നാദാപുരം: കേന്ദ്രസര്‍ക്കാരിന്റെ 2016ലെ ചട്ടത്തിന്റെയും 1994ലെ കേരള പഞ്ചായത്ത്‌രാജ് നിയമത്തിന്റെയും അടിസ്ഥാനത്തില്‍ നാദാപുരം ഗ്രാമപഞ്ചായത്ത് 25 /6 /2022ന് തയ്യാറാക്കിയ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ബൈലോ പഞ്ചായത്ത് ഡയരക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് അംഗീകരിച്ച് ഉത്തരവായി. ഇത് പ്രകാരം ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വിപണനം, സൂക്ഷിപ്പ്, വില്‍പ്പന എന്നിവ പൂര്‍ണമായി നിരോധിച്ചു. കൂടാതെ പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ സേനക്ക് കൈമാറാത്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതാണ്. പൊതുപരിപാടികള്‍ , കല്യാണം , മറ്റു കൂടിച്ചേരല്‍ എന്നിവയില്‍ ഹരിത ചട്ടം പൂര്‍ണമായി പാലിക്കേണ്ടതാണ്.
വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, കവറുകള്‍ വില്‍ക്കുന്നതല്ല എന്ന ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കണം. നിലവില്‍ അനുവദനീയമായ കവറുകള്‍ക്ക് പുറത്ത് അംഗീകാരപത്രം ഡിജിറ്റലായി ഉള്ളടക്കം ചെയ്തിരിക്കണം . നിയമവിരുദ്ധമായി പ്ലാസ്റ്റിക് ഉപയോഗിക്കുകയോ, കത്തിക്കുകയോ, വലിച്ചെറിയുകയോ, അലക്ഷ്യമായി കൈ ഒഴിയുകയോ ചെയ്താല്‍ ആദ്യത്തെ തവണ നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 രൂപയും രണ്ടാമത്തെ തവണ 25000 രൂപയും, തുടര്‍ന്നുള്ള ലംഘനത്തിന് 50,000 രൂപയും പിഴ ചുമത്തുന്നതാണ്. പിഴ പഞ്ചായത്തിന് ലഭിക്കേണ്ട നികുതി ഈടാക്കുന്നത് പോലെ ഈടാക്കുന്നതാണ്. നാദാപുരം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ച് പഞ്ചായത്തുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്് വി.വി മുഹമ്മദലി , സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ പരിശോധനകള്‍ക്കായി ഫീല്‍ഡ് തല സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.