ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് മൂക്ക് കയര്‍ വീഴുമോ ? കേന്ദ്രസര്‍ക്കാര്‍ പുതിയ കരട് ചട്ടം പുറത്തിറക്കി

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് മൂക്ക് കയര്‍ വീഴുമോ ? കേന്ദ്രസര്‍ക്കാര്‍ പുതിയ കരട് ചട്ടം പുറത്തിറക്കി

അഭിപ്രായങ്ങള്‍ ജനുവരി 17നകം നല്‍കണം

ടി.ഷാഹുല്‍ ഹമീദ്

ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 66%വും 35 വയസ്സിന് താഴെയുള്ളവരാണ്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അടിമകളാക്കി പണവും ജീവനും അപഹരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് മൂക്ക് കയര്‍ വീഴാന്‍ പോകുന്നു. 2000ത്തിലെ ഐടി നിയമത്തിലെ 87ആം വകുപ്പില്‍ ഉള്‍പ്പെടുത്തി ഓണ്‍ ലൈന്‍ ഗെയിമുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളു ചട്ടങ്ങളും ഏര്‍പ്പെടുത്തുന്നതിന് കരട് ചട്ടം പൊതുജനങ്ങള്‍ക്കായി അഭിപ്രായത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുകയാണ് ,ജനുവരി 17 നകം അഭിപ്രായം രേഖപ്പെടുത്തുവാന്‍ അവസരം ഉണ്ട്.

എന്താണ് ഓണ്‍ലൈന്‍ ഗെയിമുകള്‍?

സ്മാര്‍ട്ട് ഫോണുകളിലൂടെയോ കമ്പ്യൂട്ടറുകളിലൂടെയോ മറ്റും ഇന്റര്‍നെറ്റ് ലഭ്യമായി കളിക്കുവാന്‍ സാധിക്കുന്ന ഗെയിമുകളെയാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്ന് പറയുന്നത്. ചതിക്കുഴികളും സാമ്പത്തിക നഷ്ടവും അപകടവും പതിയിരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളെ നാളിതുവരെ അധികൃതര്‍ നിയന്ത്രിക്കുകയോ പരിശോധിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല, എന്നാല്‍ ഐ.എസ്.ആര്‍.ഒ ജീവനക്കാരന്‍ മുതല്‍ 14 വയസ്സുള്ള കുട്ടികള്‍ വരെ ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെട്ട് പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തത് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചു. 17 പേര്‍ ജീവനൊടുക്കിയ തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ഗെയിം നിരോധിച്ചു. കര്‍ണാടക ഓണ്‍ലൈന്‍ ഗെയിം ഉള്‍പ്പെടെയുള്ള ചൂതാട്ടങ്ങളെ നിരോധിച്ചു, കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ചിരുന്നു. എന്നാല്‍ റമ്മി കളി വൈദഗ്ധ്യം വേണ്ട കളിയാണെന്നും, ഭാഗ്യ പരീക്ഷണം അല്ലെന്നും അതിനാല്‍ കേരള ചൂതാട്ട നിയമത്തിലെ 14 എ ഭേദഗതി ഹൈക്കോടതി റദ്ദ് ചെയ്യുകയും അത് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പ്രചാരണം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

