തലശ്ശേരി: ജാതിമതങ്ങള്‍ക്കുമപ്പുറം ജനമനസ്സുകളില്‍ സ്‌നേഹത്തിന്റേയും ഒരുമയുടേയും സുഗന്ധം പരത്തുന്ന വിഖ്യാതമായ അണ്ടല്ലൂര്‍ക്കാവിലെ ഉത്സവത്തിനെത്തുന്ന പതിനായിരങ്ങളെ ഇത്തവണ വരവേല്‍ക്കുക ക്ഷേത്ര ചുമരില്‍ അതി മനോഹരമായി ആലേഖനം ചെയ്യപ്പെട്ട ദൈവത്താറീശ്വരന്റേയും ഉപദേവതകളുടേയും ജീവന്‍ തുടിക്കുന്ന ചിത്രപരമ്പരയായിരിക്കും. ഉത്സവാരവങ്ങളും വിശ്വാസ സമൂഹവും ആചാരാനുഷ്ഠാനങ്ങളോടെ,നിറഞ്ഞാടുന്ന ദേവതകള്‍ക്ക് മുന്നില്‍ ഭക്തിനിര്‍ഭരമായി അനുഗ്രഹവര്‍ഷത്തിനായി വെമ്പി നില്‍ക്കുന്ന രാത്രികാല ദൃശ്യമാണ് പ്രശസ്ത ചിത്രകാരന്‍ ബി.ടി.കെ അശോക് ആലേഖനം ചെയ്തത്. ജില്ലാ കലക്ടര്‍ ചന്ദ്രശേഖരന്‍ ഐ.എ.എസ് 15ന് വൈകീട്ട് ആറ് മണിക്ക് അനാച്ഛാദനം ചെയ്യും. ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍.ജോസഫ് ചിത്രവിവരണം നടത്തും.
കുംഭം ഒന്നിന് തേങ്ങ താഴ്ത്തല്‍ ചടങ്ങോടെ ഉത്സവത്തിന് നാന്ദി കുറിക്കും. രണ്ടിന് കുഴച്ചൂണാണ്. ധര്‍മ്മ പട്ടണത്തിലെ നാല് ദേശത്തിലേയും വീടുകളില്‍ അന്നേ ദിവസം രാത്രി ഊണിന് മുന്‍പേ തൂശനിലയില്‍ മൈസൂര്‍ പഴവും പപ്പടവും നെയ്യും കൂട്ടിക്കുഴച്ച് വില്ലുകാര്‍ സേവിക്കുന്ന ചടങ്ങാണിത്.ഇതേ ദിവസം തന്നെ ചക്ക താഴ്ത്തല്‍ നടത്തും. കാവിന്റെ പരിസരത്ത് ചക്കയുള്ള വീടുകളില്‍ പോയി സ്ഥാനീകര്‍ പ്ലാവില്‍ കയറി ഒമ്പത് ചക്ക പറിച്ച് നിലത്ത് വയ്ക്കാതെ കാവിലെ കൊട്ടിലില്‍ കൊണ്ടു വയ്ക്കുന്നതാണ് ചക്ക താഴ്ത്തല്‍. ചക്കകള്‍ ദേവന് നേദിച്ച നിര്‍മ്മാല്യം നാലൂരിലെ വീടുകളിലും പ്രസാദമായെത്തിക്കും. ഇത് എത്തിയതിന് ശേഷമേ ധര്‍മ്മടം ദേശക്കാര്‍ ചക്ക ഉപയോഗിക്കുകയുള്ളൂ. ഇതേ പുണ്യനാളില്‍ തന്നെയാണ് കാവില്‍ കയറല്‍ ചടങ്ങ്. തന്ത്രി കര്‍മ്മം, സ്ഥാനം കയറല്‍, പാണ്ട്യഞ്ചേരി പടിക്കല്‍ പോകല്‍, കാവില്‍ കയറല്‍, ചക്ക കൊത്തല്‍, ചക്ക നിവേദ്യം,ചിട്ടകളും കുംഭം രണ്ടിന്റെ പ്രത്യേകതയാണ്.
