പി.ടി നിസാര്‍
മഹാകവി വള്ളത്തോളിന്റെ ജന്മംകൊണ്ട് പുകള്‍പെറ്റ ചേന്നര ഗ്രാമത്തില്‍ മണ്ണഴി ഗോവിന്ദ മേനോന്റേയും മീനാക്ഷിയമ്മയുടേയും ആറ് മക്കളില്‍ അഞ്ചാമനായി 1939ലാണ് ഗോപിനാഥ് ചേന്നര ജനിച്ചത്. ചേന്നര വിശ്വ വിദ്യാലയം അപ്പര്‍ പ്രൈമറി സ്‌കൂളിലെ പഠനത്തിനുശേഷം ഇംഗ്ലീഷിലുള്ള പ്രാവീണ്യംകൊണ്ട് ഇ.എസ്.എസ്.എല്‍ പരീക്ഷ പാസാവുകയും ഒമ്പതാം ക്ലാസിലേക്ക് നേരിട്ട് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഗവ. ബോയ്സ് ഹൈസ്‌കൂള്‍ തിരൂരില്‍ നിന്ന് പത്താംതരം പാസായി. കോഴിക്കോട്ട് ഫാര്‍മസി പഠനത്തിനായി എത്തിച്ചേര്‍ന്നു. പഠനകാലത്താണ് അളകാപുരിയുടെ ഉടമയായ സി.കൃഷ്ണന്‍നായരുമായി പരിചയപ്പെടുന്നത്. ഗോപിനാഥനോട് പ്രത്യേക വാത്സല്യം തോന്നി കൃഷ്ണന്‍നായര്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ജോലിക്കായി നിയമിക്കുകയായിരുന്നു. കൃഷ്ണന്‍നായര്‍ക്ക് ഗോപിയോട് തോന്നിയ പുത്ര വാത്സല്യം തന്നെയായിരുന്നു ജോലിക്കാധാരമായത്. തുടര്‍ന്ന് അളകാപുരിയിലേക്ക് റിസപ്ഷനിസ്റ്റായി ഗോപിയെ കൃഷ്ണന്‍നായര്‍ മാറ്റുകയാണുണ്ടായത്. ആ ജോലിക്ക് ഒട്ടേറെ കൗതുകത്വവും ഉണ്ടായിരുന്നു. ഇന്നത്തെപോലെയല്ല അന്ന്. ടെക്‌നോളജി വളരാത്ത അക്കാലത്ത് ടെലഫോണ്‍ ചെയ്യണമെങ്കില്‍ ട്രങ്ക് ബുക്ക് ചെയ്യണം. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് വയോജന വിദ്യാഭ്യാസ രംഗത്തും യുവാവായ ഗോപിനാഥന്‍ സജീവമായിരുന്നു. കൂലിപണിക്കാരുടെ തട്ടകത്തെ ഇടങ്ങളിലെത്തി അവിടെയായിരുന്നു ക്ലാസുകള്‍ നടത്തിയിരുന്നത്.
ക്ലാസ് കഴിയുമ്പോള്‍ രാത്രിയാവും. അവിടെത്തന്നെ കിടന്നുറങ്ങും. അന്ന് നടക്കാന്‍ നല്ല വഴികളോ വെളിച്ചമോ ഇല്ലാത്ത കാലമായിരുന്നു. അളകാപുരിയിലെ ജോലിയില്‍ മതിപ്പ് തോന്നിയ കൃഷ്ണന്‍നായര്‍ പ്രമോഷനോടുകൂടി ഗോപിനാഥനെ അളകാപുരിയുടെ ഗുരുവായൂരിലുള്ള സത്രം റസ്റ്റോറന്റിലേക്ക് സ്ഥലമാറ്റം നല്‍കി. അവിടെയുണ്ടായിരുന്ന വേണുവിനെ ഇങ്ങോട്ടേക്കും. ഗോപിനാഥ് അവിടെ ജോലി ചെയ്യുന്ന കാലത്താണ് സിനിമാ നടി പത്മിനിയുടെ വിവാഹം ഗുരുവായൂരില്‍ നടന്നത്. അന്ന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗോപിനാഥന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. ഗുരുവായൂര്‍ സത്രം ചാരിറ്റബിള്‍ ട്രസ്റ്റിന് സി.കൃഷ്ണന്‍ നായരാണ് നേതൃത്വം കൊടുത്തത്. ഏതാണ്ട് പത്തുവര്‍ഷക്കാലം അവിടെ ജോലിയെടുത്തു. അതാണ് തന്റെ ജീവിതത്തിലെ സുവര്‍ണ കാലമെന്ന് ചേന്നര ഓര്‍ത്തെടുക്കുന്നു. ഇക്കാലത്താണ് കലാ-സാംസ്‌കാരിക ഉന്നതിക്കായി ഗുരുവായൂര്‍ ആര്‍ട്സ് ക്ലബ് ഉണ്ടാക്കുന്നത്. കലാകാരനും എഴുത്തുകാരനുമായിരുന്ന പുതൂര്‍ ഉണ്ണികൃഷ്ണന്‍ ചെയര്‍മാനും പത്രപ്രവര്‍ത്തകനായിരുന്ന സി.ജി നായര്‍ രക്ഷാധികാരിയും ഗോപിനാഥ് ജനറല്‍ സെക്രട്ടറിയുമായി പ്രഥമ കമ്മിറ്റിയും നിലവില്‍ വന്നു. 1965-68 കാലത്ത് ആദ്യ സ്റ്റേജ് കിട്ടിയതും ഗുരുവായൂരില്‍ തന്നെ. ഗുരുവായൂര്‍ നടയില്‍ സത്രം ഹാളില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി എന്‍.പി ചെല്ലപ്പന്‍ നായരുടെ ക്ഷീരബല സഹചരാദി കഷായത്തില്‍ എന്ന ശാസ്ത്രനാടകം അരങ്ങേറി.
അന്നത്തെ പ്രമുഖ സായാഹ്ന പത്രമായിരുന്ന സ്വതന്ത്ര മണ്ഡപത്തിന്റെ എഡിറ്റര്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയായിരുന്നു. അദ്ദേഹത്തിന്റെ പ്രോത്സാഹനം വളരെ വലുതായിരുന്നു. ഗോപിനാഥിന്റെ അമ്മയായി അഭിനയിച്ചത് സിനിമാനടി ഫിലോമിനയായിരുന്നു. പ്രമുഖ നടീനടന്മാരായിരുന്ന സത്യന്‍, മധു, കവിയൂര്‍ പൊന്നമ്മ, രാഗിണി എന്നിവരെയെല്ലാം ഗുരുവായൂരില്‍ വച്ചാണ് പരിചയപ്പെടാന്‍ ഇടയായത്. അവിടത്തെ ജോലിക്ക് ശേഷമാണ് ഫാര്‍മസിസ്റ്റായി പഠിക്കുന്നത്. കോഴ്സ് കഴിഞ്ഞതിന് ശേഷം തിരൂരില്‍ മെഡിക്കല്‍ഷോപ്പ് ആരംഭിച്ചു. മഹാകവി വള്ളത്തോള്‍ മണ്‍മറഞ്ഞിട്ട് 50 വര്‍ഷം കഴിഞ്ഞിട്ടും ആ മഹാന്റെ പേരില്‍ ഒരു ലൈബ്രറി പോലും ഇല്ലാതിരുന്ന ആ കാലത്ത് അത് മനസ്സിലാക്കുകയും മഹാകവിയുടെ ജന്മനാട്ടില്‍ നാട്ടുകാരുടേയും വള്ളത്തോള്‍ കുടുംബാംഗങ്ങളുടേയും യോഗം വിളിച്ച് ചേര്‍ക്കുകയും മഹാകവി വള്ളത്തോള്‍ സ്മാരകസമിതി രൂപീകരിക്കുകയും