ചാലക്കര പുരുഷു
ജീവിച്ചിരിക്കെ തന്നെ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലമാണ് മയ്യഴിക്കടുത്ത തലശ്ശേരി. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിന്റെ പ്രതിമയാണ് ഗുരുവിന്റെ ജീവിതകാലത്തു തന്നെ വിഖ്യാത ഇറ്റാലിയന്‍ ശില്‍പി തവ്‌റലി പഞ്ചലോഹത്തില്‍ നിര്‍മിച്ച് , ഗുരുശിഷ്യനായ മൂര്‍ക്കോത്ത് കുമാരനടക്കമുള്ളവര്‍ ക്ഷേത്രാങ്കണത്തില്‍ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം കലാക്ഷേത്രമായ മയ്യഴിപ്പുഴയുടെ തീരത്തെ വിഖ്യാതമായ മലയാള കലാഗ്രാമത്തില്‍, കഥയുടെ പെരുന്തച്ഛനായ ടി.പത്മനാഭന്റെ അര്‍ദ്ധകായ വെങ്കല പ്രതിമ അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ എ.പി കുഞ്ഞിക്കണ്ണനാണ് സമര്‍പ്പിക്കുന്നത്. കലാഗ്രാമത്തിന്റെ ശില്‍പകലാവിഭാഗം മേധാവിയായിരുന്ന പ്രശസ്ത ശില്‍പ്പി മനോജ് കുമാറാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. നാളെ രാവിലെ 11 മണിക്ക് ശശി തരൂര്‍ എം.പി അനാച്ഛാദനം ചെയ്യും. യാദൃശ്ചികതയും നിയോഗവും ഒരു പോലെ സന്നിവേശിച്ചപ്പോഴാണ് പത്മനാഭന്റെ പ്രതിമ കലാഗ്രാമത്തിന്റെ പ്രവേശന വഴിയിലെ ചെറുകുന്നില്‍ ഇടം പിടിക്കുന്നത്. മലയാളം കണ്ട അത്യപൂര്‍വം ധീഷണാശാലിയായ എം.ഗോവിന്ദന്റെ കളരിയില്‍ പയറ്റി തെളിഞ്ഞവരാണ് പപ്പേട്ടനും (പത്മനാഭന്‍), എ.പി.യും തന്റെ അഞ്ചോളം പ്രശസ്തമായ കഥകളിലെ ആത്മാംശമുള്ള കഥാപാത്രം ആദരവിന്റെ ജീവന്‍ തുടിക്കുന്ന ശില്‍പ്പവുമായി മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍, കഥയുടെ പെരുന്തച്ഛന്റെ മനസ്സില്‍ അത് ഏഴ് പതിറ്റാണ്ടിന്റെ ഓര്‍മകളുടെ തിരയിളക്കം സൃഷ്ടിക്കുമെന്നുറപ്പ്.
എ.പി.യോടൊപ്പം മദിരാശിയിലെ താമസം വെടിഞ്ഞ് നാട്ടിലെത്തിയപ്പോഴും ആ വിശുദ്ധ സ്‌നേഹത്തിന്റെ സുഗന്ധം മാഞ്ഞുപോയില്ല. 1952ല്‍ എ.പിയെ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹം പണക്കാരനായിരുന്നില്ല. പിന്നീടിങ്ങോട്ട് കുഞ്ഞിക്കണ്ണന്റെ വ്യാവസായിക വളര്‍ച്ചക്കൊപ്പം ഇരുവരുടെ സൗഹൃദവും പടര്‍ന്ന് പന്തലിക്കുകയായിരുന്നു. മദിരാശിയിലെ ഒട്ടേറെ സാഹിത്യ വേദികളിലും, വര്‍ഷംതോറും വിവിധ സംഗീത സഭകള്‍ നടത്തുന്ന മാര്‍ഗഴി സംഗീത മഹോത്സവങ്ങളിലും അവര്‍ ഒന്നിച്ചു. ‘അക്കാലത്ത് ആശയങ്ങളുടെ ന്യൂക്ലിയസ് പോലെ ‘പവിത്ര സംഘ’ത്തിനൊപ്പമുണ്ടായിരുന്നവരില്‍ എം.