തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് അടിയന്തര ചെലവുകള്‍ക്കായി സര്‍ക്കാര്‍ സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കുന്നു. 2000 കോടി രൂപയാണ് സര്‍ക്കാര്‍ വായ്പയെടുക്കുന്നത്. മുടങ്ങിയ സാമൂഹിക പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിന് വേണ്ടിയാണിത്. സാമൂഹികസുരക്ഷാ പെന്‍ഷന്‍ കമ്പനിക്ക് വായ്പ നല്‍കാന്‍ രൂപവത്കരിച്ച സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണ് പണം വായ്പയെടുക്കുന്നത്. പാലക്കാട്ടെ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മാനേജരായ ഈ കണ്‍സോര്‍ഷ്യത്തില്‍ മുന്നൂറോളം പ്രാഥമിക സഹകരണ ബാങ്കുകള്‍ അംഗങ്ങളാണ്.
സഹകരണ ബാങ്കുകളില്‍നിന്ന് സര്‍ക്കാര്‍ മുമ്പും വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നതു സര്‍ക്കാരിന്റെ പൊതുകടമായി കണക്കാക്കി, വായ്പപ്പരിധിയില്‍ കുറവുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ഈ നടപടി സര്‍ക്കാര്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിസന്ധിയെത്തുടര്‍ന്നാണ് വീണ്ടും സഹകരണമേഖലയിലേക്ക് തിരിയുന്നത്. എട്ടരശതമാനം പലിശയ്ക്ക് ഒരുവര്‍ഷത്തേക്കാണ് വായ്പ. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാര്‍ച്ചില്‍ 21,000 കോടിയാണ് സംസ്ഥാനം ചെലവിട്ടതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഇത്തവണ ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള മൂന്നുമാസത്തേക്ക് 972 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ച വായ്പ. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ പൊതു വായ്പപ്പരിധിയില്‍ കുറച്ചതോടെയാണ് ഇങ്ങനെ സംഭവിച്ചത്.