ചാലക്കര പുരുഷു
തലശ്ശേരി: മലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ ‘കെ. ത്രയങ്ങളിലെ’ അവാസാന പ്രതിഭയും അരങ്ങൊഴിഞ്ഞു. കെ. തായാട്ട്, കെ.പാനൂര്‍, എന്നിവര്‍ക്ക് പിറകെ കെ.പൊന്ന്യവും ഇന്നലെ വിടചൊല്ലിയപ്പോള്‍, അത് ഒരു യുഗത്തിന്റെ അന്ത്യം കൂടിയായിരുന്നു. കതിരൂര്‍ ഗവ. ഹൈസ്‌കൂളിലെ സമകാലികരായ മൂവരും ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ തീച്ചൂളയിലേക്ക് ഒരേ സമയം എടുത്ത് ചാടിയവരായിരുന്നു. സര്‍ഗ്ഗ മേഖലയില്‍ സമ്പന്നതയോടെ വിഹരിക്കാനായ ഈ മൂന്ന് പേരും മലയാള സാഹിത്യത്തില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയവരാണ്. എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായിരിക്കെ, ഒരുനാള്‍ മലയാളം അധ്യാപകനും കവിയുമായ വി.വി.കെ ക്ലാസ്സില്‍ വച്ച് ഒരു പ്രമുഖ വാരികയിലെ കവിത വായിച്ച് ഇങ്ങനെ പറഞ്ഞു. ‘ഈ കവിതയെഴുതിയ ആള്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്’. മറുപടിയില്ലാതെ വന്നപ്പോള്‍ മാഷ് തന്നെ പറഞ്ഞു, അത് മറ്റാരുമല്ല കരുണാകരനാണ്.
‘സാഹിത്യത്തിന്റെ വ്യത്യസ്ത കൈവഴികളിലൂടെ സഞ്ചരിക്കുമ്പോഴും, അവയൊക്കെ ജീവിതത്തിന്റേയും, പരിസരങ്ങളുടേയും ജൈവാംശങ്ങള്‍ കേന്ദ്രീകരിച്ച് കൊണ്ടുള്ളതായിരുന്നു. തന്നെ പെറ്റു വളര്‍ത്തിയ സമൂഹത്തില്‍ നടമാടുന്ന ഏത് അനീതിക്കുമെതിരേ മുഖം നോക്കാതെ, ഒരു സന്ധിയുമില്ലാതെ ജീവിതാന്ത്യം വരെ പോരടിയ തൂലികക്കുടമയായിരുന്നു കെ.പൊന്ന്യം. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ കണ്ണടയും വരെ അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്റെ സൃഷ്ടികളുടെ തലവാചകങ്ങള്‍ തന്നെ ഏതൊരു വായനക്കാരനേയും തന്നിലേക്ക് ആകര്‍ഷിക്കും വിധമായിരുന്നു. ‘ആരോ അടുത്തുണ്ട്. ‘ആളെ കൊല്ലാനുണ്ട്, ‘എന്തിനാണ്?’, ‘പിന്നെ….’, ‘അവിശ്വാസി ‘, ‘റീത്ത്’, ‘രണ്ട് വരി രണ്ട് ശബ്ദം’, ‘ഇല്ല സാര്‍’ അങ്ങനെ പോകുന്നു ശീര്‍ഷകങ്ങള്‍. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും കൊടുമ്പിരി കൊണ്ട വേളയിലൊരിക്കല്‍, ഒരേ ആള്‍ തന്നെയാണ് ഇരു വിഭാഗക്കാര്‍ക്കും ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതെന്ന് മനസിലാക്കിയ അദ്ദേഹം എഴുതിയ ‘ആളെ കൊല്ലാനുണ്ടോ’ എന്ന കവിത ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. രാഷട്രീയ പ്രവര്‍ത്തനത്തിലെ ധാര്‍മികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന് എതിരായ കവിതയായി മാറിയ ‘ആളെ കൊല്ലാനുണ്ടോ’ എന്ന കവിത ശത്രുക്കളുടെ ഉന്‍മൂലനം ആഗ്രഹിക്കുന്നവരുടെ കരളിലേക്കാണ് കൂരമ്പുകള്‍ പായിച്ചത്.
കാപട്യത്തിന്റെ ഇരുള്‍ മുടിയലോകത്ത് അധ്യാത്മികതയുടെ ചെറിയ തിരിവെട്ടം കൊണ്ട് എന്ത് ചെയ്യാനാവുമെന്ന ചോദ്യമാണ് പല രചനകളിലും അദ്ദേഹം ഇതിവൃത്തമായത്. ഏതാണ്ട് ഇതേ വിഷയങ്ങള്‍ തന്നെയാണ് ‘അഭയം’ എന്ന കവിതയിലും അര്‍ത്ഥതലമായി വന്നത്. നിലവിളികള്‍ കേള്‍ക്കാതെ പോകുന്ന പരിസരങ്ങളുടെ നിശബ്ദതയാണ് ‘ശൂന്യം’ എന്ന കവിതയിലെ പ്രമേയം. സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ഒരു കണ്ണെടുപ്പ് അദ്ദേഹത്തിന്റെ കൃതികളില്‍ പ്രകടമാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാത്രം അടിയൊഴുക്ക് മനസ്സിലാവും വിധമാണ് ‘സംഘട്ടനം ‘ എന്ന കഥ രൂപപ്പെടുത്തിയത്. ഏറെക്കാലം തീവണ്ടികള്‍ക്ക് കടന്നു പോകാന്‍ പച്ചക്കൊടി കാട്ടിയിരുന്ന ഈ റെയില്‍വെ ഉദ്യോഗസ്ഥന്‍, പറഞ്ഞ് വിട്ട തീവണ്ടികള്‍ക്ക് സുഗമമായി കടന്നു പോകാന്‍ ഒരറ്റത്ത് വൈശാഖന്‍ എന്ന കഥാകൃത്ത് പച്ചക്കൊടിയുമായി കാത്തു നിന്ന ഒരു കാലമുണ്ടായിരുന്നു. പരസ്പരം കാണാതെ, പിന്നീടും കഥകളുടെ വഴികളില്‍ മാത്രം കണ്ടവരായിരുന്നു ഏറെക്കാലം ഇരുവരും.