ചാലക്കര പുരുഷു
മാഹി: ദാസേട്ടന് രണ്ട് കാര്യങ്ങളില്‍ മരണം വരെയും വിട്ടുവീഴ്ചയില്ലായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതാഭിലാഷവുമായിരുന്നു. തന്നെ താനാക്കി മാറ്റിയ പത്രത്തിന്റെ പേരില്‍ താന്‍ അറിയപ്പെടണം. പ്രായപരിധികള്‍ക്കുമപ്പുറം റിട്ടയര്‍മെന്റില്ലാതെ, മരണം വരെയും അതിന്റെ ലേഖകനായി തുടരുകയും വേണം.! ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജീവിതത്തിലുടനീളം കൊണ്ടുനടക്കണം. കോണ്‍ഗ്രസുകാരനായി തന്നെ മരിക്കണം. രണ്ട് മോഹങ്ങളും ഈ മനുഷ്യന്‍ സാധിച്ചെടുത്തു. നന്നേ ചെറുപ്പത്തില്‍ തന്നെ പത്രവിതരണക്കാരനും ഏജന്റും പിന്നീട് ലേഖകനുമൊക്കെയായി മാറിയ ഈ മാധ്യമ പ്രവര്‍ത്തകന്‍ ചൊക്ലി ,മേക്കുന്ന്, മങ്ങാട്, ഒളവിലം, ന്യൂ മാഹി, മാഹി തുടങ്ങിയ മേഖലകളിലെ പത്രത്തിന്റെ പ്രചാരകനും പ്രയോക്താവുമായി. പ്രദേശത്തെ പത്രത്തിന്റെ പര്യായപദമായി മാറുകയായിരുന്നു. ദശകങ്ങളോളം കണ്ണൂരിലെ ആസ്ഥാന മന്ദിരത്തില്‍ ജോലി ചെയ്യുമ്പോള്‍, രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് ഒടുവില്‍ പുലര്‍കാലത്ത് പത്രവിതരണ വണ്ടിയില്‍ തന്നെ നാട്ടിലെത്തുന്ന ഈ മനുഷ്യന് ഉറക്കം എന്നൊന്നില്ല. പത്ത് മണിയോടെ വാര്‍ത്താ ഏജന്‍സിയായ മാഹി പാലത്തെ രാഗം സ്റ്റോറിലെത്തും.
ഞാനടക്കം മയ്യഴിയിലെ മാധ്യമ പ്രവര്‍ത്തകരുടെ താവളമായ ഇവിടെ സി.എച്ച് ഗംഗാധരനും സി.വി.സുലൈമാന്‍ ഹാജിയുമൊക്കെയുണ്ടാകും. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍മാരായ പി.കെ. സത്യാനന്ദന്‍, എ.വി.ശ്രീധരന്‍ തുടങ്ങി പലരും ഇവിടെ നിത്യസന്ദര്‍ശകരുമാണ്. നാട്ടുവര്‍ത്തമാനങ്ങളും, രാഷ്ട്രീയവുമെല്ലാം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമാറും. അംബികാ ഡയറിയിലെ സുകുമാരേട്ടന്‍ പലപ്പോഴും ചര്‍ച്ചകളില്‍ കയറി വരും. മുന്നിലെ മില്‍മ ബൂത്തില്‍ നിന്നും ചൂടുള്ള ചായയും വടയുമെത്തും. രാഗം സ്റ്റോര്‍സില്‍ പത്രക്കാരുടെ വാര്‍ത്താ ബോക്‌സും സ്ഥാപിച്ചിരുന്നു. മയ്യഴിയിലെ വാര്‍ത്തകളുടെ സിരാ കേന്ദ്രമായിരുന്നു, ദശകങ്ങളോളം രാഗം സ്റ്റോര്‍സ് .
മയ്യഴിയില്‍ പത്രക്കാര്‍ക്ക് സ്വന്തമായി ഒരു കെട്ടിടമുണ്ടാകണമെന്നത് അദ്ദേഹത്തിന്റെ വലിയ മോഹമായിരുന്നു. ഗംഗേട്ടന്‍ പ്രസിഡന്റും, ഞാന്‍ സെക്രട്ടറിയും, ദാസേട്ടന്‍ ട്രഷററുമായി മയ്യഴിയിലെ പത്രക്കാരുടെ സംഘടനയും നിലവില്‍ വന്നു. കാലങ്ങള്‍ക്ക് ശേഷം പ്രസ്സ് ക്ലബ്ബ് യാഥാര്‍ഥ്യമായെങ്കിലും, ഇന്നും വാടകക്കെട്ടിടത്തില്‍ തന്നെ തുടരുകയാണ്. ദാസേട്ടന്‍ തലശ്ശേരിയിലുണ്ടായിരുന്നപ്പോള്‍ ലേഖകനായ കെ. രാഘവേട്ടനൊപ്പം വര്‍ഷംതോറും സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നത് പതിവായിരുന്നു.
ന്യൂ മാഹി എം.എം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ സാഹിത്യ സമാജവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. നിരവധി പരിപാടികളുടെ സംഘാടകനുമായിരുന്നു. മാഹി മേഖലയില്‍ ബാലജനസഖ്യം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. ഉപ്പ് വെള്ളം കയറുന്ന പെരിങ്ങാടി- ഈച്ചിയില്‍ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായപ്പോള്‍, തന്റെ പത്രത്തില്‍ നിരന്തരമായി വലിയ തലക്കെട്ടില്‍ വാര്‍ത്തകള്‍ വരുത്താന്‍ അദ്ദേഹം പ്രത്യേക താല്‍പര്യം കാണിക്കുകയും, അത് അധികൃതരുടെ കണ്ണ് തുറപ്പിക്കുകയും ചെയ്തു. ‘വെള്ളം വെള്ളം സര്‍വ്വത്ര, കുടിക്കാന്‍ ഒരിറ്റ് വെള്ളമില്ല’ എന്ന തലക്കെട്ട് ഇന്നും ഓര്‍മ്മയിലുണ്ട്. ഇന്നലെ വരെ നമ്മോടൊപ്പമുണ്ടായിരുന്ന ഏതൊരാള്‍ മരണപ്പെട്ടാലും, അത് ചിത്ര മടക്കം തന്റെ പത്രത്തിലുണ്ടാവണമെന്നത് ദാസേട്ടന് ഒരു തരം വാശി തന്നെയായിരുന്നു. വികസനോന്‍മുഖമായ പ്രാദേശിക വാര്‍ത്തകള്‍ കണ്ടെത്താന്‍ ദാസേട്ടന്‍ എന്നും മുന്നിലുണ്ടായിരുന്നു. വ്യക്തി ബന്ധങ്ങള്‍ക്ക് ഏറെ മൂല്യം കല്‍പ്പിച്ചിരുന്ന ആളാണദ്ദേഹം.
ത്രിവര്‍ണ്ണ പതാകയോടുള്ള ഉല്‍ക്കടമായ അഭിനിവേശവും തന്റെ പത്രത്തോടുള്ള അചഞ്ചലമായ കൂറുമാണ് ഈ മനുഷ്യനെ ഇവിടം വരെ എത്തിച്ചത്. രോഗാതുരനായി കിടക്കുമ്പോഴും, തന്റെ ജീവിതത്തിലുടനിളം മുറതെറ്റാതെ സ്വാതന്ത്ര്യ ദിന പരേഡില്‍ പങ്കെടുക്കാറുള്ള ദാസേട്ടന് ഇക്കഴിഞ്ഞ ആഗസ്റ്റ് 15നും ശയ്യാവലംബനായി കിടക്കുമ്പോഴും മാഹി മൈതാനത്ത് എത്താതിരിക്കാനായില്ല. ഏറ്റവുമൊടുവില്‍ ജനശബ്ദം മാഹിയാണ് മയ്യഴിയുടെ ഈ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ വീട്ടിലെത്തി ആദരിച്ചത്. സമ്പന്നമായ ചുണ്ടയില്‍ തറവാട്ടിലാണ് ജനിച്ചതെങ്കിലും, വാര്‍ത്താലോകത്ത് അലയാനായിരുന്നു ഈ മനുഷ്യന്റെ നിയോഗം. അതിലദ്ദേഹം മറ്റാരേക്കാളും ആത്മ നിര്‍വൃതിയും അനുഭവിച്ചു. തന്റെ രോഗത്തെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. ഏറ്റവുമൊടുവില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോഴും അദ്ദേഹം പറഞ്ഞു. ‘കുറച്ചു ദിവസത്തെ വിശ്രമം കൂടി വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പുറത്തിറങ്ങണം’. ആ വിശ്രമം ഇതാ കഴിഞ്ഞിരിക്കുന്നു …
അക്ഷരങ്ങളുടെ നിത്യകാമുകനായ ആ മനുഷ്യന്‍ പതിവുപോലെ തിരക്കിട്ട് യാത്രയായി….നേരാംവണ്ണം തലമുടി കോതി വെക്കാനാവാതെ, ഷര്‍ട്ടിന്റെ ബട്ടണുകള്‍ യഥാസ്ഥാനത്ത് ഇടാന്‍ പോലും നേരമില്ലാതെ, മുണ്ടിന്റെ ഒരു വശം ഉയര്‍ത്തിപ്പിടിച്ച്, പരിചയക്കാരോട് ധൃതി പിടിച്ച് സംസാരിക്കുന്ന ഈ മനുഷ്യന്‍ എങ്ങോട്ടേക്കാണാവോ യാത്രയായത്? അച്ചടിമഷിയുടേയും, പുതുകടലാസിന്റേയും മണമുള്ള, ഇരവിനെ പകലാക്കുന്ന, നിലയ്ക്കാതെ വാര്‍ത്തകള്‍ പ്രവഹിക്കുന്ന, ഇടതടവില്ലതെ അച്ചടിയന്ത്രം മുരളുന്ന ലോകത്തിലേക്കായിരിക്കാം..