തലശ്ശേരി: കോൺഗ്രസ് തറവാടായിരുന്നു കോടിയേരിയിലെ മുട്ടേമ്മൽ വീട്. അമ്മയ്ക്കും അച്ഛനുമൊന്നും കമ്യൂണിസത്തോട് ആഭിമുഖ്യമില്ലാതിരുന്ന ആ വീട്ടിൽനിന്നാണ് ബാലകൃഷ്ണൻ എന്ന കൗമാരക്കാരൻ കമ്യൂണിസത്തിന്റെ കനൽ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയതും പിൽക്കാലത്ത് കോടിയേരി ബാലകൃഷ്ണനെന്ന ജ്വാലയായി കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചുനിന്നതും. അമ്മാവൻ നാണു നമ്പ്യാരായിരുന്നു ബാലകൃഷ്ണനെ കമ്യൂണിസത്തിലേക്കു കൈപിടിച്ചത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കെഎസ്എഫ് (കേരള സ്റ്റുഡൻസ് യൂണിയൻ) സംഘടനയിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു.
അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് അധ്യാപകനായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ടു. അമ്മ കൃഷിപ്പണി ചെയ്തും പശുക്കളെ വളർത്തിയുമാണ് കുടുംബത്തെ നോക്കിയത്. നാലു സഹോദരിമാരുടെ ഇളയ സഹോദരനായതിനാൽ ഏറെ വാൽസല്യം കിട്ടിയാണ് വളർന്നത്. മണി എന്നാണ് അമ്മയും ബന്ധുക്കളും വിളിച്ചിരുന്നത്. പ്രസംഗിക്കാൻ ഏറെ താൽപര്യമായിരുന്നു. അഞ്ചാം ക്ലാസുമുതൽ സ്‌കൂളുകളിൽ പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. കോടിയേരി ദേശീയവായനശാലയാണ് വായനാശീലം വളർത്തിയത്. ആ വായനാശാലയിലാണ് കെഎസ്എഫ് യോഗം ചേർന്ന് കോടിയേരിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തതും. സ്‌കൂളിൽ കെഎസ്എഫ് രൂപീകരിക്കാനെത്തിയത് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ്.
പിണറായി അന്ന് കോളജിലാണ് പഠിക്കുന്നത്. പിണറായി സ്‌കൂളിലെത്തുന്നുവെന്നു പ്രചാരണം നടത്തിയാണ് സംഘടനയിലേക്കു കുട്ടികളെ സംഘടിപ്പിച്ചത്. വൈക്കം വിശ്വനായിരുന്നു സംസ്ഥാന പ്രസിഡന്റ്. സ്്കൂളിലെ പഠനം അവസാനിക്കുമ്പോൾ കോടിയേരിക്കു പ്രദേശിക തലത്തിൽ വിദ്യാർഥി നേതാവെന്ന പേരു ലഭിച്ചിരുന്നു. വിദ്യാർഥി ക്യാംപിൽ ഓണിയൻ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചു മൂഴിക്കരയിലെ ബാലകൃഷ്ണനും മുളിയിൽനടയിൽ ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. റജിസ്ട്രേഷൻ സമയത്ത് മൂഴിക്കരയിലെ ബാലകൃഷ്ണൻ നിർദേശിച്ച പേരാണ് മൊട്ടേമ്മൽ ബാലകൃഷ്ണനു കോടിയേരി എന്നത്. ആ പേരാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന പേരായി വളർന്നത്.
കോടിയേരി മാഹി കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ 1970ലാണ് എസ്എഫ്‌ഐ രൂപീകരിക്കുന്നത് കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ ആദ്യത്തെ ചെയർമാനായി. കോടിയേരി എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ജില്ലാ പ്രസിഡന്റായിരുന്നു ഇന്നത്തെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കേണ്ടിവന്നു. യൂണിവേഴ്‌സിറ്റി കോളജിലാണ് തുടർ പഠനം നടത്തിയത്. ഇരുപതാം വയസ്സിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. ജി.സുധാകരനായിരുന്നു സംസ്ഥാന പ്രസിഡന്റ്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മിസ നിയമപ്രകാരം വിദ്യാർഥി നേതാക്കൾ അറസ്റ്റിലായി. എം.എ.ബേബി, ജി.സുധാകരൻ, എം.വിജയകുമാർ തുടങ്ങിയവരും പിണറായി വിജയനുമെല്ലാം ജയിലിൽ സഹതടവുകാരായി. വൈകുന്നേരമായാൽ തടവുകാർ കളികളിലേർപ്പെടും. ഫുട്‌ബോളും ബാഡ്മിന്റനുമായിരുന്നു പ്രധാന കളികൾ. കോടിയേരിയും പിണറായിയും ഒ.ഭരതനുമെല്ലാം നന്നായി ബാഡ്മിന്റൻ കളിക്കുമായിരുന്നെന്ന് സഹതടവുകാരിൽ പലരും പിന്നീടു പറഞ്ഞിട്ടുണ്ട്. വൈകുന്നേരം ലോക്കപ്പ് ചെയ്തു കഴിഞ്ഞാൽ വായനയ്ക്കുള്ള സമയമാണ്. സിപിഎം തടവുകാർ ഒറ്റ ബ്ലോക്കായതിനാൽ പുസ്തകങ്ങൾ മാറി മാറി വായിക്കും. ബ്ലോക്കിൽ വൃത്തിയില്ലാത്ത ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്. അതായിരുന്നു പ്രധാന പ്രശ്‌നവും. ഒന്നരവർഷത്തിനു ശേഷമായിരുന്നു മോചനം. 1980വരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തുടർന്നു.
18 വയസ്സാണ് സിപിഎമ്മിൽ ചേരാനുള്ള പ്രായമെങ്കിലും 16 വയസ്സു കഴിഞ്ഞപ്പോൾ പാർട്ടി അംഗമായ ആളാണ് കോടിയേരി. കോളജ് വിദ്യാർഥിയായിരിക്കേ ബ്രാഞ്ച് സെക്രട്ടറിയായും ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സ്‌കൂൾ വിദ്യാർഥിയായിരിക്കേ പിണറായി വിജയനുമായി തുടങ്ങിയ സൗഹൃദം അവസാനകാലം വരെ ഇളക്കം തട്ടാതെ തുടർന്നു. പിണറായിയുടെ തീരുമാനങ്ങൾ ഒരുവീഴ്ചയുമില്ലാതെ കോടിയേരി നടപ്പിലാക്കി. പാർട്ടി നേതാക്കളുമായി മികച്ച ബന്ധം പുലർത്തുമ്പോഴും പ്രതിപക്ഷ നിരയിലെ രമേശ് ചെന്നിത്തല, വി.എം.സുധീരൻ, ഉമ്മൻചാണ്ടി തുടങ്ങിയവരുമായെല്ലാം നല്ല ബന്ധം പുലർത്തി. സൗമ്യമായ പെരുമാറ്റം സൗഹൃദങ്ങളുടെ ആഴം കൂട്ടി.