ബൗദ്ധിക വെല്ലുവിളി ഉള്ളവര്‍ക്ക് തൊഴില്‍; ദേശീയ വിദഗ്ധ സമിതിയില്‍ ഡോ. എം.കെ ജയരാജും

ബൗദ്ധിക വെല്ലുവിളി ഉള്ളവര്‍ക്ക് തൊഴില്‍; ദേശീയ വിദഗ്ധ സമിതിയില്‍ ഡോ. എം.കെ ജയരാജും

കോഴിക്കോട്: ബുദ്ധിപരവും വികസനപരവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സുസ്ഥിരതൊഴില്‍ ലഭ്യമാക്കാന്‍ ഈ രംഗത്തെ വിവിധ ഇടപെടലുകള്‍ പഠിച്ച് നയം ആവിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ നിയോഗിച്ച അഞ്ചു വിദഗ്ദ്ധരില്‍ കേരളത്തില്‍നിന്ന് ഡോ. എം.കെ ജയരാജും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ് (NIRDPR) നാഷണല്‍ എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഇന്റലക്ച്വല്‍ ഡിസബിലിറ്റീസുമായി (NIEPID) ചേര്‍ന്ന് നടത്താനുദ്ദേശിക്കുന്ന പദ്ധതിക്കുവേണ്ടിയാണിത്. ഈ പാനലില്‍ തെക്കേ ഇന്ത്യയില്‍നിന്നുള്ള ഏക വിദഗ്ധനാണ് ഇദ്ദേഹം.

ഈ വിഭാഗക്കാര്‍ക്ക് സുസ്ഥിരതൊഴില്‍ ഉറപ്പാക്കാനുള്ള പദ്ധതിക്ക് അനുയോജ്യമായ പരിശീലന സമ്പ്രദായം വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഫലപ്രദമായ നിര്‍വഹണത്തിനുള്ള മാര്‍ഗരേഖയും സഹകരണാത്മക കര്‍മപദ്ധതിയും തയാറാക്കാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് വിദഗ്ധപാനല്‍ തയാറാക്കിയത്.

ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സാധാരണജീവിതം നയിക്കാന്‍ സഹായിക്കുമാറ് തൊഴില്‍ ലഭ്യമാക്കുന്ന മികച്ച മാതൃക ആവിഷ്‌കരിച്ച ആഗോളവിദഗ്ധനാണ് ഡോ. ജയരാജ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാമൂഹിക സേവന വിഭാഗമായ യു.എല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഇത്തരത്തില്‍ നൂറിലേറെപ്പേര്‍ക്ക് വിവിധ സംരംഭകരുടെ സഹായത്തോടെ തൊഴില്‍ നല്‍കി കഴിഞ്ഞു. ഇവരുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് നിരന്തര വിലയിരുത്തലിലൂടെ ഉറപ്പാക്കുന്നുമുണ്ട്. മുന്‍ മാതൃകകള്‍ ഇല്ലാതിരിക്കെ ഇതിന് അവലംബിച്ച പരിശീലന സമ്പ്രദായം ലോകശ്രദ്ധ നേടിയിരുന്നു. യു.എല്‍ ഫൗണ്ടേഷന്റെ ഡയരക്ടറാണ് ഡോ. ജയരാജ്.

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 2013-ല്‍ സംസ്ഥാനസര്‍ക്കാര്‍ ഏകാംഗ കമ്മിഷനായി നിയമിച്ചത് ഇദ്ദേഹത്തെയാണ്. ഈ രംഗത്ത് മൂന്നു പതിറ്റാണ്ടില്‍ ഏറെയായി പ്രവര്‍ത്തിക്കുന്ന ജയരാജ് തനതായ പല മാതൃകകളും ആവിഷ്‌കരിച്ചിട്ടുണ്ട്. വിവിധതരം ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കു യോജിച്ച അധ്യാപന സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാന്‍ നേതൃത്വം നല്‍കി. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റലി ചാലഞ്ജഡിന്റെ ഡയരക്ടറായും കേന്ദ്ര മനുഷ്യവിഭവ മന്ത്രാലയത്തിന്റെ ജനശിക്ഷാ സംസ്ഥാന്‍ കോ-ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. നിലവില്‍ കേന്ദ്ര സാമൂഹികനീതിവകുപ്പിന്റെ പുനരധിവാസ കൗണ്‍സിലിന്റേയും മേഖലാ ഏകോപനസമിതിയുടേയും കമ്മിറ്റികളില്‍ അംഗമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *