- ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്
ന്യൂഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തില്‍ ജാമിഅഃ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. ആറു മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 16 പേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിക്കുന്നത് സര്‍വകലാശാല അധികൃതര്‍ വിലക്കിയിരുന്നു. വിലക്ക് ലംഘിച്ചും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിന് പിന്നാലെയാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ സ്റ്റേഷനില്‍ എത്തിയെങ്കിലും വിട്ടയച്ചിരുന്നില്ല. പിന്നാലെ എത്തിയ അഭിഭാഷകരെയും പോലിസ് തടഞ്ഞിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസീസ് ഷെരീഫ്, പ്രവര്‍ത്തകരായ നിവേദ്യ പി.ടി, അഭിരാം, തേജസ് തുടങ്ങിയവരെയാണ് നേരത്തെ ഡല്‍ഹി പോലിസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ ഗേറ്റുകള്‍ അടച്ച് നിയന്ത്രണം കര്‍ശനമാക്കിയതോടെ പ്രദര്‍ശനം എസ്.എഫ്.ഐ മാറ്റിവച്ചിരുന്നു.