ഭരണഘടന അവഹേളന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചീറ്റ്; വീണ്ടും മന്ത്രിയാക്കാന്‍ സി.പി.എം

ഭരണഘടന അവഹേളന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചീറ്റ്; വീണ്ടും മന്ത്രിയാക്കാന്‍ സി.പി.എം

  • ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് സി.പി.എം സജീവമായി പരിഗണിക്കുന്നു. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചീറ്റ് നല്‍കി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നീക്കം. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. 2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്റെ പേരിലാണ് ജൂലൈ ആറിന് സജി ചെറിയാന്‍ രാജിവെച്ചത്. സജിക്ക് പകരം പുതിയ മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കുകയായിരുന്നു സി.പി.എം. സജി ചെറിയാനെ എം.എല്‍.എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു.

സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താലാണ് അന്വേഷണം കേസില്‍ അവസാനിപ്പിച്ചത്. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരേയുള്ള കേസ് അവസാനിപ്പിച്ചത്. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചീറ്റ് നല്‍കി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പോലിസ് റിപ്പോര്‍ട്ട് നല്‍കിയത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് പോലിസ് കണ്ടെത്തല്‍.

പരിപാടിയുടെ വേദിയിലുണ്ടായിരുന്ന എം.എല്‍.എമാരടക്കമുള്ളവരുടെ മൊഴികളും മുന്‍ മന്ത്രിക്ക് അനുകൂലമാണെന്നും പോലിസ് കണ്ടെത്തി. പോലിസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നു. പ്ലീഡറുടെ നിയമോപദേശം അടക്കം വിശദമായ റിപ്പോര്‍ട്ടാണ് പോലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, പ്രസംഗത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നും സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പരാതിക്കാരനായ അഭിഭാഷകന്‍ ബൈജു നോയലിന്റെ ആരോപണം. പോലിസ് നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *