തിരുവനന്തപുരം: യു.പിയെ കുറിച്ച് പറഞ്ഞ തന്റെ പ്രസംഗത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അതിനപ്പുറം ഒന്നുമില്ലെന്നും വേറെ ഒരു കാര്യവും താന്‍ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്ഭവന് നിസ്സഹകരണമുണ്ടോ എന്ന് അറിയില്ല. യു.പി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ.എന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ച്ചത്. ഇക്കഴിഞ്ഞ 18ന് കേരള സര്‍വകലാശാലയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന സംഭവം വിശദീകരിച്ച് അവിടെ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളുടെ സാഹചര്യം അറിയില്ലെന്ന് മന്ത്രി പറഞ്ഞതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബോധപൂര്‍വ പരാമര്‍ശമാണ് മന്ത്രി നടത്തിയത്.
ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഗവര്‍ണറുടെ ഓഫിസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാല്‍ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ഗൗരവമായി പരിഗണിച്ച് ഭരണഘടനാപ്രകാരം നടപടി എടുക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. അതിനാല്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന നിലപാടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ അറിയിച്ചു.