ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതിക്കാവശ്യമായ അനുമതികള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല. കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്ന കേന്ദ്രത്തിന്റെ നിലപാടാണ് പ്രശ്‌നമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും വിളിച്ചതെന്നുമാണ് ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവിനെ കുറിച്ച് ധനമന്ത്രി പറഞ്ഞത്.
അതേ സമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോപത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കണം. സമരക്കാരെ പോലിസും സി.പി.എം ഗുണ്ടകളും തല്ലിച്ചതച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.