ചുതാട്ട നിയമപ്രകാരം പണം വച്ചുള്ള വാതുവയ്പ്പും, കളികളും ചുതാട്ടത്തിന്റെ പട്ടികയിലാക്കി നിരോധിച്ചിട്ടും ഓണ്‍ലൈന്‍ ഗെയിം ഭാഗ്യ പരീക്ഷണമല്ലെന്നും വൈദഗ്ധ്യം വേണ്ട കളികള്‍ ആണെന്നും ചൂതാട്ടത്തിന്റെ ഭാഗമല്ലെന്നും വിവിധ കോടതികളില്‍ സ്ഥാപിച്ചതിന്റെ അടിസ്ഥാനത്തിലും വൈദഗ്യാധിഷ്ഠിത ഗെയിമുകള്‍ വിനോദത്തിനോ പണത്തിനോ വേണ്ടി കളിച്ചാലും ചൂതാട്ടമല്ലെന്ന നിയമവും ഈ രംഗത്ത് ഉണ്ടാക്കിയ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നത്. 10 കോടി രൂപ വരെ സമ്മാനത്തുക നിശ്ചയിച്ച ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് യുവജനത ഹരത്തോടെ മുഴുകിയിട്ടും നിര്‍മിത ബുദ്ധിയിലതിഷ്ഠിതമായ പ്രോഗ്രാമുകളോട് മനുഷ്യര്‍ കളിച്ച് അവശരായിട്ടും, കുട്ടികള്‍ അടിമകളായി ഡി അഡിക്ഷന്‍ സെന്ററുകളിലേക്ക് പ്രവേശിക്കപ്പെട്ടിട്ടും, യുവത നേരിടുന്ന ഒരു വലിയ സാമൂഹ്യ പ്രശ്‌നമായി ഓണ്‍ലൈന്‍ ഗെയിമുകളെ തിരിച്ചറിയുവാന്‍ വൈകി എന്നത് ഒരു സത്യമാണ്. ഡിജിറ്റല്‍ മാധ്യമങ്ങളെ ലക്ഷ്യമാക്കിയിട്ടുള്ള രാജ്യത്തെ ഐ.ടി നിയമങ്ങളെല്ലാം തന്നെ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ബാധകമാകുമെന്ന് കരട് നിയമത്തില്‍ വിവക്ഷിക്കുന്നു

ഓണ്‍ലൈന്‍ ഗെയിംമിന്റെ സാമ്പത്തിക പ്രതലം:

2026ഓടു കൂടി ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിം വ്യവസായം 56995 കോടി രൂപയുടെ വളര്‍ച്ച നേടുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ ഓണ്‍ലൈന്‍ ഗെയിം വിപണിയാണ്. 400 ലധികം ഓണ്‍ലൈന്‍ ഗെയിം സ്റ്റാര്‍ട്ടപ്പുകളും 900 ലധികം ഗെയിമിംഗ് കമ്പനികളും ഇന്ത്യയില്‍ ഉണ്ട്. ഓണ്‍ലൈന്‍ ഗെയിം വ്യവസായത്തില്‍ ഇന്ത്യയുടെ സംഭാവന ആഗോളതലത്തില്‍ 13%ആണ്. ഇന്ത്യയില്‍ 2020 ല്‍ 22% കളിക്കാരുള്ള ഓണ്‍ലൈന്‍ ഗെയിം 2022 ആയപ്പോള്‍ 51%ആയി കളിക്കാരുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യയില്‍ 2021ല്‍ 390 ദശലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിക്കാരാണെങ്കില്‍ 2023 അത് 507 ദശലക്ഷം ആകുന്നതാണ്. ഓണ്‍ലൈന്‍ ഗെയിം വ്യവസായത്തില്‍ പണം നിക്ഷേപിക്കുന്നതിന്റെ വളര്‍ച്ച 383 % ആണ് കൈവരിച്ചത്. അഞ്ചു കോടിയിലധികം ഓണ്‍ലൈന്‍ ഗെയിം കളിക്കാരാണ് ആഴ്ചയില്‍ എട്ട് മണിക്കൂര്‍ വരെ ഗെയിം കളിക്കുന്നത്.

