കോഴിക്കോട്: അശോകന്‍ മറയൂര്‍ മുതുവാന്‍ ഭാഷയില്‍ എഴുതിയ ‘പച്ചവ്ട്’ എന്ന കവിതാ സമാഹാരം കാലിക്കറ്റ് ബുക്ക് ക്ലബ് ചര്‍ച്ച ചെയ്തു. മുതുവാന്‍ ഭാഷയിലെ ആദി കവിയായി നിരൂപകര്‍ വിശേഷിപ്പിച്ചിട്ടുള്ള കവിയാണ് അശോകന്‍ മറയൂര്‍ എന്നും മലയാളത്തിലും, ആദിവാസികളുടെ ഭാഷയിലും ഒരേ സമയം എഴുതുന്ന അദ്ദേഹത്തിന്റെ കവിത ഗോത്ര ജനതയുടെ ജീവിതത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും ആമുഖ ഭാഷണം നടത്തിക്കൊണ്ട് ഡോ.എന്‍.എം സണ്ണി അഭിപ്രായപ്പെട്ടു.
ആദിവാസികളുടെ ജീവിതം മലയാളത്തില്‍ പല എഴുത്തുകാരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭാഷയില്‍ ഒരു കാവ്യസമഹാരം ഉണ്ടാവുന്നത് അപൂര്‍വമാണെന്ന് പുസ്തകം അവതരിപ്പിച്ചുകൊണ്ട് എം.വി.എം ഷിയാസ് പറഞ്ഞു. ഗോത്രഭാഷകള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും അത് നമ്മുടെ പൂര്‍വ സംസ്‌കാരത്തെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും ചര്‍ച്ചയില്‍ പങ്കത്തുകൊണ്ട് കെ.ജി രഘുനാഥ് പറഞ്ഞു. ആദിവാസി ജനതയുടെ പൊള്ളുന്ന ജീവിത ചിത്രീകരണമാണ് ‘പച്ചവ്ട്’ എന്ന കവിതാ സമാഹാരത്തിലെ കവിതകളെന്ന് ഹരീന്ദ്രനാഥ് എ.എസ് പറഞ്ഞു. റോയ് കാരാത്ര, ടി.പി മമ്മു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.