ചെയ്തു. ഗോപിനാഥ് തന്നെയായിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി. വള്ളത്തോള്‍ സ്മാകരസമിതി മലപ്പുറം മുന്‍ കലക്ടറായിരുന്ന വള്ളത്തോള്‍ ബാലകൃഷ്ണമോനോനുമായി നേരില്‍ സംസാരിക്കുകയും അദ്ദേഹം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു. അക്കാലത്തെടുത്ത പ്രതിജ്ഞയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി രസീറ്റടിക്കില്ലായെന്നത്. ആ പ്രതിജ്ഞ ഗോപിനാഥന്‍ ഇന്നും പാലിച്ചു വരുന്നു. മഹാകവിയുടെ 125ാം ജന്മവാര്‍ഷിക ദിനത്തില്‍ സമിതി സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത് അഴീക്കോട് മാഷായിരുന്നു. ആ യോഗത്തില്‍ വള്ളത്തോള്‍ തറവാട്ടിലെ മുതിര്‍ന്ന കാരണവരായിരുന്ന വള്ളത്തോള്‍ നാരായണന്‍ കുട്ടിമേനോന്‍ (പ്രായം 87), വള്ളത്തോളിന്റെ ഏകമകള്‍ വാസന്തിമേനോന്‍ എന്നിവര്‍ യോഗത്തില്‍ ആദ്യാവസാനം പങ്കെടുത്തു.
അതിനുശേഷം മഹാകവിയുടെ ജന്മ-ചരമദിനാചരണം ഗോപിനാഥന്‍ ഇന്നുവരെ മുടക്കിയിട്ടില്ല. ഈ ഒക്ടോബര്‍ 16നാണ് മഹാകവിയുടെ 144ാം ജന്മവാര്‍ഷിക ദിനം ആഘോഷിച്ചത്. പലരും ഗോപിയോട് ചോദിക്കാറുണ്ട് വള്ളത്തോള്‍ ഗോപിക്ക് എന്തെങ്ങിലും തന്നിട്ടുണ്ടോയെന്ന്. നാലര വയസുള്ളപ്പോഴാണ് മഹാകവിയെ കാണാന്‍ ഗോപിക്ക് മാഹാഭാഗ്യം ലഭിച്ചത്. അന്ന് ഗോപിയുടെ അമ്മ മരിച്ച സമയം കൂടിയായിരുന്നു. ഓലപുരയിലായിരുന്നു ഗോപിയും കുടുംബവും താമസിച്ചിരുന്നത്. ആ സമയത്താണ് വിശ്വവിദ്യാലയത്തില്‍ വള്ളത്തോള്‍ ആദ്യമായി കഥകളി നടത്തിയത്. കലയോടുള്ള ഭ്രമം കാരണം ഗോപി പുലര്‍ച്ചെ നാല് മണിക്ക് വീട്ടുകാര്‍ പോലും അറിയാതെ കഥകളി കാണുവാനും കൊട്ടു കേള്‍ക്കുവാനമായി പോയി. ആ സമയത്ത് വള്ളത്തോള്‍ ഗോപിയെ കാണുകയും അസമയത്തുള്ള ആ വരവിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. കളി കാണാനും കൊട്ടു കേള്‍ക്കുവാനും വന്നതാണെന്ന് പറഞ്ഞപ്പോള്‍ ആ മഹാന്റെ ദീര്‍ഘ ദൃഷ്ടിയാല്‍ ഗോപിയെ അരികിലേക്ക് വിളിച്ച് വരുത്തി വള്ളത്തോളിന്റെ തൃക്കൈകള്‍ ശിരസ്സില്‍വച്ച് അനുഗ്രഹിക്കുകയും ചെയ്തു. മഹാകവിയെ ആദ്യമായും അവസാനമായും ഗോപി കണ്ടത് അന്നായിരുന്നു. അതിന്ശേഷം മഹാകവിയെ മനസ്സില്‍ വിചാരിച്ചാല്‍ അദ്ദേഹത്തിന്റെ നാമധേയത്തില്‍ നടത്തുന്ന പരിപാടികള്‍ക്ക് ഒരുമുടക്കവും ഗോപിക്ക് വരാറില്ല. മഹാകവി വള്ളത്തോള്‍ കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ ചെയര്‍മാനായി 20 വര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ഠിക്കാനുള്ള ഭാഗ്യവും ഗോപിക്കുണ്ടായി. നാട്ടിലെ എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഗോപിനാഥ് ചേന്നര.
