയിലും ദൃഢഗതിയിലുള്ള രോഗനിര്‍ണയവും ഫലം മെച്ചപ്പെടുവാന്‍ ആവശ്യമാണ്. ആദ്യ രണ്ട് വര്‍ഷത്തിലെ തെറാപ്പിയില്‍ രോഗം ആവര്‍ത്തിക്കുവാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തുടര്‍ച്ചയായുള്ള പരിചരണം ഇതിന് ആവശ്യമാണ്. ചികിത്സയ്ക്കുശേഷം ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്താതെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കണം. വൈകിയുള്ള രോഗനിര്‍ണയവും ചികിത്സയും മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി മാതാപിതാക്കളെ അവബോധവാന്മാരാക്കണം.

പീഡിയാട്രിക് ക്യാന്‍സര്‍ കേവലം കുട്ടിയെ മാത്രമല്ല ഒരു കുടുംബത്തെ മൊത്തം ഉലച്ചുകളയുന്ന വിഷമകരമായ യാഥാര്‍ഥ്യമാണ്. എന്നാല്‍ കൃത്യമായി ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിലൂടെയും, രോഗം ബാധിച്ച കുട്ടികള്‍ക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങി വരുവാനുള്ള ഊര്‍ജം നല്‍കാന്‍ സാധിക്കുന്നതിലൂടെയും ഒരു കുട്ടിക്കും ക്യാന്‍സര്‍ നേരിടേണ്ടിവരാത്ത ഒരു ഭാവിയിലേക്ക് നമുക്ക് മുന്നേറാന്‍ കഴിയും.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *