കോഴിക്കോട്: സ്വപ്‌ന നഗരിയില്‍ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ് മേളയില്‍ വേറിട്ടു നില്‍ക്കുകയാണ് നെറ്റിപ്പട്ടത്തിന്റേയും ആലവട്ടത്തിന്റേയും സ്റ്റാളുകള്‍. പയ്യോളിക്കാരായ വിനീത, റീത്ത എന്നീ രണ്ടു വീട്ടമ്മമാരുടെ കരവിരുതാണ് നെറ്റിപ്പട്ടത്തിന് രൂപമേകുന്നത്. 400 രൂപ വിലയുള്ള ചെറിയ നെറ്റിപ്പട്ടവും 12,000 രൂപ വിലയുള്ള കാഴ്ച്ചയ്ക്ക് വലിപ്പവുമുള്ള നെറ്റിപ്പട്ടവും മേളയ്ക്ക് ഭംഗികൂട്ടുന്നു. വെല്‍വെറ്റും ഗോള്‍ഡന്‍ തുണിയും ക്യാന്‍വാസുമൊക്കെയായാണ് നെറ്റിപ്പട്ട നിര്‍മാണം. മൂന്നുപേരുടെ മൂന്നു ദിവസത്തെ അധ്വാനമുണ്ടെങ്കില്‍ നെറ്റിപ്പട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന് വിനീതയും റീത്തയും പറയുന്നു. പൂരങ്ങളുടെ നാട്ടില്‍ മാത്രമല്ല, മലബാര്‍ മേഖലയിലും നെറ്റിപ്പട്ടത്തിന് പ്രിയമുള്ളവര്‍ കുറവല്ലെന്നാണ് ഇരുവരുടേയും അനുഭവം. ഓര്‍ഡറുകള്‍ കിട്ടിയാല്‍ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കും. തൃശൂരില്‍ നിന്നെത്തിക്കുന്ന മെറ്റീരിയലുകള്‍ കൊണ്ടാണ് നെറ്റിപ്പട്ടം ഉണ്ടാക്കുന്നത്.
ജില്ലാ മിഷനും പയ്യോളി മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള വനിതാ വികസന യൂണിറ്റും നെറ്റിപ്പട്ടമുള്‍പ്പെടെയുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിന് പിന്തുണയേകുന്നു. കുടംബശ്രീ സംരംഭമെന്ന നിലയില്‍ തുടങ്ങുമ്പോള്‍ നിരവധി സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ചെറിയ അമ്പലങ്ങളിലേക്കും വീടുകളിലേക്കുമാണ് നെറ്റിപ്പട്ടം കൂടുതലും വിറ്റുപോകുന്നത്. വീടുകളില്‍ അലങ്കാര വസ്തുവായും പൂജാമുറികളിലേക്കും നെറ്റിപ്പട്ടത്തിന് ആവശ്യക്കാരുണ്ട്. പുതിയ വീട്ടിലേക്ക് താമസം തുടങ്ങുന്നവര്‍ക്ക് ഗിഫ്റ്റ് നല്‍കാനും മറ്റു പരിപാടികള്‍ക്കുമെല്ലാം നെറ്റിപ്പട്ടം വാങ്ങുന്നവരുമുണ്ട്. മൂന്നടി മുതല്‍ ഒരാനയ്ക്കുള്ള ആറടിവരെയുള്ള നെറ്റിപ്പട്ടങ്ങളും ഇരുവരും നിര്‍മിക്കുന്നുണ്ട്.
അഞ്ചുവര്‍ഷം മുമ്പാണ് ഇത്തരം കരകൗശല വസ്തുക്കളുടെ നിര്‍മാണം പഠിയ്ക്കാന്‍ റീത്തയും വിനീതയും ഒരുങ്ങുന്നത്. കൊവിഡ് കാലം വന്നപ്പോള്‍ പിന്നീട് പലരും മറ്റു വഴികളിലേക്ക് തിരിഞ്ഞു. എന്നാല്‍ ഇവരിരുവരും ഇതിലുറച്ചുനിന്നു. ഇപ്പോള്‍ നിരവധി അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെന്ന് വിനീതയും റീത്തയും പറയുന്നു. മെറ്റീരിയല്‍സിന് വലിയ വില നല്‍കേണ്ടി വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും മെച്ചപ്പെട്ട രീതിയില്‍ കച്ചവടം നടക്കുന്നുണ്ടെന്നാണ് ഇരുവരും പറയുന്നത്.
നേരത്തെ, കോഴിക്കോട് തന്നെ നടന്ന എന്റെ കേരളം പരിപാടിയിലും സ്റ്റാളുണ്ടായിരുന്നുവെന്ന് ഇരുവരും പറയുന്നു. കുടംബജീവിതത്തോടൊപ്പം തന്നെ ജോലിയും കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. സമയം കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും വീട്ടമ്മമാര്‍ പറയുന്നു. ക്രിസ്റ്റലില്‍ തീര്‍ത്ത വിവിധ നിറത്തിലുള്ള മാലകള്‍, വളകള്‍, കമ്മലുകള്‍ തുടങ്ങിയവയും സ്റ്റാളിലുണ്ട്. 20 രൂപ മുതലാണ് ഇവയുടെ വില തുടങ്ങുന്നത്.