പുതിയ നിര്‍ദേശങ്ങള്‍:

പരാതി പരിഹാര സംവിധാനം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനം, ഉപഭോക്താക്കളുടെ ആധികാരികത, സേവനങ്ങളുടെ രജിസ്‌ട്രേഷന്‍, സുതാര്യത, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പ് വരുത്തുമെന്ന് പുതിയ നിയമത്തില്‍ സൂചിപ്പിക്കുന്നു. ആറ് വകുപ്പുകള്‍ ഉള്ള നിയമത്തില്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഗെയിം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുകയും അങ്ങനെ രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുകയും വേണം. ഫീസ് പ്രവര്‍ത്തനരീതി , പണം നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്നിവ ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ പരസ്യപ്പെടുത്തണം. നിയന്ത്രണങ്ങള്‍ , സ്വകാര്യത നയം, സേവനം, കാലയളവ് , ഉപയോക്താക്കളുമായുള്ള കരാറുകള്‍ തുടങ്ങിയവ കളിക്കുന്നവരെ അറിയിക്കണം. പണ നഷ്ടത്തിന്റെ വിവരങ്ങള്‍ , അടിമയാകാതിരിക്കാനുള്ള സാധ്യത തുടങ്ങിയവ രേഖപ്പെടുത്തണം , കൂടാതെ മറ്റ് കളിക്കാരെ കബളിപ്പിക്കുന്ന പ്രവണത കൂടി വരുന്നതിനാല്‍ കളിക്കുന്ന എല്ലാവരുടെയും അക്കൗണ്ട് കമ്പനികള്‍ പരിശോധിച്ചു ഉറപ്പ് വരുത്തണം. പുതിയ അക്കൗണ്ട് ആരംഭിക്കുന്നതിന് റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന രേഖകള്‍ ആവശ്യപ്പെടാവുന്നതാണ്. ഇങ്ങനെ ഹാജരാക്കുന്ന രേഖകളോ വിവരങ്ങളോ മറ്റൊന്നിനും തന്നെ കമ്പനികള്‍ ഉപയോഗപ്പെടുത്താന്‍ പാടുള്ളതല്ല. ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഒന്നിച്ച് ഗെയിം കളിക്കുന്നവര്‍ക്ക് മനസ്സിലാക്കുവാന്‍ ഈ നിയമം പര്യാപ്തമാക്കുന്നതാണ്. ഇന്ത്യയില്‍ മേല്‍വിലാസം ഉള്ളവര്‍ക്കേ ഗെയിം കമ്പനികള്‍ ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നത് വിദേശത്തുനിന്നുള്ള കള്ളനാണയങ്ങള്‍ ഈ മേഖലയില്‍ കടന്നുവരുന്നത് തടയാന്‍ സാധിക്കുന്നതാണ്. സോഷ്യല്‍ മീഡിയ പോലെ ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ സ്വന്തമായി ഒരു പരാതി പരിഹാര സംവിധാനം ഒരുക്കണം. പരാതികളില്‍ ഐ.ടി നിയമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കണം. പരാതികള്‍ സംബന്ധിച്ച് ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തണം. കൂടാതെ ഓണ്‍ലൈന്‍ കമ്പനികള്‍ സേവനത്തിന്റെ നിയമവിധേയമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് ഒരു മുഖ്യപരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണം. കൂടാതെ അത്യാവശ്യ കാര്യങ്ങള്‍ക്ക് അധികൃതര്‍ക്ക് ബന്ധപ്പെടുന്നതിന് വേണ്ടി മറ്റൊരു ഓഫീസറെ കൂടി ഓണ്‍ ലൈന്‍ കമ്പനികള്‍ നിയമിക്കണമെന്ന് കരട് നിയമത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ ഓണ്‍ലൈന്‍ ഗെയിം കമ്പനികള്‍ ഒരു സ്വയം നിയന്ത്രിത സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നത് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിം സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരികയാണ്, ഐ.ടി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സെല്‍ഫ് റെഗുലേഷന്‍ കമ്പനികള്‍ക്ക് മാത്രമേ ഇനിമുതല്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ. ഗെയിമിംഗ് രംഗത്ത് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും കമ്പനി നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും സാസൈറ്റിസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ക്കും സെല്‍ഫ് റെഗുലേഷന്‍ ബോഡിയായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ കമ്പനികളില്‍ പ്രാവീണ്യം ഉള്ളവര്‍ ഗെയിമിംഗ് രംഗത്ത് പരിചയം, കായികം വിനോദം എന്നിവയിലുള്ള വ്യക്തികള്‍ ഓണ്‍ലൈന്‍ സ്ഥാപന നടത്തിപ്പില്‍ ഉണ്ടാകണം. കൂടാതെ കളിക്കാരെ പ്രതിനിധീകരിച്ച് ഒരാളെ കൂടി സെല്‍ഫ് റെഗുലേഷന്‍ ബോഡിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. സൈക്കോളജി, മെഡിസിന്‍ ഉപഭോക്ത വിദ്യാഭ്യാസം എന്നീ മേഖലയിലുള്ളവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകണം. കൂടാതെ സര്‍ക്കാര്‍ നിര്‍ദേശം ചെയ്യുന്ന പൊതുനയം, പൊതുഭരണം, നിയമപാലനം, സാമ്പത്തികം തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു മേഖലയില്‍ നിന്നുള്ള ഒരാളെ സര്‍ക്കാര്‍ ഈ സംവിധാനത്തിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള നിര്‍ദേശം സെല്‍ഫ് റെഗുലേഷന്‍സ് ബോഡിയുടെ പ്രവര്‍ത്തനം കുറ്റമറ്റതാക്കുവാന്‍ സഹായിക്കുന്നതാണ്.

