ദേശീയപാതയ്ക്കു പുറമെ കേരളത്തില്‍ നടപ്പാക്കുന്ന മൂന്നു കിഴക്കുപടിഞ്ഞാറ് ഇടനാഴിയുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് പ്രൊജക്റ്റുകളുടെ ചുമതലയുള്ള ദേശീയപാതാ അതോറിറ്റി അംഗം ആര്‍.കെ പാണ്ഡേ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും മാറ്റര്‍ലാബും ചേര്‍ന്നു നടത്തുന്ന സാങ്കേതികവിദ്യാപ്രഭാഷണപരമ്പരയായ ‘യു.എല്‍.സി.സി.എസ് മാറ്റര്‍ലാബ് ടെക്ടോക്ക് സീരീസ് യു.എല്‍ സൈബര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറുവരി മുഖ്യപാതയും ഇരുവശത്തും രണ്ടുവരിവീതം സര്‍വീസ് റോഡും അടക്കം 10 വരിയിലാണ് കേരളത്തില്‍ ഹൈവേ വികസിപ്പിക്കുന്നത്. ഇതിന്റെ എല്ലാ റീച്ചും ടെന്‍ഡര്‍ ചെയ്ത് പണി തുടങ്ങിക്കഴിഞ്ഞു. ഇതിനു പുറമെയാണ് കിഴക്കുപടിഞ്ഞാറുള്ള മൂന്ന് ഇടനാഴികള്‍ നിര്‍മ്മിക്കുന്നത്.
റോഡ് നിര്‍മ്മാണരംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും നിര്‍മ്മാണച്ചെലവു കുറയ്ക്കാനും നിര്‍മ്മാണം കൂടുതല്‍ വേഗത്തില്‍ ആക്കാനും നിര്‍മ്മിച്ച റോഡിന്റെ ആയുസ് വര്‍ദ്ധിപ്പിക്കാനും റോഡുകളുടെ റിപ്പയറിങ് അടക്കമുള്ള പരിപാലനത്തിനും പുതിയ സങ്കേതങ്ങളും യന്ത്രസംവിധാനങ്ങളും നിര്‍മ്മാണസാമഗ്രികളും വികസിപ്പിക്കേണ്ടതുണ്ട്. എന്നാല്‍, എന്‍ജിനീയറിങ് രംഗത്ത് നിര്‍വഹണവിഭാഗവും അക്കാദമികവിഭാഗവും തമ്മില്‍ വലിയ വിടവ് നിലനില്‍ക്കുന്നു. ഇത് നിര്‍മ്മാണമേഖല നേരിടുന്ന ഗൗരവമുള്ള വെല്ലുവിളിയാണ്.
ഗവേഷകര്‍ വികസിപ്പിക്കുന്ന കാര്യങ്ങള്‍ നിര്‍വഹണവിഭാഗത്തിനു നടപ്പാക്കാന്‍ പറ്റാത്തവ ആകുകയും നിര്‍വഹണത്തിന് ആവശ്യമുള്ള കാര്യങ്ങളില്‍ ഗവേഷണം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതാണ് മുമ്പുമുതലേ ഈ രംഗത്തുള്ള പ്രശ്‌നം. രണ്ടു വിഭാഗത്തെയും ബന്ധിപ്പിക്കുകയും ആശയവിനിമയം സാദ്ധ്യമാക്കുകയും ചെയ്യുന്ന ടെക്ടോക്ക് പോലുള്ള പരിപാടികള്‍ ഈ പ്രശ്‌നത്തിനു മികച്ച പരിഹാരം ആകുമെന്ന് അഭിപ്രായപ്പെട്ട ആര്‍.