ജയന്ത്കുമാര്‍: കോഴിക്കോടന്‍ നന്മയുടെ ആള്‍രൂപം

ജയന്ത്കുമാര്‍: കോഴിക്കോടന്‍ നന്മയുടെ ആള്‍രൂപം

വീട് നന്മയുള്ള കുട്ടികളെ സൃഷ്ടിക്കുന്നു, നാട് നന്മയുള്ള മനുഷ്യരെ സൃഷ്ടിക്കുന്നു എന്നത് അന്വര്‍ത്ഥമാക്കുന്ന ഒരു വ്യക്തിത്വം നമുക്കിടയിലുണ്ട്. വീട്ടിലാണല്ലോ നമ്മുടെ സ്വഭാവ മാഹാത്മ്യം രൂപപ്പെടുന്നത്. അതുകൊണ്ടാണല്ലോ നമ്മുടെയെല്ലാം കാരണവന്മാര്‍ കുട്ടികളെ ചിട്ടയോടെ വളര്‍ത്തി അവരെ വിനയാന്വിതരും പില്‍ക്കാല ജീവിതത്തില്‍ സമൂഹത്തിന് ഉതകുന്നവരുമാക്കി വളര്‍ത്തിയിരുന്നത്. അത്തരമൊരു വ്യക്തിത്വം, നാടിനെ അടയാളപ്പെടുത്തുന്ന ഒരു നാട്ടുനന്മയുടെ ആള്‍രൂപം പതിറ്റാണ്ടുകളായി കോഴിക്കോടന്‍ നഗര ഹൃദയത്തില്‍ ജീവിക്കുന്നുണ്ട്, അതാണ് ജയന്ത് കുമാര്‍ എന്ന ജയന്ത് ഭായി. അദ്ദേഹത്തെ മാപ്പിള സേട്ടു എന്നും വിളിക്കാറുണ്ട്.

ജയന്ത് കുമാറിന്റെ വേരുകള്‍ അന്വേഷിച്ച് പോകുന്നത് രസകരമായിരിക്കും. അദ്ദേഹത്തിന്റെ പൂര്‍വികര്‍ കോഴിക്കോട്ടെത്തിയവരാണ്. അദ്ദേഹത്തിന്റെ പിതാവായ രത്തന്‍ സി.ലാല്‍ജി കച്ചവടത്തിനായാണ് കോഴിക്കോട്ടെത്തിയത്. അറബികളും ഗുജറാത്തികളും കോഴിക്കോടന്‍ തീരത്ത് നങ്കൂരമിട്ടത് കച്ചവട ആവശ്യാര്‍ത്ഥമായിരുന്നു. ആതിഥേയത്വത്തിന് പുകള്‍പ്പെറ്റ കോഴിക്കോട് അവരെ ചേര്‍ത്തുപിടിച്ചു. ആ പിടി അല്‍പം മുറുകെത്തന്നെെയായിരുന്നു. കച്ചവടത്തിന് വന്നവര്‍ നാടിന്റെ മക്കളായി മാറുന്ന പില്‍ക്കാല കാഴ്ചകള്‍ക്ക് സ്‌നേഹ സൂര്യന്റെ സൗകുമാര്യമായിരുന്നു. അവരിവിടെ സാമൂഹിക ജീവിതത്തിന്റെ അടയാളം രേഖപ്പെടുത്തി, അതാണ് നമ്മുടെ നഗരത്തിലെ ഗുജറാത്തി സ്‌കൂളും ഗുജറാത്തി തെരുവും.

കച്ചവടാവശ്യാര്‍ത്ഥം നഗരത്തിലെത്തുകയും നാടിനെ പുനഃസൃഷ്ടിക്കുകയും ചെയ്തവരാണ് കോഴിക്കോട്ടെ ഗുജറാത്തികള്‍. 1498ല്‍ വാസ്‌കോഡഗാമ കാപ്പാടെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചവരുടെ കൂട്ടത്തില്‍ ഗുജറാത്തിയായ ഒരാളുണ്ടായിരുന്നുവെന്നത് ചരിത്ര രേഖകളില്‍ കാണാം. കോഴിക്കോടന്‍ ചരിത്രത്തില്‍ ആറ് നൂറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുവരാണ് ഗുജറാത്തികള്‍. ഗുജറാത്തികളില്‍ വൈഷ്ണവര്‍, ജൈനര്‍, ബോറ മുസ്ലിംകള്‍, ലോഹാന എന്നിവരുണ്ട്. അവര്‍ അവരുടെ നാട്ടിലെ ഭക്ഷണ രീതികളും, സംസ്‌കാരവും കോഴിക്കോടന്‍ മണ്ണില്‍ പറിച്ച് നട്ടു. അതും കോഴിക്കോട് സ്‌നേഹപൂര്‍വം നെഞ്ചേറ്റി. നമ്മുടെ കപ്പയും, കുരുമുളകും, നാളികേരവും, കയറും, സുഗന്ധവ്യഞ്ജനങ്ങളും, മരവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും പഞ്ചസാരയും, പരുത്തിയും, അരിയും, മൈദയും ഇറക്കുമതി ചെയ്യുകയും ചെയ്ത് ഗുജറാത്തികള്‍ ഇവിടുത്തെ വ്യാപാരത്തിന്റെ പ്രമാണിമാരായി.