സെല്‍ഫ് റെഗുലേറ്ററി ബോഡിക്ക് , ഓണ്‍ലൈന്‍ ഗെയിം സേവനത്തിന് അംഗത്വ അപേക്ഷകള്‍ സ്വീകരിച്ച് നിയമവിധേയമായി മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അംഗത്വം നല്‍കുവാന്‍ കരട് നിയമം നിര്‍ദേശിക്കുന്നു. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ ഗെയിം സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിയന്ത്രണാധികാരസമിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിനാല്‍ എത്ര ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നും എത്രപേര്‍ ഗെയിം കളിക്കുന്നുണ്ടെന്നും കൃത്യമായി സര്‍ക്കാരിന് മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത സ്ഥാപങ്ങളുടെ മുഴുവന്‍ വിവരങ്ങളും പ്രദര്‍ശിപ്പിക്കണം, ഓണ്‍ലൈന്‍ ഗെയിമിനുള്ള സമ്മാനങ്ങള്‍ അതിനുവേണ്ടി ആദ്യം മുടക്കേണ്ട പണം, അവയുടെ പിന്‍വലിക്കല്‍, പണത്തിന്റെ സുരക്ഷ, എന്നിവ സംബന്ധിച്ച് കണ്ണാടി പോലെ കാര്യങ്ങള്‍ സുതാര്യമാകും എന്ന് കരട് നിയമം വിവരിക്കുന്നു. രാജ്യത്ത് നിയമങ്ങള്‍ക്ക് വിരുദ്ധമായതോ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലുള്ള ഗെയിമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല, 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും എന്നത് വലിയ ആശ്വാസമാണ് രക്ഷിതാക്കള്‍ക്ക് നല്‍കുന്നത്.

