കോഴിക്കോട്: കയറ്റുമതി ചരക്ക് കൂലിയിന്മേല്‍ ഒക്ടോബര്‍ മാസം മുതല്‍ ഏര്‍പ്പെടുത്തിയ സംയോജിത ചരക്കു സേവന നികുതി (ഐ.ജി.എസ്.ടി) ഉടന്‍ പിന്‍വലിക്കണമെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഫോറം കേന്ദ്ര ധനകാര്യ മന്ത്രിക്കും വാണിജ്യകാര്യ മന്ത്രിക്കും നിവേദനവും അയച്ചു.
വ്യോമയാന മാര്‍ഗം കയറ്റുമതി ചെയ്യുന്ന ചരക്കു കൂലിയിന്മേല്‍ 18 ശതമാനവും കടല്‍ മാര്‍ഗം കയറ്റുമതി ചെയ്യുന്ന ചരക്കുകൂലിയിന്മേല്‍ അഞ്ചു ശതമാനവും ഐ.ജി.എസ്.ടിയാണ് ഒക്ടോബര്‍ ഒന്നു മുതല്‍ ജി.എസ്.ടി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയത്. ഐ.ജി.എസ്.ടി നിയമം 12(8) പ്രകാരമായിരുന്നു ഇത്. എന്നാല്‍, ഈ തുക റീഫണ്ട് ചെയ്യാനോ ക്രെഡിറ്റ് എടുക്കുന്നതിനോ സാധ്യമല്ല.
കോവിഡിനെ തുടര്‍ന്ന് കയറ്റുമതി ചരക്കു കടത്തു കൂലി വളരെ ഉയര്‍ന്ന നിരക്കിലെത്തിയതു കാരണം പ്രതിസന്ധി നേരിടുന്ന രാജ്യത്തെ കയറ്റുമതിക്കാര്‍ക്ക് പുതിയ അധിക ജി.എസ്.ടി കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില കൂടുന്നത് കാരണം ഒക്ടോബറില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ രണ്ടു വര്‍ഷത്തിനിടെ ആദ്യമായി 16.6 ശതമാനം ഇടിവുണ്ടായി.
വിമാന മാര്‍ഗം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും രാജ്യത്തു നിന്ന് വന്‍തോതിലാണ് പഴം, പച്ചക്കറി കയറ്റുമതി ചെയ്തുകൊണ്ടിരുന്നത്. പുതിയ ഐ.ജി.എസ്.ടി ഈ കയറ്റുമതിയേയും സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ നാല് രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നുള്ള കയറ്റുമതിക്കും ഇതു തിരിച്ചടിയായിരിക്കുകയാണ്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളോട് വിലയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പല എക്‌സ്‌പോര്‍ട്ട് ഓര്‍ഡറുകളും റദ്ദാക്കപ്പെടുകയും ചെയ്തു. ഇതുകാരണം കാര്‍ഷിക രംഗത്തും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കുറയാനും ഇതു കാരണമാകുന്നുണ്ട്.
അധിക നികുതി വര്‍ധന പിന്‍വലിച്ച് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് യോഗം ജി.എസ്.ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.എം ഹമീദലി അധ്യക്ഷനായി. വല്ലാര്‍പ്പാടം പോര്‍ട്ടിനെ പ്രതിനിധീകരിച്ച് റോയിമോന്‍ വര്‍ഗീസ്, ഹെവന്‍ ജോസഫ്, കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സെക്രട്ടറി മുന്‍ഷിദ് അലി, വിജയന്‍ മേനോക്കി, എം അബ്ദുല്‍ റഹ്‌മാന്‍, എം.ഡി.എഫ് പ്രസിഡന്റ് കെ.എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. അനസ് മുല്ലവീട്ടില്‍ നന്ദി പറഞ്ഞു.