ഗോവിന്ദനും പിന്നീട് എം.വി ദേവനും ഇന്നില്ല. 96 കാരനായ എ.പി.യും 94 കാരനായ ഞാനും ബാക്കിയായി – പപ്പേട്ടന്‍ പറഞ്ഞു. വേറിട്ട ആവിഷ്‌കാരങ്ങളാണെങ്കിലും കലകളുടെ സംഗമ ഭൂമികയായ മാഹി മലയാള കലാഗ്രാമവും കാര്‍ഷിക തോട്ടങ്ങളുടെ സമന്വയമായ ഊത്തുക്കോട്ടയിലെ കൃഷിയിടവും കുഞ്ഞിക്കണ്ണന്റെ സ്വപ്‌ന സാക്ഷാത്ക്കാരങ്ങളാണ്. ദേശീയ അന്തര്‍ദേശിയ നേതാക്കളടക്കം പങ്കെടുത്തിട്ടുള്ള ഒട്ടേറെ പരിപാടികള്‍ കലാഗ്രാമത്തില്‍ നടന്നപ്പോഴെല്ലാം അതിലൊക്കെ അധ്യക്ഷന്‍ താനായിരിക്കണമെന്ന നിര്‍ബന്ധം കുഞ്ഞിക്കണ്ണുണ്ടായിരുന്നു. സദസ്സിലെ ഒന്നാം നമ്പര്‍ സീറ്റില്‍ കുഞ്ഞിക്കണ്ണന്‍ ഇരിക്കുന്നുണ്ടാവും.സൗഹൃദങ്ങളുടെ ഇഴപിരിയാത്ത ആത്മബന്ധം സമ്മാനിച്ച വേറിട്ട അനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്നും ഉയിര്‍ത്തുവന്ന അതിസുന്ദരമായ അഞ്ച് കഥകള്‍ ടി.പത്മനാഭന്റെ തൂലികയില്‍ പിറന്നു. എല്ലാറ്റിലും കഥാപാത്രം ഒരാള്‍ തന്നെ. ആ നിലയ്ക്ക് താനാണ് ആദ്യം പ്രതിമ തീര്‍ത്തത്. വാക്കുകള്‍ കൊണ്ടുള്ള കുഞ്ഞിക്കണ്ണന്റെ ശില്‍പ്പം.
ചൊക്ലിയിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച്, ഒന്നുമില്ലായ്മയില്‍ നിന്നും മദിരാശി തുറമുഖത്തെ വന്‍ വ്യവസായശൃംഗലയുടെ അമരക്കാരനും കലാ സാഹിത്യ ലോകത്തെ ആത്മ സൗഹൃദങ്ങളുടെ രാജകുമാരനുമായ കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണന്‍ അമൂല്യങ്ങളായ സൗഹൃദങ്ങളുടെ കൂട്ടുകാരന്‍ കൂടിയാണ്.രാഷ്ട്രീയവും, കലയും, സംസ്‌കാരവുമെല്ലാം കുഞ്ഞിക്കണ്ണന് അതിരുകളില്ലാത്ത പച്ചയായ സ്‌നേഹം മാത്രമായിരുന്നു. ഹൃദയത്തിന്റെ ഭാഷയും സമാനതകളില്ലാത്ത ആഖ്യാനവും വ്യതിരിക്തമായ ഇതിവൃത്തവും കൊണ്ട് വായനക്കാരുടെ മനസ്സില്‍ ഒരിക്കലും മായാത്ത മുദ്രകള്‍ ചാര്‍ത്തിയ ടി.പത്മനാഭന്റെ കഥകളാണ് ‘ഒരു സ്വപ്‌നം പോലെ ‘, ‘ഒരു പെരുമഴ പോലെ ‘, ‘ചിത്തരഞ്ജിനി, തുടങ്ങിയവ. ഇവയിലൊക്കെ ഈ മനുഷ്യനായിരുന്നു നായക കഥാപാത്രങ്ങള്‍. എന്നും തിരശ്ശീലക്ക് പിന്നില്‍ മാത്രം നില്‍ക്കുകയും ഏറ്റവും പിറകില്‍ മാത്രം സഞ്ചരിക്കുകയും, ഏതൊരു ചര്‍ച്ചയിലേയും ഒടുവിലത്തെ വാക്കായി മാറുകയും ചെയ്യുന്ന ഈ മനുഷ്യന്‍ പരിചയപ്പെട്ടവര്‍ക്കെല്ലാം സ്‌നേഹത്തിന്റെ നിറകുടമാണ്. ഈ വ്യക്തിവിശേഷമാണ് എളിമയുടെ ആള്‍രൂപമായ ഈ മനുഷ്യനെ വലിയവനാക്കുന്നത്.