ഡോ.ആര്‍സു
കൂര്‍ത്ത മുള്ളുകള്‍ക്കിടയില്‍ വിടര്‍ന്ന് വിലസി നില്‍ക്കുന്ന പനിനീര്‍ പൂവിന്റെ സൗന്ദര്യവും സൗരഭ്യവും ആരിലും മതിപ്പുളവാക്കും. ക്ലേശ പാതകളിലൂടെ മുന്നേറി വിജയം നേടുന്ന വ്യക്തികളുടെ ജീവിതവും അങ്ങനെയാണെന്ന് പറയാം. നമ്മുടെ ചുറ്റുവട്ടത്ത് തന്നെ അത്തരത്തിലുള്ള ചില വ്യക്തികളുണ്ടാകും. അങ്ങനെ എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു വ്യക്തിയായിരുന്നു എന്‍.ഇ ബാലകൃഷ്ണമാരാര്‍. 2022 ഒക്ടോബറിന് നവതിയുടെ നിറവിലെത്തിയ ബാലേട്ടന്‍ പിറ്റേന്നാള്‍ വിടവാങ്ങി.
ഏറെ അപൂര്‍വ്വതകള്‍ പുലര്‍ത്തിയതായിരുന്നു ബാലേട്ടന്റെ ജീവിതപാത. ‘കണ്ണീരിന്റെ മാധുര്യം’ മലയാളത്തിലെ ആത്മകഥാ ശാഖയിലെ ശ്രദ്ധേയമായൊരു കൃതിയാണ്. എന്റെ മനസ്സിനെ അഗാധമായി സ്പര്‍ശിക്കുകയുണ്ടായി. അതിന് സവിശേഷമായ ഒരു കാരണമുണ്ട്. ജീവിതത്തിന്റെ പുലരിയില്‍ ആഹ്ലാദത്തിന്റെ പൂത്തിരിയുടെ വെളിച്ചം കാണാനുള്ള സൗഭാഗ്യമില്ലാതെ പോയ വ്യക്തിയായിരുന്നു ബാലേട്ടന്‍. അച്ഛന്റെ അകാല മരണം കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി. നിത്യവൃത്തിക്ക് വഴിയില്ലാതെ കുടുംബം ക്ലേശിച്ചു. പ്രൈമറി വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നു. കണ്ണൂരില്‍ നിന്ന് വണ്ടി കയറി ബാലേട്ടന്‍ കോഴിക്കോട്ടെത്തി. തൊഴിലിനായി പലരുടെയും വാതില്‍ക്കല്‍ മുട്ടി. പത്ര വില്‍പ്പനക്കാരനായത് അങ്ങനെയാണ്.
പത്ര വില്‍പ്പന രാവിലെ കുറച്ചു നേരംകൊണ്ടവസാനിക്കും. ശേഷിച്ച സമയവും വിനിയോഗിച്ചാല്‍ നന്നാവുമെന്ന് സ്വയം തോന്നി. പുസ്തകങ്ങള്‍ വീടുകളിലും ലോഡ്ജുകളിലും കോളേജുകളിലും എത്തിക്കുന്ന ജോലി കൂടുതലായി ചെയ്യാനായി. അറിവുള്ള പലരും പുസ്തകം വാങ്ങി തുണച്ചതോടെ മനസ്സില്‍ ഉത്സാഹത്തിന്റെ തിരികള്‍ മുളപൊട്ടി. അങ്ങെയിരിക്കെ ഒരു നാള്‍ അശുഭകരമായ ഒരു സംഭവമുണ്ടായി. അമ്മൂമ്മയുടെ മരണ വാര്‍ത്തയറിഞ്ഞപ്പോള്‍ നാട്ടിലേക്ക് പോയി. അവിടത്തെ ചടങ്ങുകളില്‍ പങ്കെടുത്ത് കോഴിക്കോട്ട് മടങ്ങിയെത്തിയപ്പോള്‍ ഒരു ദുരനഭവമുണ്ടായി. പുസ്തകഷാപ്പുടമ ശകാരിച്ചു. നീ ഒന്നിനും കൊള്ളാത്തവനാണ്, ഒന്നും ഉത്തരവാദിത്വത്തോടെ നിന്നെ ഏല്‍പ്പിക്കാനാകില്ല. ഈ അര്‍ത്ഥം വരുന്ന വാക്കുകളായിരുന്നു പുസ്തക ഷോപ്പുടമ പ്രയോഗിച്ചത്. സ്വപ്‌നേപി നിനക്കാത്ത ഈ കുത്തുവാക്കുകള്‍ ബാല മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. പ്രകോപനമായി ഒന്നും പ്രതികരിക്കാതെ അവിടെനിന്നിറങ്ങിയ ബാലേട്ടന്‍ വേറെ ചില ബുക്സ്റ്റാള്‍ ഉടമകളെ സമീപിച്ചു. അവരുടെ മനസ്സലിയുകയും കൈത്താങ്ങായി നില്‍ക്കാന്‍ മുന്നോട്ടു വരികയും ചെയ്തു. മനസ്സില്‍ മൂടിക്കെട്ടി നിന്ന കാര്‍മേഘ പടലങ്ങള്‍ അകന്നു. ചില രജത രശ്മികള്‍ തെളിഞ്ഞു.
