ഗിരീഷ് ആമ്പ്ര: സാമൂഹ്യ പ്രതിബദ്ധത മുഖമുദ്രയാക്കിയ കലാകാരന്‍

ഗിരീഷ് ആമ്പ്ര: സാമൂഹ്യ പ്രതിബദ്ധത മുഖമുദ്രയാക്കിയ കലാകാരന്‍

2023ലെ പീപ്പിള്‍സ് റിവ്യൂ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായ ഗിരീഷ് ആമ്പ്ര കലയേയും സാഹിത്യപ്രവര്‍ത്തനങ്ങളേയും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കാണുന്ന അപൂര്‍വം കലാകാരന്മാരില്‍ ഒരാളാണ്. കവി, ഫോക്‌ലോറിസ്റ്റ്, ഗാനരചയിതാവ്, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയന്‍. മുപ്പത്തിയഞ്ച് വര്‍ഷത്തിലേറെയായി ഫോക്‌ലോര്‍ മേഖലയിലും ഗാനസാഹിത്യരംഗത്തും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണിദ്ദേഹം. 1971ല്‍ കുന്ദമംഗലം ആമ്പ്രമ്മല്‍ സുശീല-പരേതനായ തലക്കുളത്തൂര്‍ എടക്കര കുന്നുമ്മല്‍ കണ്ടിയില്‍ മൂത്തോറന്‍ (കൃഷ്ണന്‍) ദമ്പതികളുടെ മൂത്ത മകനായി ജനനം.

പാരമ്പര്യ കര്‍ഷക തൊഴിലാളി കുടുംബത്തില്‍ നാലാം തലമുറയില്‍ ജനിച്ച ഗിരീഷ് ആമ്പ്രയുടെ കുട്ടിക്കാലം അര്‍ദ്ധപട്ടിണിയും നൊമ്പരങ്ങളും നിറഞ്ഞതായിരുന്നു. അമ്മമ്മ ആമ്പ്രമ്മല്‍ തനിയായിയും അച്ഛമ്മ എടക്കര കുന്നുമ്മല്‍ കണ്ടിയില്‍ അരിയായിയും പകര്‍ന്നു തന്ന വടക്കന്‍ പാട്ടിന്റേയും നാട്ടിപ്പാട്ടിന്റേയും ഗാനധാര നന്നേ ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കിയ ഇദ്ദേഹം പാട്ടും പാട്ടെഴുത്തും താളവും ജന്മസിദ്ധമാണെന്നതില്‍ ഏറെ അഭിമാനിക്കുന്നു.

അച്ഛന്‍ മൂത്തോറനും (കൃഷ്ണന്‍) കുടുംബത്തിലെ പല അംഗങ്ങള്‍ക്കും നാട്ടുപാട്ടിന്റെ ഗുണം ലഭിച്ചതും പാരമ്പര്യ വഴി തന്നെ. പ്രൈമറി വിദ്യാഭ്യാസ കാലത്ത് പദ്യരൂപങ്ങള്‍ ഈണത്തില്‍ ചൊല്ലുന്ന ഗിരീഷിനെ അധ്യാപകരുടേയും സഹപാഠികളുടേയും സ്‌നേഹവാത്സ്യങ്ങള്‍ക്കുടമയാക്കി. കുന്ദമംഗലം ചൂലാംവയല്‍ മാക്കൂട്ടം മാപ്പിള യു.പി സ്‌കൂള്‍, മടവൂര്‍ ചക്കാലക്കല്‍ ഹൈസ്‌കൂള്‍, സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സമൂഹവും സംസ്‌കാരവുമായുള്ള ഇടപഴകലില്‍നിന്നും മാപ്പിളപ്പാട്ട്, തോറ്റംപാട്ട്, നാട്ടുതാളം തുടങ്ങിയവയിലും പ്രാവീണ്യം നേടാന്‍ ഇദ്ദേഹത്തിനായി.

പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ അമ്മാവന്‍ പരേതനായ എ.ബാലറാമിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഗിരീഷ് ആമ്പ്ര ബാല്യകാലത്തില്‍ തന്നെ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇടപ്പെട്ടു തുടങ്ങി. കോളേജ് പഠനകാലത്ത് ദളിത്-ആദിവാസി-സ്ത്രീ ക്ഷേമപരമായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. പില്‍ക്കാലത്ത് സാമൂഹ്യ അനീതികള്‍ക്കും ദളിത്-ആദിവാസി-സ്ത്രീ-പിന്നോക്ക സമൂഹങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കും നരഹത്യക്കുമെതിരേ ‘കൊട്ടും പാട്ടും’ എന്ന പേരില്‍ തത്സമയ സര്‍ഗാത്മക പ്രതിഷേധ സമര പരിപാടി ആവിഷ്‌കരിച്ച് സജീവമാക്കിയവരില്‍ പ്രധാനിയാണ് ഗിരീഷ് ആമ്പ്ര.

1989 മുതല്‍ സമ്പൂര്‍ണ സാക്ഷരതാ യജ്ഞം പരിപാടികളില്‍ തുടങ്ങി മൂന്ന് പതിറ്റാണ്ടിലേറെയായി സാക്ഷരതാ-തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ഗിരീഷ് ആമ്പ്ര നിലവില്‍ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സാക്ഷരതാ സമിതി കണ്‍വീനര്‍ കൂടിയാണ്. 1990 മുതല്‍ ആകാശവാണിയിലും ആനുകാലികങ്ങളിലും കവിതകളും ലളിതഗാനങ്ങളും എഴുതി അവതരിപ്പിച്ചു തുടങ്ങി. 1997ല്‍ സിനിമാ സംവിധായകനും ദേവഗിരി കോളേജിലെ തന്റെ സഹപാഠിയുമായ സുധീഷ് ശങ്കര്‍ ദൂരദര്‍ശനുവേണ്ടി ഒരുക്കിയ ‘കുഞ്ഞാടുകള്‍’ എന്ന ടെലിസീരിയലിനുവേണ്ടി ശീര്‍ഷകഗാനം എഴുതി മിനിസ്‌ക്രീന്‍ രംഗത്ത് സാന്നിധ്യമറിയിച്ചു. ഇടക്കാലത്ത് ഇന്ത്യന്‍ പോസ്റ്റര്‍, മന്ത്രിസഭ, മലയാള ശബ്ദം എന്നീ മിനി ആനുകാലികങ്ങളില്‍ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചു.

1995 മുതല്‍ നഴ്‌സറി വിദ്യാര്‍ഥി തലം മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെയുള്ള ഫോക്‌ലോര്‍ ശില്‍പശാലകള്‍, വിവിധ വേദികളിലെ കലാ അവതരണം, മുഖ്യ സാന്നിധ്യം എന്നിങ്ങനെ ചെറുതും വലുതുമായി എട്ടായിരത്തിലേറെ ഫോക്‌ലോര്‍-സാഹിത്യ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. കലാസാഹിത്യ സാമൂഹ്യ വൈജ്ഞാനിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അര്‍ഹതപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുവാനായി 2016 മുതല്‍ പാട്ടുകൂട്ടം കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ യശഃശരീരനായ കലാഭവന്‍ മണിയുടെ പേരില്‍ ‘മണിമുഴക്കം’ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കി വരുന്നു.

നാടന്‍പാട്ട് മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2012ല്‍ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്, ഫിലിം സിറ്റി മാസിക ടി.വി അവാര്‍ഡ്, അംബേദ്കര്‍ പുരസ്‌കാരം, നാട്ടുകലാകാരക്കൂട്ടം ആദരം തുടങ്ങി പന്ത്രണ്ടോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കിര്‍ത്താഡ്‌സ് ആദി കലാകേന്ദ്രം, കേരള ഫോക്‌ലോര്‍ അക്കാദമി എന്നിവയുടെ റിസോഴ്‌സ് പേഴ്‌സണും ‘പൈതൃകോത്സവം’ കലാകാരനുമാണ്. ഭാരത സര്‍ക്കാര്‍ 2006ല്‍ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന ഫോക്ഡാന്‍സ് ഫെസ്റ്റില്‍ പങ്കെടുത്തിട്ടുണ്ട്. മീഡിയാവണ്‍ ടി.വി ചാനലിലെ ശ്രദ്ധേയമായ ‘പാട്ടുവഴി-മാപ്പിള രാമായണം’ ഉള്‍പ്പെടെ ഒട്ടേറെ ടി.വി പഠന അവതരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്. 20 വര്‍ഷമായി നാട്ടുരാമായണ പാഠങ്ങളില്‍ ഗവേഷണവും അവതരണവും നടത്തിവരുന്നു.

ആകാശവാണിയിലെ അതിഥി ഗാനരചയിതാവും അംഗീകൃത ഫോക് ആര്‍ട്ടിസ്റ്റുമായ ഗിരീഷ് ആമ്പ്ര പാട്ടുകൂട്ടം കോഴിക്കോട് ഡയരക്ടറും ഫോക്‌ലോര്‍ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യന്‍ ലാംഗ്വേജസ് (ഫോസ്സില്‍സ്) മലയാള കലാകാരന്മാരുടെ ദേശീയ സംഘടനായ ‘നന്മ’ എന്നിവയില്‍ ആജീവനാന്ത അംഗവും നാട്ടുകലാകാര കൂട്ടം അംഗവും വാമൊഴിത്താളം, വര്‍ണവസന്തം, പ്രണയതീരം, നാടന്‍ചിന്തുകള്‍ എന്നീ സി.ഡികളുടെ ആവിഷ്‌കാരകനുമാണ്. ‘മഴത്തോലില്‍ പൊതിഞ്ഞ കനലുകള്‍’ എന്ന പേരില്‍ കൂട്ടുകവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘കാറ്റുവിതച്ചവര്‍’ എന്ന ചരിത്ര സിനിമയിലൂടെ ചലച്ചിത്ര ഗാനരചനാ രംഗത്തും സാന്നിധ്യമറിയിച്ചു. പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ച ബേപ്പൂരിലെ ഉരുനിര്‍മാണ പാരമ്പര്യം ആസ്പദമാക്കിയ ‘ഉരു’ എന്ന ഇന്റോ-അറബ് സംസ്‌കാരം പ്രതിപാദിക്കുന്ന സിനിമയുടെ ടൈറ്റില്‍ സോംഗിന്റെ രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നിന് ഉരു കേരളത്തിലെ പ്രമുഖ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റ്-ഫോസ്സില്‍സ് പഠന സീരീസിലൂടെ ഫോക്‌ലോര്‍ തിയറിയിലും കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്നും നാടോടിപ്പാട്ടിലും, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നിന്നും മാപ്പിളപ്പാട്ടിലും കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററില്‍ നിന്നും സാമൂഹിക വികസനത്തിലും കേരള പ്രസ് അക്കാദമിയില്‍ നിന്നും ജേര്‍ണലിസത്തിലും പരിശീലനം നേടിയിട്ടുണ്ട്. പത്രമാധ്യമങ്ങളില്‍ ഫോക്‌ലോര്‍ സംബന്ധ ലേഖനങ്ങള്‍ എഴുതുകയും സെമിനാറുകളില്‍ ഫോക്‌ലോര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തുവരുന്നു. കേരള സ്‌കൂള്‍, വിദ്യാരംഗം, കേരളോത്സവം, യൂണിവേഴ്‌സിറ്റി, എം.ഇ.എസ്, ആദിവാസി കലോത്സവം-സര്‍ഗോത്സവം, സംസ്ഥാനതല വിധികര്‍ത്താവാണ് ഗിരീഷ് ആമ്പ്ര. അധ്യാപികയായ ഷിജിനാ ഗിരീഷ് ജീവിതസഖിയാണ്. സജീഷ്‌കുമാര്‍, ബിനീഷ്‌കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. കോഴിക്കോട്-എടക്കര പാട്ടുപുരയിലാണ് താമസം.

Share

Leave a Reply

Your email address will not be published. Required fields are marked *