ബി.പി അങ്ങാടി ജി.എല്‍.പി സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റായിരിക്കുന്ന കാലത്താണ് ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയത്. സ്‌കൂളിലെ കുടിവെള്ള പ്രശ്നം യാതൊരു പരിഹാരവുമില്ലാതെ കിടക്കുന്ന കാലം. അന്ന് ജലസേചന വകുപ്പ് മന്ത്രി എം.പി ഗംഗാധരനായിരുന്നു. അദ്ദേഹത്തെ നേരില്‍പോയി കണ്ട് നിവേദനം നല്‍കി. അദ്ദേഹത്തിന്റെ ഓര്‍ഡറിലൂടെയാണ് ടാങ്കില്‍നിന്ന് വലിയ പൈപ്പിലൂടെ വെള്ളംകൊണ്ടുവരാന്‍ സാധിച്ചത്. പഴയ തലക്കാട് പഞ്ചായത്ത് ഓഫിസ്, ഡയറ്റ്, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം ഈ പൈപ്പിടലിലൂടെ വെള്ളം ലഭ്യമായി. നാടിന് വേണ്ടി നടത്തിയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ഗോപിയുടെ പ്രവര്‍ത്തനം വിലയിരുത്തി 2001ല്‍ ഗോപിനാഥ് ചേന്നര എന്ന നാമധേയത്തില്‍ പഞ്ചായത്ത് നടപ്പാത നിര്‍മാണം ആരംഭിച്ചു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മറ്റൊന്ന് 1991ല്‍ നടത്തിയ സാക്ഷരതാ പ്രവര്‍ത്തനമാണ്. പ്രവര്‍ത്തന മികവ് വിലയിരുത്തി സാക്ഷരതാപ്രസ്ഥാനത്തിന്റെ നായകന്‍ പി.എന്‍ പണിക്കരാണ് സംസ്ഥാനതല പുരസ്‌കാരം സമ്മാനിച്ചത്. ഇക്കാലത്ത് തലക്കാട് പഞ്ചായത്ത് കണ്‍വീനര്‍, ബ്ലോക്ക് കണ്‍വീനര്‍, കാന്‍ഫെഡിന്റെ സംസ്ഥാന പ്രവര്‍ത്തകന്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഈ പ്രവര്‍ത്തനവും ഗോപിനാഥിന്റെ പേരില്‍ നാട്ടിലൊരു റോഡ് വരുന്നതിന് കാരണമായിട്ടുണ്ട്. അന്നത്തെ സ്പീക്കറായിരുന്ന മൊയ്തീന്‍കുട്ടി ഹാജി പഞ്ചായത്ത് തല അവാര്‍ഡും മന്ത്രി വി.സി കബീര്‍ നിലമ്പൂരില്‍ വച്ച് എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക കാന്‍ഫെഡ് സംസ്ഥാനഅവാര്‍ഡും ഗോപിക്ക് സമ്മാനിച്ചു.
സാധാരണ മഹത് വ്യക്തികള്‍ മണ്‍മറഞ്ഞ് പോയാലാണ് അവരുടെ നാമങ്ങളില്‍ സ്മാരകങ്ങള്‍ ഉണ്ടാവുക. ഇവിടെ കാലം മറിച്ചാണ് പ്രവര്‍ത്തിച്ചത്. അത് കണ്‍കുളിര്‍ക്കെ കാണാനുള്ള സൗഭാഗ്യവും ഗോപിനാഥ് ചേന്നരക്കുണ്ടായി. അബുദാബിയില്‍ അല്‍ഐനില്‍ ജോലി ചെയ്ത എട്ട് വര്‍ഷക്കാലവും കലാസാംസ്‌കാരിക രംഗത്തും ഇദ്ദേഹം സജീവമായിരുന്നു. നിരവധി വര്‍ഷക്കാലം മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ ഭാരവാഹിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇക്കാലത്താണ് കെ.പി കേശവമേനോന്‍, കോഴിപ്പുറത്ത് മാധവമേ
നോന്‍, കുട്ടിമാളുവമ്മ, എം.ടി, കൈതപ്രം എന്നിവരുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചത്. ആകാശവാണിയിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റായ ചേന്നര ആകാശവാണി നാടകരംഗത്ത് അവിഭാജ്യ ഘടകമായിരുന്നു. സിനിമ-സീരിയലുകളിലും ഇദ്ദേഹം ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സൂഫി പറഞ്ഞ കഥ, എഴുത്തച്ഛന്റെ കിളിപ്പാട്ട്, ഗരുഡന്‍കാവ്, പായകപ്പല്‍, വാഗണ്‍ ട്രാജഡി, ആലത്തിയൂര്‍ നമ്പി തുടങ്ങിയ സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചു.
ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ നേതൃത്വം നല്‍കുന്ന കേരള ശാന്തിസമിതിയുടെ സജീവ പ്രവര്‍ത്തകന്‍, വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയുടെ ഭാരവാഹി എന്നീ രംഗത്തും ചേന്നര കര്‍മ നിരതനാണ്. യുവാക്കളോട് ഇദ്ദേഹത്തിന് നല്‍കാനുള്ള സന്ദേശമിതാണ്, ‘ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുക. കളങ്കം ലവലേശംപോലുമരുത്’. മഹാത്മജിയേയും സ്വാമി വിവേകാനന്ദനേയും ജീവിത യാത്രയില്‍ ചേര്‍ത്തുപിടിച്ച ഈ വ്യക്തിത്വത്തിന് മലയാള മാധ്യമലോകത്തെ കുലപതിയും സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരുമായിരുന്ന കെ.പി കേശവമേനോന്റെ പുരസ്‌കാരം സമ്മാനിക്കുകയാണ്. കാലത്തിന് മുന്‍പേ നടന്ന് മറഞ്ഞ മഹത്വ്യക്തികള്‍ കാലാന്തരം ജീവിക്കും. അത്തരം മഹത് വ്യക്തികളുടെ ജീവിതം വര്‍ത്തമാനകാലത്ത് പ്രോജ്വലിപ്പിക്കാന്‍ കാലം ആവശ്യപ്പെടുന്ന കര്‍മയോഗികള്‍ ഉയര്‍ന്നുവരും. മഹാകവി വള്ളത്തോളിന്റെ സ്മരണ സന്ദേശം ഒരു ജീവിതകാലം മുഴുവന്‍ ഹൃദയത്തോട് ചേര്‍ക്കുകയും അത് നാടിന് പകര്‍ന്ന് നല്‍കുകയും ചെയ്യുന്ന മാതൃകാ വ്യക്തിത്വമാണ് ഗോപിനാഥ് ചേന്നര. ഗാന്ധിയന്‍- വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള വര്‍ത്തമാനകാലത്ത് ഇദ്ദേഹം തെളിയിച്ച കൈത്തിരി ഏറ്റുവാങ്ങി പ്രയാണം തുടരാന്‍ നമ്മുടെ യുവ സമൂഹത്തിന് സാധിക്കുമാറാകട്ടെ.