ഫലപ്രദമായി നടപ്പിലാക്കിയാല്‍ കുട്ടികള്‍ ഓണ്‍ലൈന്‍ അടിമകളാകുന്ന വര്‍ത്തമാന സാഹചര്യം ഒഴിവാക്കുവാന്‍ നിയമം കൊണ്ട് സാധിക്കുന്നതാണ്. അതിവേഗം വളര്‍ന്ന് വികസിക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളില്‍ കൂടുതല്‍ വൈദഗ്ധ്യം കടന്നുവരുന്നതിനാല്‍ കടുത്ത നിയന്ത്രണമില്ലെങ്കില്‍ യുവതലമുറയുടെ ക്രയ വിക്രയ ശേഷിയും കര്‍മ കുശലതയും നഷ്ടപ്പെട്ടു ൃപോകുന്നതാണ്. ഒരു തവണ കളിച്ചാല്‍ അതിവേഗം അടിമപ്പെട്ടു പോകുകയും കൂടുതല്‍ സമയം വ്യഗ്രതയോടെ കളിക്കാന്‍ ആഭിമുഖ്യം കാണിക്കുകയും ചെയ്യുന്നതിനാല്‍ മനുഷ്യന്റെ സാമൂഹിക ഇടപെടുകളില്‍ നിന്നും യുവജനങ്ങളെ അകറ്റാന്‍ അമിതമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ കാരണമാകുന്നതാണ്. നിലവില്‍ ഒരു നിയമത്തിന്റെയും പരിധിയില്‍ വരാത്ത ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പുതിയ നിയന്ത്രണ സംവിധാനം ഉണ്ടാക്കുവാന്‍ പുതിയ നിയമം കൊണ്ട് സാധിക്കുമെങ്കിലും വളര്‍ന്നു വ്യാപാരിച്ച ഓണ്‍ലൈന്‍ ഗെയിം വിപണിയെ പൂര്‍ണമായും നിയന്ത്രിക്കാന്‍ നിയമം പര്യാപ്തമാണോ എന്ന് കാത്തിരുന്ന് കാണേണ്ടതായിട്ടുണ്ട്. ലോകം ഡിജിറ്റല്‍ യുഗത്തിലായതിനാല്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ ഇന്ത്യയില്‍ നിന്നുള്ളത് മാത്രം നിയന്ത്രിച്ചാല്‍ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതുമകളെ തേടിയുള്ള യാത്രയില്‍ യുവജനത രാജ്യത്തിന് പുറത്തുനിന്നുള്ള ഗെയിമുകള്‍ കളിക്കുന്നത് നിയന്ത്രിക്കുവാന്‍ ഈ നിയമം പര്യാപ്തമല്ല. കൂടാതെ നിലവിലുള്ള നിയന്ത്രണ സംവിധാനത്തില്‍ ഒരു ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ പദവിയിലുള്ളവരെ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ ആധികാരികമാകും.

ചുതാട്ടം, വാതുവയ്പ്പ് എന്നിവ സംസ്ഥാന വിഷയമാണെങ്കിലും ഇന്റര്‍നെറ്റ് ഉപയോഗിച്ച് പണം ഇടപാട് തടയാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുള്ളതിനാലാണ് പുതിയ നിയമത്തിന്റെ കരട് പുറപ്പെടുവിച്ചത്. ഗെയിമുകളുടെ അന്തിമഫലത്തില്‍ പണമിടപാടുകള്‍ നിയന്ത്രിക്കുമെന്നത് പൂര്‍ണമായും നടപ്പിലാക്കിയാല്‍ ഭാവിയിലെ വലിയ ദുരന്തം ഒഴിവാക്കാവുന്നതാണ്. ഗെയിം ആപ്പുകളില്‍ സമയം ചെലവഴിക്കുന്നത് 21% വര്‍ധിക്കുകയും , 5 ജി നെറ്റ് കണക്ഷന്‍ രാജ്യത്ത് ലഭിക്കുകയും ചെയ്തതോടെ ഓണ്‍ലൈന്‍ ഗെയിം വന്‍ കുതിപ്പിലേക്ക് പോകുന്ന അവസരത്തിലാണ് പുതിയ നിയമത്തിന്റെ കരട് പൊതു ജനങ്ങള്‍ക്ക് അഭിപ്രായത്തിന് വേണ്ടി പരസ്യ പെടുത്തിയിരിക്കുന്നത് ,സമൂഹത്തില്‍ വിനയായി കൊണ്ടിരിക്കുന്ന ഓണ്‍ ലൈന്‍ ഗെയിമുകളില്‍ അഭിപ്രായം രേഖപെടുത്തുവാനുള്ള അവസരം ഉപയോഗപ്പെടുത്തുവാന്‍ പൊതു ജനങ്ങള്‍ മുന്നോട്ട് വരേണ്ടതായിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *