ചാലക്കര പുരുഷു
രംഗവേദികളെ കീഴടക്കിയ അതുല്യ കലാകാരി, ജീവിതനാടകത്തില്‍ ദുരന്ത നായികയായത് വിധി വൈപരീത്യമാകാം. വേഷമേതായാലും ചമയങ്ങളണിഞ്ഞ് അരങ്ങില്‍ രാജഭാവം പ്രകടമാക്കുന്ന രജനി മേലൂര്‍, ആസ്വാദകരുടെ ആരാധനാ പാത്രമാകുമ്പോഴും, അണിയറയില്‍ വേഷങ്ങളഴിച്ചു വെച്ചാല്‍ അധികമാരുമറിയാത്ത ദു:ഖപുത്രിയാണ്. ചിറകറ്റു പോയെങ്കിലും, തളര്‍ത്താനാവാത്ത ഇച്ഛാശക്തി കൊണ്ട് അഗ്‌നിച്ചിറകുകള്‍ സ്വായത്തമാക്കിയ രജനി മേലൂര്‍, കലാലോകത്തിന് അഭിമാനവും സമൂഹത്തിന് വിസ്മയവുമായി അരങ്ങിലെ കെടാവിളക്കായി നമുക്കൊപ്പമുണ്ട്
തന്റെ കലാസ്വപ്‌നങ്ങളേയും, ജീവിതത്തെ തന്നെയും തല്ലിക്കെടുത്തിയ അഭിശപ്തമായ ആ മദ്ധ്യാഹ്നത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ രജനിയുടെ കണ്ണുകളില്‍ ഇന്നും ഇരുട്ട് കയറുമ്പോലെ… വേദികളില്‍ നിന്നും വേദികളിലേക്ക് ചിത്രശലഭംപോലെ പാറി നടന്നിരുന്ന കാലം. ആരാധകര്‍ക്കും ആസ്വാദകര്‍ക്കുമിടയില്‍ വീര്‍പ്പ് മുട്ടിയ, തിരക്കേറിയ നാടകകാലം. കാഞ്ഞങ്ങാട്ടു നിന്നും പരിപാടി കഴിഞ്ഞ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലേക്ക് നാടകം കളിക്കാന്‍ പോകവെ, 1994 ഡിസംബര്‍ 23നായിരുന്നു ജീവിതത്തെ തന്നെ കീഴ്‌മേല്‍ മറിച്ച ദാരുണമായ ആ അപകടമുണ്ടായത്.
അതിവേഗതയില്‍ എതിരെ വന്ന ലോറി, മാഹിക്കടുത്ത് കുഞ്ഞിപള്ളിയില്‍ വച്ച്, രജനി സഞ്ചരിച്ചിരുന്ന ബസില്‍ മുഖാമുഖം ഇടിക്കുകയായിരുന്നു. ലോറിയുടെ ഇരുമ്പ് ഭാഗങ്ങള്‍ മുന്‍സീറ്റിലിരുന്ന രജനിയുടെ ശരീരത്തിലേക്ക് തുളച്ച് കയറി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓര്‍മ തെളിയുമ്പോഴേക്കും വലതുകാല്‍ മുറിച്ച് മാറ്റിയിരുന്നു. നാടകം മാത്രമല്ല ജീവിതം തന്നെ ഒടുങ്ങിയെന്ന് ഉറച്ച് വിശ്വസിച്ചുപോയ ആ നിമിഷങ്ങള്‍ , ശരം പോലെ രജനിയില്‍ ഇന്നും ഓര്‍മകളായെത്തുകയാണ്. സ്വന്തമായി വീടില്ല. എട്ട് വയസുള്ള മകളുടെ ഭാവി. ഇങ്ങനെ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങള്‍ തളര്‍ന്ന മനസ്സില്‍ നൊമ്പരങ്ങളായി തികട്ടി വന്നു കൊണ്ടിരുന്നു. ഒന്നുമില്ലായ്മയില്‍ പിറന്ന രജനിക്ക് നാടകം തന്നെയായിരുന്നു ജീവിതവും. രണ്ട് മാസം നീണ്ട ആശുപത്രി വാസത്തിനിടയില്‍ പല രാത്രികളിലും പ്രശസ്ത നടിയും നര്‍ത്തകിയുമായ സുധാചന്ദ്രന്‍ രജനിയുടെ സ്വപ്‌നങ്ങളില്‍ കൃത്രിമകാലില്‍ പാദസരങ്ങള്‍ കിലുക്കി നടനമാടി. അതൊരു പ്രചോദനമായി. വറ്റാത്ത ഊര്‍ജ്ജവുമായി. ഒരു വര്‍ഷത്തിനകം കോഴിക്കോട് രംഗഭാഷയുടെ ‘ഇത് മഹാഭാരതം’ എന്ന നാടകത്തില്‍ അമ്മ വേഷമിടാന്‍ അവസരം ലഭിച്ചു.
റിഹേഴ്‌സല്‍ പുരോഗമിക്കവെ, അശനിപാതം പോലെ അള്‍സര്‍ ശരീരത്തെ പിടികൂടി. രംഗത്ത് അഭിനയിക്കാനാവാതെ അവസാന നിമിഷം പിന്‍വാങ്ങേണ്ടി വന്നു. തൊട്ടുപിറകെ കോഴിക്കോട്‌സ് സ്‌നേഹ എന്ന ട്രൂപ്പിലൂടെ വേദന തിന്നാണെങ്കിലും അരങ്ങില്‍ വാശിയോടെ അഭിനയിച്ചു. നാടകം കഴിഞ്ഞ് താഴ്ത്തിയ കര്‍ട്ടന് പിറകില്‍ വേദനയില്‍ പുളഞ്ഞ് തളര്‍ന്ന് വീണുപോയപ്പോള്‍, കര്‍ട്ടനുമപ്പുറം നിറഞ്ഞ സദസില്‍ നിന്നും നിര്‍ത്താതെ കരഘോഷം മുഴങ്ങുന്നുണ്ടായിരുന്നു. കാണികള്‍ക്ക് രജനിയുടെ ദുരവസ്ഥ അറിയില്ലായിരുന്നു. വേദന കൂടിക്കൂടി വന്നു. പാലക്കാട് വച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി.
ഇതോടെ വേദന കുറഞ്ഞ് കിട്ടി. പിന്നീട് തിരിഞ്ഞ് നോക്കിയില്ല, ഉത്തര കേരളത്തിലെ ഏതാണ്ടെല്ലാ പ്രമുഖ കലാസമിതികളിലും രജനി അഭിനയം കാഴ്ചവെച്ചു. സ്വന്തം കാലില്‍ നിന്ന അഞ്ച് വര്‍ഷക്കാലത്തേക്കാള്‍, കൃത്രിമകാലില്‍ ജീവിച്ച 24 വര്‍ഷങ്ങള്‍ക്കിടയില്‍ ഇരുന്നൂറോളം നാടകങ്ങളിലായി രണ്ടായിരത്തിലേറെ വേദികളിലാണ് നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നേകിയത്. എട്ടാം തരം വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ പാലയാട്ടെ കൈരളി തിയേറ്റര്‍സിന് വേണ്ടിയായിരുന്നു ആദ്യം ചായമിട്ടത്. അതില്‍ പിന്നീട് കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ഒട്ടുമിക്ക അമേച്ചര്‍ നാടക സംഘങ്ങളിലും നായികയായി. 1986ല്‍ ‘വടകര വരദയുടെ’ എന്നും പ്രിയപ്പെട്ട അമ്മയിലൂടെയാണ് പ്രൊഫഷണല്‍ നാടക രംഗത്തേക്ക് കടന്നുവന്നത്. പി.എം താജ് മുതല്‍ നിലമ്പൂര്‍ ആയിഷ തൊട്ട് ഇബ്രാഹിം വേങ്ങര വരെയുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള രജനി, കോഴിക്കോട് ചിരന്തന , ഖാന്‍കാവില്‍ നിലയം, എറണാകുളത്തെ കലാ ചേതന, കോഴിക്കോട് രംഗഭാഷ, തൃശൂര്‍ സംഘ ചിത്ര, കോഴിക്കോട് സൂര്യഗാഥ, തൃശൂര്‍ യമുന എന്റര്‍ടൈനേര്‍സ്, കോഴിക്കോട്‌സങ്കീര്‍ത്തന തുടങ്ങി നിരവധി പ്രമുഖ നാടകട്രൂപ്പുകളുമായി ബന്ധപ്പെട്ട് അഭിനയിച്ചിട്ടുണ്ട്.