കെ പാണ്ഡേ ഇതിനു മുന്‍കൈ എടുത്ത സംഘാടകരെ അനുമോദിച്ചു. ദേശീയപാത അതോറിറ്റി ഏറെ ആലോചിച്ചുവരുന്ന മികച്ച ഗുണപരിശോധനാ സംവിധാനമാണ് മാറ്റര്‍ ലാബിലൂടെ ഊരാളുങ്കല്‍ സൊസൈറ്റി യാഥാര്‍ത്ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം 2047ല്‍ 30 ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയായി വളരണം എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഏക മാര്‍ഗ്ഗം അടിസ്ഥാനസൗകര്യങ്ങളില്‍ വന്‍മുന്നേറ്റം സാദ്ധ്യമാക്കുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇതിന് നിര്‍മ്മാണരംഗത്ത് പുതിയ സാങ്കേതികവിദ്യകളുടെ പ്രയോഗം അനിവാര്യമാണ്. അത്തരം നൂതനാശയങ്ങള്‍ക്കും ഗവേഷണത്തിനുമുള്ള ആവാസവ്യവസ്ഥയാണ് അതിന് ആവശ്യം. ലോകത്ത് എവിടെയും അത് ഒരുക്കുന്നത് അവിടത്തെ മുന്‍നിര വ്യവസായസ്ഥാപനങ്ങള്‍ ആണ്. കേരളത്തില്‍ അത് ഉണ്ടായില്ല. അവിടയാണ് നൈപുണ്യവികസനത്തിലും സാങ്കേതികവിദ്യാവിനിമയത്തിലും യു.എല്‍.സി.സി.എസ് എടുക്കുന്ന മുന്‍കൈ പ്രസക്തമാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിര്‍മ്മാണരംഗത്തെ പുതിയ സമ്പ്രദായങ്ങളും സങ്കേതങ്ങളും നമ്മുടെ നാട്ടിലും പ്രാവര്‍ത്തികം ആകണമെങ്കില്‍ സര്‍ക്കാരുകളുടെ നിയമചട്ടങ്ങളിലും മാനുവലുകളിലും മാറ്റം വരണമെന്ന് സ്വാഗതം ആശംസിച്ച യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. ഈ ആശയങ്ങളും ആവശ്യബോധവും വിവിധ സ്റ്റേക് ഹോള്‍ഡര്‍ വിഭാഗങ്ങളിലേക്ക് എത്തുമ്പോഴേ മാറ്റത്തിനുള്ള സമ്മര്‍ദ്ദം ഉയരൂ. യു.എല്‍.സി.സി.എസ് ജന്മശതാബ്ദിവര്‍ഷത്തിലേക്കു പദമൂന്നുന്ന ഈ ഘട്ടത്തില്‍ അതിനായി സൊസൈറ്റി എടുക്കുന്ന മുന്‍കൈയാണ് ടെക്ടോക് സീരീസെന്ന് അദ്ദേഹം പറഞ്ഞു. മാറ്റര്‍ലാബ് ജനറല്‍ മാനേജര്‍ ഫ്രെഡി സോമനും സംസാരിച്ചു.
ടെക്ടോക്കിന്റെ ആദ്യ ലക്കത്തില്‍ ‘മൂവിങ് റ്റുവാര്‍ഡ്‌സ് പെര്‍ഫോമന്‍സ് ബേസ്ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് ഫോര്‍ കോണ്‍ക്രീറ്റ് സ്ട്രക്ചേഴ്‌സ്’ എന്ന വിഷയം ഐ.ഐ.ടി മദ്രാസിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസറും ഐ.സി.എസ്.ആര്‍ ഡീനും ഡോ. മനു സന്താനവും ‘ദ് റോള്‍ ഓഫ് ജിയോ എന്‍വൈറന്‍മെന്റര്‍ എന്‍ജിനീയറിങ് റ്റുവാഡ്‌സ് സസ്റ്റയിനബിള്‍ ഡെവലപ്മെന്റ് ഗോള്‍സ്’ എന്ന വിഷയം ഐ.ഐ.ടി ഗുവാഹത്തിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ഡോ. എസ് ശ്രീദീപും ‘ത്രീഡി പ്രിന്റിങ് ഇന്‍ കണ്‍സ്ട്രക്ഷന്‍: പ്രസന്റ് ആന്‍ഡ് ഫ്യൂച്ചര്‍’ എന്ന വിഷയം ഐ.ഐ.ടി തിരുപ്പതിയില്‍ സിവില്‍ & എന്‍വയണ്മെന്റല്‍ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. എ.വി രാഹുലും അവതരിപ്പിച്ചു.