മലപ്പുറം: ഓരോ വിഷയത്തിന്റെ പേരിലും കുപ്പായം മാറുന്ന പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് യു.ഡി.എഫിലെ അവിഭാജ്യം ഘടകമാണ്. പിണറായി സര്‍ക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാണെന്നും ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ അത് മുന്നണി ധാരണയാണെന്ന് കരുതരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വന്നിരുന്നു. യു.ഡി.എഫിന്റെ കരുത്ത് മുസ്‌ലിം ലീഗ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്.എതിര്‍ക്കേണ്ട വിഷയം വരുമ്പോള്‍ എതിര്‍ത്തിട്ടുണ്ട്.അനുകൂലിക്കേണ്ടപ്പോള്‍ അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. മെറിറ്റിന് അനുസരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്.അതില്‍ മുന്നണി പ്രശ്‌നം ഇല്ല. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയ അബ്ദുല്‍ വഹാബിന്റെ പരാമര്‍ശം അടഞ്ഞ അധ്യായം. വഹാബ് വിശദീകരണം നല്‍കി. തങ്ങളുമായി വഹാബ് സംസാരിച്ചു. ഇനി അത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.