1994-ല്‍ എം.ടിയുടെ ഇരുട്ടിന്റെ ആത്മാവ് എന്ന നാടകത്തിലെ അഭിനയത്തിന് ‘നാന’ഗ്യാലപ്പ്‌പോള്‍ അവാര്‍ഡ് ലഭിച്ചു. 2007ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് എറണാകുളത്തുനിന്നും ട്രെയിനില്‍ തലശ്ശേരി റെയില്‍വെ സ്റ്റേഷനിലിറങ്ങുമ്പോള്‍ രജനിക്ക് വീണ് സാരമായി പരുക്കേറ്റിരുന്നു. വിദേശ നിര്‍മിത കൃത്രിമക്കാലും വീഴ്ചയില്‍ തകര്‍ന്നു പോയി. സ്വന്തം ശരീരത്തിനേറ്റ സാരമായ പരുക്കിനേക്കാള്‍, മനസ്സിനെ തകര്‍ത്തത് തന്റെ താങ്ങായിരുന്ന കൃത്രിമ കാല്‍ പൊട്ടിയതായിരുന്നു. പൊട്ടിയ ഭാഗങ്ങള്‍ കെട്ടിവെച്ചാണ് അന്ന് നടന്നിരുന്നതും സ്റ്റേജില്‍ അഭിനയിച്ചതും. പരുക്കേറ്റ് മൂന്നാം ദിവസം എറണാകുളത്ത് നാടകം കളിക്കാന്‍ പോയപ്പോള്‍ വാഹനത്തില്‍ കയറിയത് വീല്‍ ചെയറിന്റെ സഹായത്തോടെയായിരുന്നു. വേദന കുറയ്ക്കാന്‍ ഡോക്ടറെ കാണിച്ച് ഇഞ്ചക്ഷന്‍ വച്ചാണ് അരങ്ങില്‍ എല്ലാം മറന്ന് തിമര്‍ത്താടിയത്. നാടകം കഴിഞ്ഞ് വീണ്ടും ഡോക്ടറുടെ മുന്നിലെത്തുമ്പോള്‍, അനങ്ങാന്‍ കഴിയാത്ത വിധം തീര്‍ത്തും അവശയായിരുന്നു.
വിദേശ നിര്‍മിത കൃത്രിമകാലിന് അഞ്ച് ലക്ഷം രൂപ വേണമായിരുന്നു. രജനിയെ കുറിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് ലക്ഷം രൂപ അനുവദിക്കാന്‍ ശുപാര്‍ശ ചെയ്യുകയും കൃത്രിമ കാല് ലഭ്യമാവുകയും ചെയ്തു. ദു:ഖം അടക്കിവച്ച്, വേദന തിന്ന്, രാപകലില്ലാതെ ഓടി നടന്ന് നാടകം കളിച്ചാണ് രജനിയുടെ കുടുംബം ഒരു വിധം കഴിഞ്ഞ് പോരുന്നത്. ഒരു ചെറിയ വീട് വയ്ക്കാനായി. മകളുടെ വിവാഹം നടത്തിക്കൊടുക്കാനുമായി. പ്രായവും, രോഗാവസ്ഥയും അവശനാക്കിയ ഭര്‍ത്താവ് സുകുമാരനൊപ്പമാണ് രജനി താമസിക്കുന്നത്.
കോഴിക്കോട് നാടക സഭയുടെ ഏറ്റവും പുതിയ നാടകമായ ‘പഞ്ചമി പെറ്റ പന്തിരുകുലം’ എന്ന നാടകത്തിലാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10ന് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. തൊട്ടുപിറകെ കൊറോണക്കാലമായതോടെ, ഇന്നേ വരെ ഒരു സ്റ്റേജ് പോലും കിട്ടിയില്ല. അതോടെ വീണ്ടും വറുതിയുടെ കയത്തിലാണ്ടുപോവുകയായിരുന്നു. അതിനിടെ രണ്ട് തവണകളിലായി ആയിരം രൂപ വീതം സര്‍ക്കാരിന്റെ ധനസഹായം ലഭിച്ചത് ആശ്വാസമായി. കലയ്ക്ക് വേണ്ടി ആത്മാര്‍പ്പണം ചെയ്തു പോയ ഒരു കാലത്തിന്റെ നേരവകാശിയായ രജനി, കലാസ്വാദകരുടെ സ്‌നേഹവും, ആദരവും ഏറെ സമ്പാദിച്ച ഉത്തരകേരളത്തിലെ വളരെ ചുരുക്കം കലാകാരികളിലൊരാളാണ്.