കോഴിക്കോട്: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിളര്‍ച്ച മുക്ത കേരളം ‘വിവ’ ക്യാംപയിനിന്റെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ വച്ച് നടന്നു. 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന സമ്പൂര്‍ണ്ണ അനീമിയ നിര്‍ണ്ണയ നിയന്ത്രണ ക്യാംപയിനായ വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) വിവിധ വകുപ്പുകളുടെ സംയോജിത കര്‍മ പദ്ധതിയിലൂടെ ജില്ലയിലും ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നതാണ്.
15 മുതല്‍ 59 വയസ്സ് വരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ നിര്‍ണയവും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും അനീമിയ ഇല്ലാതാക്കുന്നതിന് ഭക്ഷണ ശീലങ്ങളിലും ജീവിതശൈലിയിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ബോധവല്‍ക്കരണവും ആരോഗ്യവിദ്യാഭ്യാസവും നല്‍കുകയുമാണ് ക്യാംപയിന്‍ ലക്ഷ്യം വയ്ക്കുന്നത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് വിളര്‍ച്ച കൂടുതലായി കാണപ്പെടുന്നത്. ക്യാംപയിനിന്റെ ആദ്യഘട്ടത്തില്‍ പട്ടികവര്‍ഗ, തീരദേശ മേഖലകളിലെ സ്ത്രീകളിലാണ് രോഗനിര്‍ണ്ണയവും ചികിത്സയും നടപ്പിലാക്കുന്നത്. ജില്ലയില്‍ ആദ്യഘട്ട ഗുണഭോക്താക്കളുടെ സര്‍വേ പൂര്‍ത്തിയായി കഴിഞ്ഞു.
യോഗത്തില്‍ തദ്ദേശസ്വയംഭരണം, വനിത ശിശു വികസനം, പട്ടിക വര്‍ഗ വികസനം, ഫിഷറീസ്, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ്, ദേശീയ ആരോഗ്യ ദൗത്യം, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പറേഷന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കൗമാരക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലും സാധാരണയായി കാണുന്ന ആരോഗ്യ പ്രശ്നമാണ് അനീമിയ അഥവാ വിളര്‍ച്ച. ആര്‍ത്തവം, ആര്‍ത്തവ സമയത്തെ അമിത രക്തസ്രാവം, പ്രസവ സമയത്തെ രക്തനഷ്ടം, ഇരുമ്പ്, ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുക, വിരബാധ, രക്തസ്രാവമുണ്ടാക്കുന്ന വ്രണങ്ങള്‍, ദീര്‍ഘകാല രോഗങ്ങള്‍, അര്‍ശസ്, കാന്‍സര്‍ എന്നീ കാരണങ്ങള്‍ കൊണ്ട് അനീമിയ ഉണ്ടാകാം.
രക്തപരിശോധനയിലൂടെ അനീമിയ തിരിച്ചറിയാന്‍ സാധിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവാണ് പരിശോധിക്കുന്നത്. സാധാരണയായി 12 മുതല്‍ 15 ഗ്രാം വരെ ഹീമോഗ്ലോബിനാണ് സ്ത്രീകളുടെ രക്തത്തില്‍ കാണുക. പുരുഷന്മാരില്‍ ഇത് 13 മുതല്‍ 17 വരെയും കുട്ടികളില്‍ 11 മുതല്‍ 16 ഗ്രാം വരെയുമാണ്. ഗര്‍ഭിണികളില്‍ കുറഞ്ഞത് 11 ഗ്രാം വരെയെങ്കിലും ഹീമോഗ്ലോബിന്‍ ഉണ്ടായിരിക്കണം. ഈ അളവുകളില്‍ കുറവാണ് ഹീമോഗ്ലോബിനെങ്കില്‍ അനീമിയ ആയി കണക്കാക്കാം.
അനീമിയ തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
- ഗര്‍ഭകാലത്ത് അയണ്‍ ഫോളിക് ആസിഡ് ഗുളിക കഴിക്കുക
- കൗമാരപ്രായക്കാര്‍ അയണ്‍ ഫോളിക് ആസിഡ് ഗുളിക ആഴ്ചയില്‍ ഒന്ന് എന്ന കണക്കില്‍ ഭക്ഷണത്തിന് ശേഷം കഴിക്കുക
- ആറ് മാസത്തിലൊരിക്കല്‍ വിരശല്യത്തിനെതിരേയുള്ള ഗുളിക കഴിക്കുക
- ഇരുമ്പ് സത്തും വിറ്റമിനുകളും അടങ്ങിയ ഭക്ഷണം ദിവസവും ശീലമാക്കുക
മുരിങ്ങയില, ചീര, പയര്‍ ഇല, അഗത്തിച്ചീര, ചേമ്പില, കാബേജ് തുടങ്ങിയ പച്ചക്കറികള്‍, തവിടോട് കൂടിയ ധാന്യങ്ങള്‍, മുളപ്പിച്ച കടലകള്‍, പയറുവര്‍ഗങ്ങള്‍, ശര്‍ക്കര, മാംസം, മത്സ്യം, കോഴി, ആട്, മാട് എന്നിവയുടെ കരള്‍ തുടങ്ങിയവയില്‍ ഇരുമ്പ് സത്തും വിറ്റാമിനുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്.
- വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എല്ലാ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
- ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക.
- വീടിന് പുറത്തിറങ്ങുമ്പോള്‍ പാദരക്ഷ ഉപയോഗിക്കുക
- മലമൂത്രവിസര്‍ജ്ജനം കക്കൂസില്‍ മാത്രം നടത്തുക
- കക്കൂസില്‍ പോയതിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക