വിദഗ്ധര്‍ മരണം വിധി എഴുതിയ പാകിസ്താന്‍ കുട്ടിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം

വിദഗ്ധര്‍ മരണം വിധി എഴുതിയ പാകിസ്താന്‍ കുട്ടിക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം

കോഴിക്കോട്: ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ രണ്ട് വയസുകാരനായ പാകിസ്താന്‍ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പുനര്‍ജന്മം. അപൂര്‍വ്വവും അതീവ ഗുരുതരവുമായ സിവിയര്‍ കംബൈന്‍ഡ് ഇമ്മ്യൂണോ ഡിഫിഷന്‍സി എന്ന രക്തജന്യ രോഗം ബാധിച്ച പാക്കിസ്താന്‍ സ്വദേശിയായ രണ്ടു വയസുകാരനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവന്‍ തിരിച്ചുപിടിച്ചത്. യു.എ.ഇയില്‍ ഉള്‍പ്പെടെ ചികിത്സ തേടി പരാജയപ്പെട്ട ശേഷമാണ് ഇവര്‍ കേരളത്തിലെത്തിയതും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് മജ്ജമാറ്റിവക്കലിന് വിധേയരായി ജീവിതം തിരികെ പിടിച്ചതും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദേശങ്ങളും പാകിസ്താന്‍ സ്വദേശിയുടെ യാത്രാസംബന്ധമായ കാര്യങ്ങളും ചികിത്സാസംബന്ധമായ കാര്യങ്ങളും വേഗത്തിലാക്കുവാന്‍ സഹായകരമാവുകയും ചെയ്തു. രണ്ട് വര്‍ഷത്തിനിടയില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിര്‍വ്വഹിക്കുന്ന 75ാമത്തെ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആണ് ഇത്.

പാകിസ്താനിലെ ബലൂച്ചിസ്ഥാന്‍ സ്വദേശിയായ ജലാല്‍, സദൂരി ദമ്പതികളുടെ മകനായ സൈഫ് ജലാല്‍ ആണ് മജ്ജമാറ്റിവെക്കലിന് വിധേയനായത്. രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് മികച്ച ചികിത്സയ്ക്കായി പിതാവ് ജോലി ചെയ്യുന്ന യു.എ.ഇയിലേക്ക് മാറുകയും ചികിത്സ അവിടെ തുടരുകയും ചെയ്തു. കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് വിധേയനായെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി മാറുകയായിരുന്നു. രോഗപ്രതിരോധ ശേഷി തീര്‍ത്തും ഇല്ലാതായ കുഞ്ഞിനെ നിരന്തരമായ അണുബാധ അലട്ടുകയും ചെയ്തു. ശ്വാസകോശത്തിലുള്‍പ്പെടെ അണുബാധ രൂക്ഷമാവുകയും ഓക്സിജന്‍ നില തീരെ മോശമാവുകയും ചെയ്തു. ഏറ്റവും കൃത്യമായ ചികിത്സ ലഭ്യമായില്ലെങ്കില്‍ രണ്ടോ മുന്നോ വയസ്സിനുള്ളില്‍ മരണപ്പെടുക എന്നതാണ് ഈ രോഗബാധിതരായ കുഞ്ഞുങ്ങളുടെ പൊതുവായ വിധി. ഈ രീതിയില്‍ തന്നെയായിരുന്നു ജലാലിന്റെ അവസ്ഥയും പോയിരുന്നത്.

ഈ ഘട്ടത്തിലാണ് ആസ്റ്റര്‍ മിംസിലെ ചികിത്സയെ കുറിച്ച് കേട്ടറിഞ്ഞ് ജലാലും സദൂരിയും കേരളത്തിലേക്ക് എത്താന്‍ തീരുമാനിച്ചത്. പാകിസ്താന്‍ സ്വദേശികള്‍ എന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്ന തടസങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളാണ് നടത്തിയത്.

സൈഫ് ജലാലും പിതാവും

ഓക്സിജന്‍ പിന്തുണയോടെയാണ് സൈഫ് ജലാല്‍ കേരളത്തിലെത്തിയത്. നില അതീവ ഗുരുതരമായിരുന്നു. മജ്ജമാറ്റിവെക്കല്‍ മാത്രമേ പ്രതിവിധിയുള്ളൂ എന്ന നിഗമനത്തിലാണ് ആസ്റ്റര്‍ മിംസിലെ സീനിയര്‍ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്‍ എത്തിച്ചേര്‍ന്നത്. ഭാഗ്യവശാല്‍ അമ്മയുടെ മജ്ജ കുഞ്ഞിന് യോജിക്കുമായിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളെ നിരന്തരമായ പരിചരണത്തിലൂടെ തരണം ചെയ്ത ശേഷം കുഞ്ഞിനെ മജ്ജമാറ്റിവെക്കലിന് വിധേയനാക്കി. ഇപ്പോള്‍ രണ്ടു മാസം പൂര്‍ത്തിയായി കഴിഞ്ഞിരിക്കുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഓക്സിജന്‍ നിലയിലെ കുറവുമെല്ലാം അതിജീവിച്ച് സൈഫ് ജലാല്‍ ജീവിതത്തിലേക്ക് തിരികെവന്നു. തിരികെ പാകിസ്താനിലേക്ക് പോകുവാനും ബന്ധുക്കളെ കാണുവാനുമുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സൈഫ് ജലാലിന്റെ കുടുംബം.

രണ്ട് വര്‍ഷക്കാലയളവിനിടയില്‍ 75 മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പൂര്‍ത്തീകരിച്ചതായി ഡോ. കേശവന്‍ പറഞ്ഞു. വലിയ ചെലവ് വരുന്ന ഈ ചികിത്സാ രീതി ഏറ്റവും കുറഞ്ഞ ചെലവിലാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നിര്‍വഹിക്കുന്നത്. മാത്രമല്ല, ചികിത്സയുടെ വിജയത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് നിലനിര്‍ത്താനും ആസ്റ്റര്‍ മിംസിന് സാധിക്കുന്നുണ്ട്. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. സുരേഷ് കുമാര്‍ ഇ.കെ (ഹെഡ്, പീഡിയാട്രിക്സ്), ഡോ. കേശവന്‍.ആര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ്), ഡോ. സുദീപ്.വി (കണ്‍സല്‍ട്ടന്റ് ഹെമറ്റോളജിസ്റ്റ്), ഡോ. കെ.വി ഗംഗാധരന്‍ (ഡയറക്ടര്‍, ഓങ്കോളജി), ജലാല്‍ (സൈഫ് ജലാലിന്റെ പിതാവ്), ലുക്മാന്‍ പൊന്മാടത്ത് (സി.ഒ.ഒ, ആസ്റ്റര്‍ മിംസ്) എന്നിവര്‍പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *