-
ചാലക്കര പുരുഷു
മാഹി: ആരാധനയ്ക്കുമപ്പുറം മനുഷ്യന്റെ കലാസാംസ്‌ക്കാരിക മേഖലയ്ക്കും ഏറെ പ്രാധാന്യം നല്‍കി വരുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഇതാദ്യമായി കഴിഞ്ഞ ദിവസം സന്ധ്യക്ക് ശേഷം നടന്ന ചേന്ദമംഗലം ശങ്കരന്‍ നമ്പൂതിരിയുടെ തിടമ്പ് നൃത്തം അനേകരെ ആകര്‍ഷിച്ചു. ‘കാട്ടിയുറച്ചില്‍’ എന്ന ചടങ്ങോടുകൂടിയാണ് നൃത്തം തുടങ്ങിയത്.
ഒരു കൈകൊണ്ട് നര്‍ത്തകന്‍ തിടമ്പിന്റെ പീഠഭാഗം പിടിക്കുകയും മറ്റേക്കൈ മുഷ്ടി മുദ്രയില്‍ ഉടക്കി നെഞ്ചിനോട് ചേര്‍ത്തുപിടിക്കുകയും താളത്തിനനുസരിച്ച് ചുവടുകള്‍ ചെയ്ത്. ക്ഷേത്രപ്രദക്ഷിണം വയ്ക്കുന്നത് മനോഹര കാഴ്ചയായി. കൊട്ടിന്റെ താളം മുറുകുന്നതിനനുസരിച്ച് നടനവും കലാശമെടുക്കും. അടന്ത, ചെമ്പട, പഞ്ചാരി എന്നീ താളങ്ങള്‍ക്കുപുറമേ ‘തകിലടി’ എന്നൊരു താളവും തിടമ്പുനൃത്തത്തിലെ പ്രത്യേകതയായി. ‘ അലക്കിയ വസ്ത്രം തറ്റുടുക്കുന്നതുപോലെ ഞൊറിഞ്ഞുടുത്ത്, ഉത്തരീയവുമണിഞ്ഞ്, തലയില്‍ ഉഷ്ണപീഠം എന്ന തലപ്പാവും അതിന്റെ വക്കില്‍ സ്വര്‍ണം കൊണ്ടുള്ള നെറ്റിപ്പട്ടവുമായാണ് നര്‍ത്തകന്‍ വിശാലമായ പൂഴിപ്പരപ്പില്‍ വ്യതിരിക്തമായ നടന ചാരുത കാഴ്ചവച്ചത്. ചെണ്ട, വീക്കന്‍ചെണ്ട, ഇലത്താളം, കുറുംകുഴല്‍, ശംഖ് എന്നീ വാദ്യോപകരണങ്ങള്‍ പശ്ചാത്തല സംഗീതമൊരുക്കുന്ന തിടമ്പുനൃത്തത്തിലെ ഓരോ ചുവടുകളും ചലനങ്ങളും കാണികളില്‍ ആത്മീയാനുഭൂതിയുണര്‍ത്തും.
ക്ഷേത്രകലകളുടെ വിഭാഗത്തില്‍ പെടുന്ന തിടമ്പ് നൃത്തത്തിന് അറുന്നൂറ് വര്‍ഷങ്ങളിലേറേക്കാലത്തെ പഴക്കം അവകാശപ്പെടാനാവുന്നതാണെന്ന് കലാകാരന്മാര്‍ പറഞ്ഞു. തിടമ്പ് നൃത്തം പ്രധാനമായും തീയ്യരും കേരള ബ്രാഹ്‌മണരായ നമ്പൂതിരി വിഭാഗവുമാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. നമ്പൂതിരിമാരുടെ സഹായികളായി വിളക്ക് പിടിക്കാന്‍ നമ്പീശന്‍, വാരിയര്‍ സമുദായക്കാരും പങ്കുചേരും. ക്ഷേത്രത്തിലെ ശീവേലിയോടനുബന്ധിച്ച് ദേവീദേവന്മാരുടെ വിഗ്രഹം (തിടമ്പ്) എഴുന്നള്ളിക്കുന്ന വേളയില്‍ ഈ തിടമ്പ് തലയിലേറ്റി നൃത്തം വയ്ക്കുന്നതാണ് തിടമ്പുനൃത്തം. അപൂര്‍വമായി എമ്പ്രാന്തിരിമാരും തുളു ബ്രാഹ്‌മണരും തിടമ്പുനൃത്തം ചെയ്യുന്നവരായുണ്ട്. പുരുഷന്മാരാണ് ഇത് അവതരിപ്പിക്കുന്നത്.
തിടമ്പുനൃത്തം ചെയ്യുന്ന നമ്പൂതിരിക്കുപുറമേ ഏഴുവാദ്യക്കാരും രണ്ടു വിളക്കു പിടിക്കുന്നവരും ഉണ്ടായിരിക്കും. മാരാര്‍, പൊതുവാള്‍ എന്നീ സമുദായക്കാരാണ് വാദ്യക്കാര്‍. ക്ഷേത്രത്തില്‍ പൂവും മാലയും ഒരുക്കുന്ന നമ്പീശന്‍, പുഷ്പകന്‍, വാര്യര്‍, ഷാരോടി, ഉണ്ണിത്തിരി എന്നീ സമുദായക്കാര്‍ക്കാണ് വിളക്കുപിടിക്കാനുള്ള അവകാശം. കുംഭം, മീനം എന്നീ മാസങ്ങളിലാണ് തിടമ്പുനൃത്തം അവതരിപ്പിക്കാറുള്ളത്. ശീവേലി എഴുന്നള്ളത്തിന് ശേഷം പള്ളിവേട്ടയുമുണ്ടായി.
ഇന്ന് കാലത്ത് 5.30ന് നിര്‍മ്മാല്യ ദര്‍ശനവും എണ്ണ അഭിഷേകവും വാകച്ചാര്‍ത്തും ഉണ്ടാകും. രാവിലെ എട്ട് മണിക്ക് ആറാട്ടിനെഴുന്നള്ളിക്കലിന് ശേഷം കൊടിയിറക്കല്‍ ചടങ്ങ് നടക്കും. ഉച്ചക്ക് 12 മണിക്ക് ഭക്തിഗാനസുധയും തുടര്‍ന്ന് ആറാട്ട് സദ്യയുമുണ്ടാകും. ഏകാദശിമഹോത്സവത്തിന് ഇന്ന് ‘കൊടിയിറങ്ങും. വിശേഷാല്‍പൂജാദികര്‍മ്മങ്ങള്‍ക്കൊപ്പം ക്ഷത്ര കലകളും, സംഗീത – നൃത്ത-നാടക പരിപാടികളും രാപകലുകളെ മഹോത്സവമാക്കി മാറ്റിയ ദശദിന മഹോത്സവത്തിന് ഇതിനകം ലക്ഷങ്ങളാണ് വന്നെത്തിയത്. ജാതി മത ഭേദമെന്യേ എല്ലാ ദിവസവും നടക്കുന്ന സമൂഹസദ്യയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.