തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി മരിവിപ്പിച്ച് സര്‍ക്കാര്‍. പദ്ധതിക്കായുള്ള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി റെയില്‍വെ ബോര്‍ഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടര്‍ നടപടി. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്.
നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇടത് നേതാക്കളടക്കം ഇത് തള്ളുകയും സില്‍വര്‍ ലൈനില്‍ പിന്നോട്ടില്ലെന്ന നിലയില്‍ പ്രതികരണം നടത്തുകയുമാണ് ചെയ്തിരുന്നത്.
സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് ഇടത് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെ അവതരിപ്പിച്ചിരുന്നത്. ഭൂമിയേറ്റെടുക്കല്‍ സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതോടെ എതിര്‍പ്പുയര്‍ന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം കത്തിപ്പടര്‍ന്നു. സ്ത്രീകളും കുട്ടികളും പദ്ധതിക്കെതിരെ തെരുവിലിറങ്ങിയെങ്കിലും പിന്‍മാറില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് അതിരടയാളമിടാന്‍ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനിടക്ക് തൃക്കാക്കര ഇലക്ഷനിലേറ്റ തിരിച്ചടിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട ഇടത് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപടികളില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് നാലു മണിക്കൂറില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ ആസൂത്രണം ചെയ്യപ്പെട്ട അര്‍ധ-അതിവേഗ റെയില്‍വേ പദ്ധതിയാണ് സില്‍വര്‍ലൈന്‍. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഏറ്റവും വലിയ നാഴികക്കല്ലാവാന്‍ പോകുന്ന പദ്ധതി എന്നായിരുന്നു ഇതിന് വിശേഷണം. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള 529 കിലോമീറ്ററില്‍ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ ശരാശരി 200 കിലോമീറ്റര്‍ വേഗതയില്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഇവരെയാണ് സര്‍ക്കാര്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ കേന്ദ്രാനുമതി ഉണ്ടെങ്കില്‍ മാത്രം മതിയെന്നാണ് തീരുമാനം. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍’ (കെ-റെയില്‍) എന്ന കമ്പനിയാണ് പദ്ധതി നടത്തിപ്പുകാര്‍.
പുതിയ റെയില്‍വേ ലൈനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ അഞ്ച് പ്രധാന സ്റ്റേഷനുകളില്‍ ടൗണ്‍ഷിപ്പും ഉണ്ടാക്കാനും പദ്ധതിയിട്ടിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അയ്യായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. പദ്ധതി 2027ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിന്റെ ആരംഭം മുതല്‍ വന്‍ പ്രതിഷേധമാണ് സര്‍ക്കാര്‍ അഭിമുഖീകരിച്ചത്. വലിയ ജനകീയ സമരത്തിന് തന്നെയാണ് കേരളം ഈ സാഹചര്യത്തില്‍ സാക്ഷിയായത്.