കിഴക്ക് വെള്ള കീറുംമുമ്പ് ഒരുങ്ങി നിന്നു. തലയില്‍ ചുമലില്‍ ഒക്കെ പുസ്തക കെട്ടുകള്‍വച്ചു യാത്ര തുടങ്ങി. വിജ്ഞാന ജിജ്ഞാസുക്കള്‍ കൈനീട്ടി സ്വീകരിച്ചു. അവര്‍ക്ക് അനിവാര്യമായിരു പുസ്തകങ്ങള്‍ എത്തിച്ച് തരാനാകുമോ എന്ന ചോദ്യത്തിനു മുമ്പില്‍ ആദ്യം പകച്ചു നിന്നു. അതിന് വഴിയുണ്ടാക്കേണ്ടത് എങ്ങനെയെന്ന് ചിന്തിച്ചു. അതുംതെളിഞ്ഞു കിട്ടി. മദ്രാസില്‍ നിന്ന് പുസ്തകം വരുത്താമെന്നായി. പുസ്തകം വാങ്ങുന്നവര്‍ ബില്ല് രസീത് എന്നിവയുണ്ടോയെന്നും തുടര്‍ന്നാരാഞ്ഞു. ആദ്യം വേണ്ടത് ഒരു പേരായിരുന്നു. സഞ്ചരിച്ച് പുസ്തകം വില്‍ക്കുന്നയാള്‍ക്ക് പ്രൊഫ.ആര്‍ രാമചന്ദ്രന്‍ ഒരു പേര് നിര്‍ദ്ദേശിച്ചു കൊടുത്തു. ടൂറിംഗ് ബുക്ക്സ്റ്റാള്‍. ചെറിയ മുറി വാടകയ്‌ക്കെടുത്ത് പുസ്തകങ്ങള്‍ അവിടെ ശേഖരിച്ചു.
മെഡിക്കല്‍ കോളേജ്, എന്‍ജിനീയറിങ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നീ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയതോടെ പുസ്തക വില്‍പന സാധ്യത വര്‍ധിച്ചു വന്നു. അത് വലിയൊരു ചക്രവാളമാണെന്ന് ബാലേട്ടന്‍ തിരിച്ചറിഞ്ഞു. പുസ്തകം തേടിപ്പോകുന്നവര്‍ക്ക് ബാലേട്ടന്‍ ഒരു അത്താണിയായി. ഉന്നത ബിരുദങ്ങളൊന്നും നേടിയില്ലെങ്കിലും അതെല്ലാമുള്ളവരുമായുള്ള സമ്പര്‍ക്ക ശൃംഖല വലുതായി വന്നു. എഴുത്തുകാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ ഇവരെല്ലാം അന്വേഷകരായി എത്തി. ഇനി ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ച് നാളുകള്‍ തള്ളി നീക്കേണ്ടിവരില്ലെന്ന ഉള്‍ബോധം ബാലേട്ടനുണ്ടായി. പ്രതിസന്ധികളുടെ മുമ്പില്‍ തളരേണ്ടതില്ലെന്ന് മനസ്സ് സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. പുസ്തക വില്‍പ്പനയോടൊപ്പം പുസ്തക പ്രസാധനവും ഗുണകരമാകുമെന്ന ചിന്ത മനസ്സിലുദിച്ചു. അങ്ങനെയാണ് പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ ആവിര്‍ഭാവം. മൂല്യവത്തായ അനേകം പുസ്തകങ്ങള്‍ പൂര്‍ണയിലൂടെ വായനക്കാരിലെത്തി. വിവവര്‍ത്തനത്തിലും ശ്രദ്ധ പതിഞ്ഞു.
പല രാജ്യങ്ങള്‍ ബാലേട്ടന്‍ സന്ദര്‍ശിച്ചിരുന്നു. അവിടത്തെ പ്രസാധക സ്ഥാപനങ്ങളും ബുക്ക് ഷോപ്പുകളും കാണാന്‍ മനസ്സുകൊതിച്ചു. വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും ഒത്തുചേരാന്‍ സാധിക്കുന്ന ബുക്ക് ഷോപ്പുകള്‍ കണ്ടപ്പോള്‍ ഇങ്ങനെയെന്ന്് എന്റെ നാട്ടിലും ഉണ്ടായെങ്കില്‍ എന്ന ആശയത്തിന്റെ വിത്ത് മനസ്സില്‍ വീണു. അത് മുളച്ചു, ചെടിയായി മരമായി പലര്‍ക്കും തണലേകുന്ന സ്ഥിതി വന്നു. വായനാ തല്‍പരര്‍ക്ക് അതൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറി. ശുഭ്ര വസ്ത്രം, ശുഭ്രകേശം, ശുഭ്ര മനസ്സ് പൂപ്പുഞ്ചിരി ഇതെല്ലാം ബാലേട്ടന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു. മാനേജ്‌മെന്റിന്റെ നൂതന സാങ്കേതിക വിദ്യകളൊും നേടിയില്ലെങ്കിലും അതിന്റെ സിദ്ധികളെല്ലാം അദ്ദേഹം ജീവിതത്തില്‍ നിന്ന് പഠിക്കുകയും പകരുകയും ചെയ്തു.
എന്റെ ബാല്യകാല ജീവിത സാഹചര്യങ്ങള്‍ ബാലേട്ടന്‍ നന്നായി മനസ്സിലാക്കിയിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ സ്‌നേഹം എനിക്ക് സദാ ലഭിച്ചുകൊണ്ടിരുന്നു. ഉള്ളുതുറന്ന് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ധാരാളം അവസരങ്ങളുണ്ടായി. ഒരിക്കല്‍ അദ്ദേഹം പറഞ്ഞ ഒരു വാചകം ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു. ആര്‍സുവിന്റെയും എന്റെയും ജീവിത ചുറ്റുപാടുകള്‍ തമ്മില്‍ വലിയ സാമ്യമുണ്ട്. ഒരു വ്യത്യാസമുണ്ട്. ആര്‍സുവിന് ഉയര്‍ന്ന് പഠിക്കാനായി, എനിക്കതിന് സാധിച്ചില്ല. എന്നേേക്കാള്‍ ഉയരാനും വളരാനും ബാലേട്ടന് സാധിച്ചിട്ടുണ്ട്. അനുഭവങ്ങളുടെ സമ്പത്ത് താങ്കള്‍ക്കാണ് കൂടുതലുള്ളത്. അതു തെയാണ് ഏറ്റവും ശ്രേഷ്ഠമായ വിദ്യാസമ്പത്ത് എന്നു ഞാന്‍ മറുപടി പറഞ്ഞു. ശരിയാണെന്നു അദ്ദേഹം സമ്മതിച്ചു. എന്നോട് ചില ആഗ്രഹങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ടി.ബി.എസ്, പൂര്‍ണ ഇവ വലിയ വ്യവസായ സ്ഥാപനങ്ങളായി. നല്ലൊരു സാംസ്‌കാരിക കേന്ദ്രമായും ജനമനസ്സുകളുടെ അംഗീകാരം ലഭിക്കണമെന്നുണ്ട്.
താങ്കള്‍ വിചാരിച്ചാല്‍ ഇന്ത്യയിലെ പല പ്രശസ്തരായ എഴുത്തുകാരെയും പൂര്‍ണയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ, അതില്‍ സഹായിക്കണം. സര്‍വ്വകലാശാലയില്‍ വരന്നു പല എഴുത്തുകാരെയും ടി.ബി.എസില്‍ എത്തിക്കണമെതായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. ആ വഴിയില്‍ ശ്രമിക്കാമെന്നദ്ദേഹത്തിന് ഞാന്‍ ഉറപ്പു കൊടുത്തു. സീതാകാന്ത് മഹാപാത്ര, മജ്‌റൂഹ് സുല്‍ത്താന്‍ പുരി, പ്രതിഭാറായ്, മൃദുലാ സിപറ, ലീലാധര്‍ മണ്ഡലോയ് എന്നിവരെല്ലാം ടി.ബി.എസിന്റെ വിവിധ പരിപാടികളില്‍ അതിഥികളായി എത്തി. നമ്മുടെ പത്രങ്ങളെല്ലാം അത് വലിയ ആഘോഷങ്ങളാക്കി മാറ്റി. ബാലേട്ടന്‍ ഇതില്‍ വലിയ സന്തോഷം പ്രകടിപ്പിച്ചു. ഭാഷാ സമന്വയവേദിക്ക് ബാലേട്ടന്‍ വളരെയേറെ പ്രോത്സാഹനം നല്‍കി. ഞങ്ങളുടെ ചില പരിപാടികള്‍ അവിടെ നടത്താന്‍ സൗകര്യം ചെയ്തു തന്നു. രാജസ്ഥാനി കഥകള്‍, ദേശീയ ഭാഷാ കഥകള്‍, ജ്ഞാനപീഠ സംവാദങ്ങള്‍, പ്രതിഭാ റായി കഥകള്‍, മൃദുലാ സിപറ കഥകള്‍ ഇവയെല്ലാം പൂര്‍ണയിലൂടെ പുറത്തു വന്ന കൃതികളാണ്. ബാലേട്ടനെക്കുറിച്ച് ഹിന്ദിയില്‍ ഞാനെഴുതിയ ലേഖനം ഉത്തര്‍പ്രദേശിലെ പൂര്‍വ്വാപര്‍ മാസിക പ്രസിദ്ധീകരിച്ചു. ഡല്‍ഹിയില്‍ പ്രസാധകരുടെ സ്ഥാപനത്തിന്റെ പുരസ്‌കാരം നേടിയപ്പോള്‍ ചെയ്യാനുള്ള പ്രസംഗം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിക്കൊടുത്തത് ഉത്തരേന്ത്യന്‍ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
2018 ആഗസ്റ്റില്‍ എനിക്ക് നട്ടെല്ലില്‍ കാന്‍സര്‍ സര്‍ജറി നടന്നു. ആ വേളയില്‍ ദുഃഖിതനായി കഴിഞ്ഞ എന്നെ ആശുപത്രിയിലും വസതിയിലുമെത്തി ആശ്വസിപ്പിച്ച ബാലേട്ടന്റെ വിശാല മനസ്സ് ഞാന്‍ അടുത്തറിഞ്ഞു. എന്നെ കാണാന്‍ വപ്പോള്‍ എഴുതാനുള്ള കടലാസും പുതിയ പുസ്തകങ്ങളും കൊണ്ടുവന്നിരുന്നു. കിടപ്പിലാകുന്നവര്‍ക്ക് പുസ്തകം സമാശ്വാസമാകുമെന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. ഒന്നുമില്ലായ്മയില്‍ നിന്നു തുടങ്ങി സമൃദ്ധിയിലെത്തിയ ബാലേട്ടന്‍ ഒരു ലിവിംഗ് ലെജന്റ് ആയിരുന്നു. വിനയവും വിവേകവും അദ്ദേഹം ഒരിക്കലും കൈവെടിഞ്ഞില്ല. സുകൃതം ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. അനേകം ദീന സേവന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. പ്രളയം, കൊറോണ ഇവയെല്ലാം നാട്ടില്‍ വന്‍ നഷ്ടങ്ങള്‍ വരുത്തിയപ്പോള്‍ ബാലേട്ടന്‍ പലര്‍ക്കും താങ്ങും തണലുമായി. സമ്പാദനത്തിന്റെ വലിയൊരു ഭാഗം ദുരിതമനുഭവിക്കുവര്‍ക്കായി അദ്ദേഹം നീക്കിവച്ചു. വെസ്റ്റ്ഹില്‍ അനാഥ മന്ദിര സമാജം ദീനബന്ധു പുരസ്‌കാരത്തിന് 2021ല്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. അനാരോഗ്യം കാരണം ചടങ്ങില്‍ ഹാജരാകാന്‍ ബാലേട്ടന് സാധിച്ചില്ല. മകന്‍ എന്‍.ഇ മനോഹര്‍ അത് ഏറ്റുവാങ്ങി. From dust to doyew എന്ന് ഇംഗ്ലീഷിലൊരു പ്രയോഗമുണ്ട്. അതിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു ബാലേട്ടന്‍. പ്രസാധക രംഗത്തെ പ്രകാശ ഗോപുരമായിരുന്നു പൂര്‍ണ ബാലേട്ടന്‍. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.