കുംഭം മൂന്നിനാണ് ഉത്സവക്കൊടിയേറ്റം .പിന്നീട് തന്നീം കുടി. വ്രതം നോല്‍ക്കുന്നവര്‍ക്ക് ഈ ദിവസം ഉച്ചക്ക് വീടുകളില്‍ നിന്ന് ചെറുപയറും മൈസൂര്‍ പഴവും ഇളനീരും കടും കാപ്പിയും നല്‍കുന്ന ചടങ്ങാണിത്. അരി, വെളിച്ചെണ്ണ അളവും അന്ന് പകല്‍ നടത്തും. സന്ധ്യക്ക് ശേഷം മേലൂര്‍ കുറുവേക്കണ്ടി തറവാട്ടില്‍ നിന്നും തൃക്കൈക്കുട മണലിലെ ആസ്ഥാനത്തെത്തിക്കും. തുടര്‍ന്ന് വേലിയേറ്റ സമയം തൃക്കൈക്കുട ആചാരപ്പെരുമയോടെ വഴി നീളെയുള്ള വരവേല്‍പ്പിന് ശേഷം കാവിലേക്ക് എഴുന്നള്ളും. തുടര്‍ന്ന് മേലൂര്‍ ദേശവാസികളുടെ വക ആദ്യകരിമരുന്ന് പ്രയോഗവുമുണ്ടാവും. സത്യക്കുടയും പന്തവും വില്ലും വാളുമായി കൊട്ടിലിലേക്ക് പോവുന്നതാണ് അടുത്ത കര്‍മം. കൂടെ തിരുമുറ്റത്ത് നിരക്കിപ്പാച്ചല്‍. ഇതില്‍ പിന്നീടാണ് കെട്ടിയാട്ടങ്ങളുടെ അരങ്ങുണര്‍ത്തല്‍.
കുംഭം നാലിന് വെളുപ്പിന് ആദ്യ ദേവപ്രവേശം അതിരാളവും മക്കളുമാണ്. സീതയും മക്കളും സങ്കല്‍പമാണിത്. തുടര്‍ന്ന് തൂവക്കാലി, പൊന്‍ മകന്‍, മലക്കാരി, നാഗഭഗവതി, നാഗഭഗവാന്‍, പുതുച്ചേകവന്‍, വേട്ടക്കൊരുമകന്‍, ദൈവക്കോലങ്ങള്‍ പുറപ്പെടും. ഇതിനിടെ കുളിച്ചെഴുന്നള്ളത്ത് നടക്കും ‘തട്ടാല്യത്ത് തറവാട്ടില്‍ നിന്നും തിരുമുടി കാവിലേക്ക് എഴുന്നള്ളിക്കും. കുംഭമാസ നട്ടുച്ച നേരത്ത് ബാലി, സുഗ്രീവ യുദ്ധം, സന്ധ്യാവേലക്ക് ശേഷം അച്ചന്മാരുടെ മെയ്യാല്‍ കൂടല്‍, തുടര്‍ന്നാണ് പ്രധാന ദൈവമായ ദൈവത്താറീശ്വരനും, അങ്കക്കാരന്‍, ബപ്പൂരന്‍ ദൈവങ്ങളും തിരുമുടി അണിയുന്നത്. ഇഷ്ടദൈവങ്ങള്‍ വ്രതമെടുത്തവര്‍ക്കൊപ്പം കാവ് വലം വച്ച് കൊട്ടിലില്‍ കയറി മണിക്കിണറില്‍ അരിയിട്ട ശേഷം വിശേഷ വാദ്യമേളങ്ങളുടെയും, നെയ് പന്തങ്ങളുടെയും അകമ്പടിയോടെ താഴെക്കാവിലേക്ക് എഴുന്നള്ളും ‘ഇവിടെ താക്കോല്‍, ചുരിക, ദണ്ഡ്, കുട, തെങ്ങിന്‍ പൂക്കുല, വില്ല്, വാള്‍ തുടങ്ങിയവയാല്‍ ആട്ടം. ലങ്കയിലെ ഘോര യുദ്ധത്തിന് ശേഷം സീതാദേവിയെ വീണ്ടെടുത്ത് അയോO്യയെന്ന മേലേക്കാവിലേക്ക് തിരിച്ചെഴുന്നള്ളുകയും മുടിയഴിക്കുകയും ചെയ്യുന്നതോടെ ഒരു ദിവസത്തെ ഉത്സവം സമാപിക്കും. തുടര്‍ന്ന് ഏഴാം തിയ്യതി വരെ നാലാം നാളിന്റെ ആവര്‍ത്തനമാണ്. എട്ടിന് പുലര്‍ച്ചെ തിരുമുടി അഴിച്ച് പാച്ചലും അരിയെറിഞ്ഞ് തട്ടിയടുപ്പിക്കല്‍ ചടങ്ങും കഴിഞ്ഞ് തിരുമുടി അറയില്‍ വയ്ക്കുന്നതോടെ ഉത്സവം സമാപിക്കും.