സ്വാതന്ത്ര്യ സമരത്തിലും ഗുജറാത്തികള്‍ വലിയ പങ്കാണ് വഹിച്ചത്. രക്തസാക്ഷിയെ നാടിന് നല്‍കിയവരാണ് ഗുജറാത്തികള്‍. ഗാന്ധിജിയുടെ സന്ദര്‍ശനത്തിന് കരുത്ത് പകരുകയും ചെയ്തു. 1930ല്‍ മഹാത്മാ ഗാന്ധിജി നടത്തിയ ദണ്ഡി യാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോഴിക്കോട്ടും ഗുജറാത്തി സമൂഹം ദണ്ഡിയാത്ര നടത്തിയപ്പോള്‍ ജയന്ത്കുമാറിന്റെ മുത്തച്ഛനായ ലാല്‍ജി മൂല്‍ജി ഉള്‍പ്പെടയുള്ളവരാണ് അതിന് നേതൃത്വം നല്‍കിയത്. പൈതൃകങ്ങളില്‍ നിന്നാണ് മഹത്തുക്കളുണ്ടാവുക. അത്തരത്തില്‍ നാടിന്റെ മഹത് വ്യക്തത്വമാണ് ജയന്ത്കുമാര്‍. സേവന മേഖലയിലും, കലാ-സാംസ്‌കാരിക, വികസന പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്.

മലബാര്‍ അസോസിയേഷന്‍ ഓഫ് ദ് ഡഫ് ചെയര്‍മാന്‍, കേരള ഹാര്‍ട്ട്‌കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി, ഗുജറാത്തി സ്‌കൂള്‍ മുന്‍ സെക്രട്ടറി, സിയെസ്‌കോ കുറ്റിച്ചിറ ലൈഫ് മെമ്പര്‍, മാനാഞ്ചിറ അയ്യപ്പന്‍ വിളക്ക് വൈസ് പ്രസിഡന്റ്, കേരള സ്‌റ്റേറ്റ് മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കാലിക്കറ്റ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍, ആംബുലന്‍സ് നെറ്റ്‌വര്‍ക്കിംഗ് ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സി ലൈഫ് സേവേഴ്‌സ്(എയ്ഞ്ചല്‍സ്) എക്‌സിക്യൂട്ടീവ് മെമ്പര്‍, ട്രോമാകെയറിന്റെ രക്ഷാധികാരി, കോഴിക്കോട് ആകാശവാണി ലിസണേഴ്‌സ് ഫോറം ചെയര്‍മാന്‍ തുടങ്ങി നിരവധി സംഘടനകളിലും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തന മികവിനുള്ള പ്രഥമ കെ.പി.ഹസ്സന്‍ ഹാജി മെമ്മോറിയല്‍ അവാര്‍ഡ് 2008ല്‍ ലഭിച്ചിട്ടുണ്ട്. 2002ല്‍ റോട്ടറി ക്ലബ്ബിന്റെ ബെസ്റ്റ് സെക്രട്ടറി അവാര്‍ഡും ലഭിച്ചു. അമേരിക്കയില്‍ നടന്ന ആഗോള ഇന്‍ഷുറന്‍സ് ഏജന്റ് മില്ല്യന്‍ ഡോളര്‍ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ അഞ്ചുതവണ പങ്കെടുത്തു. പ്രധാന മന്ത്രിയുടെ മന്‍കി ബാത്ത് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയും, 2018ല്‍ ഭിന്നശേഷിക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. പ്രളയ-കൊവിഡ് കാലത്ത് സഹായമെത്തിക്കുന്നതില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. ജാതി-മത ഭേദമന്യേ എല്ലാവരേയും സഹായിക്കുന്നതിനോടൊപ്പം സൗഹൃദം പങ്ക് വയ്ക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹത്തിന്റേത്.

ഇദ്ദേഹത്തിന്റെ ഭാര്യ തിരൂര്‍ സ്വദേശിനിയായ ഹന്‍സയാണ്. ഗുജറാത്ത് സ്‌കൂള്‍ പ്രിന്‍സിപ്പലായി പിരിഞ്ഞ അവര്‍, തന്റെ പൂര്‍വികരെപ്പോലെ കോഴിക്കോട് കോര്‍പറേഷന്റെ ഭരണത്തിലും പങ്കാളിയായി. കോഴിക്കോട് മുനിസിപ്പാലിറ്റി ആയിരുന്ന കാലത്ത് ഗുജറാത്തിയായ ഹരിദാസ് ഹര്‍ജീവന്‍ കൗണ്‍സിലറായിരുന്നുന്നുവെങ്കില്‍ കോര്‍പറേഷന്‍ ആയപ്പോള്‍ ഹന്‍സ ജയന്തും കൗസിലറായിരുന്നു. ട്രാവല്‍ ടൂറിസം റിസോര്‍ട്ട് സംരംഭകയും, ഫോര്‍മുല എല്‍.ജി.ബി കാര്‍ റൈഡര്‍ കൂടിയായ മകള്‍ ഹെന്ന ജയന്തും, മകന്‍ റോണക്കും, മരുമകള്‍ ശാലിനിയും ആര്‍.ജയന്ത് കുമാറിന്റെ പൊതുജീവിതത്തിന് കരുത്ത് പകര്‍ന്ന് കൂടെ തെന്നയുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *