ചൊല്ലുവഴക്കങ്ങളിലെ ഓണച്ചിന്തുകള്‍…

ചൊല്ലുവഴക്കങ്ങളിലെ ഓണച്ചിന്തുകള്‍…

ഓണം മലയാളികളുടെ ദേശീയ ഉത്സവം. പഴമയുടെ പ്രൗഢിയും നന്മയൂറുന്ന നാട്ടു പാരമ്പര്യവും ഒത്തുചേര്‍ന്നതാണ് നമ്മുടെ ഓണം സങ്കല്‍പം. നൂറ്റാണ്ടുകളായി കേരളക്കരയില്‍ ആഘോഷിച്ചുവരുന്ന ഓണം തെക്കുമുതല്‍ വടക്ക് വരെയുള്ള പ്രദേശങ്ങളിലെ വ്യത്യസ്ത ജനസമൂഹങ്ങള്‍ അവരവരുടെ ജീവിത സംസ്‌കാരത്തിനിണങ്ങുന്ന രീതിയിലാണ് കൊണ്ടാടുന്നത്. കാട്ടിലും കരയിലും കടലോരത്തും വ്യത്യസ്ത തരത്തില്‍ ഓണത്തെ വരവേല്‍ക്കുന്നു. ഓണം സങ്കല്‍പങ്ങളുടെ വ്യത്യസ്തത അറിയണമെങ്കില്‍ ചൊല്ലുവഴക്കങ്ങളിലെ നാടന്‍പാട്ടുകളും കളിപ്പാട്ടുകളും കേട്ടാല്‍ മതി…പാക്കനാര്‍ സമൂഹം വാമൊഴിയായി പാടിവരുന്ന ഓണപ്പാട്ടില്‍ മാവേലിയും (മഹാബലി) തങ്ങളുടെ പൂര്‍വ്വികനായ പാക്കനാരും തുല്യപ്രാധാന്യത്തോടെ വരവറിയിക്കുന്നു.

”അരിയരിയോ തിരിയരിയോ
കെണപതിയും തരത്തൊതിയും
വാഴുകപ്പൊലികയെന്നെന്റെ
പൂവിതേവി വാണിരിക്കേ…
തെക്കനില്ലോം വടക്കനില്ലോം
വടവടക്കൊരു ഇല്ലമുണ്ട്
വാളറിഞ്ഞ വടവടക്കൂന്ന്
വരവതുണ്ടെന്റെ മാവേലിയാം…

ആയിരം കാതം വടവടക്കൂന്ന്
വരവതുണ്ടെന്റെ മാവേലിയാം…
മാനുഴരുടെ വാഴിച്ച കാണാന്‍
മാവേലിയാം വരവതുണ്ടേ…
പുത്തനൊരു ഓലവെട്ടി
കോടിനാലും മേഞ്ഞിറങ്ങി
ഇടവഴിയും പെരുവഴിയും
ചെത്തിവാരി തൂത്തീടേണം…

മാവേലിയാം വരുംവഴിക്കെ-
ട്ടെത്തു നല്ല വറത്തമാനം
മഞ്ഞ നല്ല മുണ്ടു വേണം
മന്തിരക്കോടി വേണം
കാക്കവന്നം കതിര്‍വിളക്ക്
അടുക്കളയ്ക്കത്തെരിക
തൂക്കുമന്നം തുടര്‍വിളക്ക്
അടുക്കളയ്ക്ക പുറത്തെരിക…
ഓണമഞ്ചും കഴിവോളം
നിലവിളക്ക് നിന്നെരിക
ഓണമഞ്ചും കഴിവോളം
കതിര്‍വെളക്ക് നിന്നെരിക…

പാക്കനാര് പാടിയുണ്ട്
പലവഴിയേ വരികയാണ്
തേവിയമ്മ തെണ്ടിയുണ്ടും
ഇടവഴിയേ വരികയാണേ…
മാവേലിയാം വന്നുയെന്റെ
ഉയിരേലൊന്നേറിനിക്ക
തേവിയമ്മ വന്നൂയെന്റെ
അടുക്കള മെലൊന്നേറി നിക്ക
പാക്കനാര്‍ വന്നൂയെന്റെ
പടിപ്പുരമേലൊന്നേറിനിക്ക…”

ഉള്ളവന്റേയും ഇല്ലാത്തവന്റേയും ഓണം
ഒരുപോലെയല്ല! ഇല്ലായ്മയിലും ഉള്ളതുകൊണ്ട്
ഓണം കൂടുന്ന ഈ പാട്ട് ജീവിതാനുഭവങ്ങളുടെ
സാക്ഷ്യപ്പെടുത്തല്‍ കൂടിയാണ്…

‘ കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
തിര്വേണം വന്നല്ലോ കുഞ്ഞാഞ്ഞേ
പപ്പടം വേണം പായസം വേണം
തിര്വോണത്തിന് കുഞ്ഞാഞ്ഞേ
കൂരിതുള്ളി കൂരിതുള്ളി
കൊടകരയാറ്റില് കൂരിതുള്ളി
കൂരിക്കറി കൂരിക്കറി
തിര്വോണത്തിന് കൂരിക്കറി
ഊഞ്ഞാലേ ഊഞ്ഞാലേ
തിര്വോണത്തിനങ്ങൂഞ്ഞാലേ
തുമ്പി തുള്ളി തുമ്പി തുള്ളി
തിര്വോണത്തിന് തുമ്പിതുള്ളല്‍
തിര്വോണം തിര്വോണം
മാവേലിത്തമ്പ്രാന്റെ തിര്വോണം…’

ഓണമെന്നാല്‍ പൂക്കളും നിറവാര്‍ന്ന പൂക്കളങ്ങളും
ചേര്‍ന്ന സ്വപ്‌നം. പൂപ്പാട്ടുകളും നിരവധി,

1.
തുമ്പപ്പൂവേ പൂത്തിരകളേ
നാളേയ്‌ക്കൊരു വട്ടി പൂ തരണേ
ആയ്ക്കില ഈയ്ക്കില ഇളംകൊടി
പൂയ്ക്കില
പിന്നെഞാനെങ്ങനെ പൂതരേണ്ടൂ?
കാക്കപ്പൂവേ പൂത്തിരളേ
നാളേയ്‌ക്കൊരു വട്ടി പൂ തരണേ
ആയ്ക്കിലെ ഈയ്ക്കില ഇളംകൊടി
പൂയ്ക്കില
പിന്നെ ഞാനെങ്ങനെ പൂ തരേണ്ടൂ?
അരിപ്പൂപൂവേ പൂത്തിരളേ
നാളേയ്‌ക്കൊരു വട്ടി പൂ തരണേ…

2.
ആന പോകണ പൂമരത്തിന്റെ
ചോടെ പോകണതാരെടാ
ആരാനുമല്ല കൂരാനുമല്ല
കുറ്റിക്കാട്ടുണ്ണി തേവര്
പന്നിവാലിന്‍മേല്‍ തൊങ്ങലുംകെട്ടി
പലിശേലോടുന്ന മാധവാ
എരഞ്ഞിക്കോട്ടുണ്ണി തിരിയേ പോകുമ്പം
നാരിമാര്‍ക്കൊക്കെ പൂപ്പൊലി
പൂവേപൊലി പൂവേപൊലി
പൂവേപൊലി പൂവേ…

പൂക്കുട തൂക്കി കുന്നിലും തൊടിയിലും പുഴയോരങ്ങളിലും പൂവിറുത്തു നടന്ന കാലം പാട്ടിലൂടെ തിരിച്ചുവരുന്നു

” എട്ടോലയിട്ടൊരു കൂടുമെടഞ്ഞ്
കൂട്ടിന്നൊരു കൊലപ്പൂവിറുക്കാന്‍
തെറ്റിയവര്‍ തായളം ചെന്നേക്കുന്ന
തെറ്റിക്കൊരു കൊലപ്പൂവിറുക്കാന്‍
തുളസിയാര്‍ തായളം ചെന്നേക്കുന്നാ
തുളസിക്കൊരു കൊലപ്പൂവിറുക്കാന്‍
മുല്ലയാര്‍ തായളം ചെന്നേക്കുന്നാ
മുല്ലയ്‌ക്കൊരു കൊലപ്പൂവിറുക്കാന്‍
പിച്ചിയാര്‍ തായളം ചെന്നേക്കുന്ന
പിച്ചിക്കൊരു കൊലപ്പൂവിറുക്കാന്‍
താഴെയാര്‍ തായളം ചെന്നേക്കുന്നാ
താഴയ്‌ക്കൊരു കൊലപ്പൂവിറുക്കാന്‍
മേലയാര്‍ തായളം ചെന്നേക്കുന്ന
മേലേയ്‌ക്കൊരു കൊലപ്പൂവിറുക്കാന്‍…”

ഓണക്കാലം കളികളുടേയും കാലമാണ്. ഓണത്തല്ല്, വഞ്ചിതുഴയല്‍, പുലിക്കളി, ഓണപ്പൊട്ടല്‍, തുമ്പിതുള്ളല്‍, തിരുവാതിരക്കളി, ഉറിയടി, ഊഞ്ഞാലാട്ടം, കോല്‍ക്കളി, കുമ്മാട്ടിക്കളി, കാല്‍പന്തുകളി, കമ്പവലി ഇങ്ങനെ അസംഖ്യം കളികള്‍. കളികളോടൊപ്പം പാട്ടും അകമ്പടിയേകുന്നു. തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുള്ള തുമ്പിതുള്ളല്‍ പാട്ട് ഇങ്ങനെ തുടങ്ങുന്നു.

‘ ഒന്നാം തുമ്പിയും അവര്‍പെറ്റ മക്കളും
പോക നടപ്പറ തുമ്പി തുള്ളാന്‍
തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല
തുമ്പിത്തുടല്‍മാല പൊന്‍മാല…
രണ്ടാംതുമ്പിയും അവര്‍ പെറ്റ മക്കളും
പോക നടപ്പറ തുമ്പി തുള്ളാന്‍..’

ആദിവാസി സമൂഹമായ മലവേടര്‍ ഓണം പോലുള്ള അഘോഷ വേളകളില്‍ ‘ഓമല്‍ കളി’യിലേര്‍പ്പെടാറുണ്ട

‘ തെക്കന്‍ അടിപിടി മത്തളും ചേരും
എന്റെ ഓമല്‍ കളി കണ്ടാല്‍ കൊള്ളാം
പടിഞ്ഞാറന്‍കാരും വടക്കനും ചേരും
എന്റെ ഓമല്‍ കളി കണ്ടാല്‍ കൊള്ളാം
വടക്കപ്പൊട്ടും വടക്കനും ചേരും
എന്റെ ഓമല്‍ കളി കണ്ടാല്‍ കൊള്ളാം…’

ഓണത്തേയും കൃഷിയേയും ബന്ധിപ്പിക്കുന്ന നാട്ടറിവും പാട്ടുകളുമു. വിത്തെറിഞ്ഞ്, ഞാറ് നട്ട് നിറഞ്ഞ് വിളഞ്ഞു നില്‍ക്കുന്ന മുണ്ടകന്‍ പാടം തന്നെയാണ് തങ്ങളുടെ ഓണമെന്ന് പഴയ കര്‍ഷകത്തൊഴിലാളികളുടെ പാട്ടിലൂടെ വ്യക്തമാകുന്നു.

‘ ഒന്നാം കണ്ടം പൊടി പറന്നേ
ഒത്തിരിയൊത്തിരി വിത്തെറിഞ്ഞേ
രണ്ടാം കണ്ടം പൊടി പറന്നേ
രണ്ടരവിത്ത് വലിച്ചെറിഞ്ഞേ
വിത്തിട്ട് നിക്കും കുറുമ്പിപ്പെണ്ണാളേ
അത്തം പെറന്ന ദെവസം കണ്ടാളേ
ഒത്തിരിക്കാതം നടന്നു കയിഞ്ഞേ
മുട്ടും തളന്നു മുതുവും കൊയഞ്ഞേ
മുണ്ടകന്‍പാടം നെരന്നു വെളഞ്ഞാ
മാടത്തിന്റോരത്തങ്ങോണം വന്നെത്തും
കോലോത്തെ തമ്പിരാന്‍ കോലത്തുവന്നാ-
ലായക്കും മൂയക്കും തേരത്തു കിട്ടും

കുത്തളം പാടം തെരന്നു നിന്നമ്മേ
കഞ്ഞി കുടിക്കുന്ന നേരം വന്നമ്മേ
പാടത്ത് പോകുന്ന കാണക്കറുമ്പി
വിത്തിടും പാടം നെരന്നു നിന്നമ്മേ
മുണ്ടകന്‍ പാടത്തൊരാരവം കേട്ടേ
വിത്തിടം പാട്ടിന്റെരാരവം കേട്ടേ
കന്നിച്ചെറുമി കുറുമ്പിപ്പെണ്ണാളേ
കന്നുപൂട്ടുന്ന കരിനെലമൊണ്ടേ
വിത്തിടും വെറ വെറ വെറച്ചമ്മേ
കുത്തിടും നെല്ല് തെരിതെറിച്ചമ്മേ
മുണ്ടകന്‍ പാടം നെര നെരന്നമ്മേ
മാടത്തിന്റോരത്തങ്ങോണം വന്നമ്മേ…’

മലബാറിലും മറ്റും പ്രചാരത്തിലുള്ള ഒരോണപ്പാട്ടില്‍ ‘ നാട്ടുഭക്ഷണത്തിന്റെ’ രുചിഭേദങ്ങളുമുണ്ട്.

‘ അത്തത്തിന്നുച്ചേക്കൊരു പച്ചേക്കണ വെട്ടി
ഏഴാക്കിച്ചീന്തീട്ടൊരൊറ്റാലും വെച്ചേ
അപ്പാച്ചിറയില് മീനുറ്റാന്‍ പോയേ
അതിലേക്കും വലിയൊരു വലേട്ട കിട്ടി
വാല് പിടിച്ച് വരമ്പോടടിച്ച്
വെട്ടിമിനുക്കി ചെതുമ്പേലും പോക്കി
വയനാടന്‍ മഞ്ഞള് മൂഴക്കരച്ച്
കാപ്പാടന്‍ തേങ്ങ പതിനെട്ടരച്ച്
കറിവെന്ത് കറിയുടെ മണവും പരന്നേ
തെക്കുന്നൊരു കൂട്ടം പെണ്ണ്ങ്ങള് വന്നേ
ഉപ്പുണ്ടോ മൊളകുണ്ടോ തൊട്ടൊന്ന് നോക്ക്യേ
ഉപ്പുണ്ടോ മൊളകുണ്ടോ തൊട്ടൊന്ന് നോക്ക്യേ
കൂട്ടര് തിന്നപ്പം തീര്‍ന്നങ്ങ് പോയേ…
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ…

അത്തം തുടങ്ങി; ഓണത്തേയും മഹദേവനേയും ഭക്ത്യാദരത്തോടെ എതിരേല്‍ക്കുന്നു ഈ പാട്ടില്‍..

‘ ഉത്തരാടം പാതുരക്കേ- ഏ നല്ല
തിരുവോണം പൊലരി കണ്ടേമഞ്ഞുണ്ടേ മഴയതുണ്ടേ- ഏ നല്ല
കാറുണ്ടേ കറുപ്പതുണ്ടേ
കാറുണ്ടേ കറുപ്പതുണ്ടേ- ഏ നല്ല
തിരുമോടി വെളിച്ചമുണ്ടേ
ചിത്രമാടാന്‍ തിരുമുറ്റത്തേ- ഏ നല്ല
അല്ലിത്താന്‍ തറ ചമച്ചേ
അല്ലിത്താന്‍ തറ ചമച്ചേ- ഏ നല്ല
അറകള്ളി പീഠം തീര്‍ത്തേ
കെട്ടുകെട്ടി അണിച്ചിലുണ്ടേ- ഏ നല്ല
പൂജ കെട്ടണിച്ചിലുണ്ടേ
അണിഞ്ഞൊരാ അണിയകത്തേ- ഏ നല്ല
മണിപീഠ പലയും വെച്ചേ
മണിപീഠ പലമുകള്- ഏ നല്ല
തിന കദളി ഇലയും വെച്ചേ
തിന കദളി ഇല മുകളേ- ഏ നല്ല
എഴുന്നള്ളും മഹാദേവനും…
ഉത്തരാടം പാതുരക്കേ- ഏ നല്ല
തിരുവോണം പൊലരി കണ്ടേ…’

കാല്‍പനിക കവിതയുടെ ആദിപ്ര രൂപങ്ങളാണ് നാടന്‍പാട്ട് സാഹിത്യം. പൂത്തുലഞ്ഞ് നില്‍ക്കുന്ന പൊന്നോണപ്പുലരിയും സൗന്ദര്യത്തികവാര്‍ന്ന സ്ത്രീയും ഒന്നുതന്നെയാണെന്ന നാട്ടുഭാവനകളാണ് ഈ പാട്ടില്‍..

‘ അത്തിനുന്തം തെയ് തെയ് തിനുന്താരോ തെയ്‌തെയ്
അത്തിനുന്തം തെയ് തെയ് തിനുന്താരോ തെയ്‌തെയ്
തെക്കുതെക്കേ തെയ് ചെന്നൊരു പെണ്ണുകണ്ടേ-തെയ്
പെണ്ണിന്റെ കണ്ണ് കണ്ടാല്‍ തെയ് കണ്ണാടി മിന്നല്‍പോലെ-തെയ്
പെണ്ണിന്റെ മൂക്ക് കണ്ടാല്‍ തെയ് എള്ളിന്റെ പൂവ് പോലെ-
തെയ് പെണ്ണിന്റെ പല്ല് കണ്ടാല്‍ തെയ് കുമ്പള വിത്ത് പോലെ-തെയ്
പെണ്ണിന്റെ ചുണ്ട് കണ്ടാല്‍ തെയ് ചെന്തൊണ്ടിപ്പഴം
പോലെ-തെയ്
പെണ്ണിന്റെ കഴുത്ത് കണ്ടാല്‍ തെയ് ശംഖ് കടഞ്ഞ
പോലെ-തെയ്
പെണ്ണിന്റെ കയ്യ് കണ്ടാല്‍ തെയ് ഇളംവാഴക്കൂമ്പ്
പോലെ-തെയ്
പെണ്ണിന്റെ മാറ് കണ്ടാല്‍ തെയ് മാറടിത്തിണ്ണപോലെ-തെയ്
പെണ്ണിന്റെ പള്ള കണ്ടാല്‍ തെയ് ആലിന്റെയിളന്തില പോല്‍-തെയ് തെയ്
തെക്കു തെക്കേ തെയ് ഞാന്‍ ചെന്നു നിന്നകാലം-തെയ്‌തെയ്
ഓണം കണ്ടേ തെയ് ഓണെപ്പാലരി കണ്ടേ-തെയ്‌തെയ്…’

ജാതി-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ സമൃദ്ധിയും സാഹോദര്യവും സ്‌നേഹവും പുലരുന്ന നല്ല കാലത്തേക്കുള്ള പ്രതീക്ഷകളാണ് പ്രചുരപ്രചാരം നേടിയ ഈ പാട്ടില്‍ തുടിക്കുന്നത്

‘ മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികള്‍ ഒന്നുമില്ല
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളുമൊന്നു പോലെ
നെല്ലിന്നു നൂറു വിളവുമുണ്ട്
ദുഷ്ടരെ കണ്‍കൊണ്ടു കാണ്‍മാനില്ല
നല്ലവരല്ലാതയില്ലാ പാരില്‍
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണം മണിഞ്ഞുകൊണ്ട്
നാരികള്‍ ബാലന്‍മാര്‍ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി
കള്ളം പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
നല്ല മഴ പെയ്യും വേണ്ടും നേരം
നല്ലപോലെല്ലാ വിളവും ചേരും…’

 

വിനോദവും അനുഷ്ഠാനവും സമ്മേളിക്കുന്ന കുമ്മാട്ടിക്കളിപ്പാട്ടില്‍ ഓണത്തപ്പനും ആഘോഷത്തിമിര്‍പ്പുകളും ആസ്വാദകരുടെ മനം കവരുന്നു. തൃശൂര്‍ ജില്ലയില്‍ ഓണവില്ലില്‍ താളമിട്ടുകൊണ്ടാണ് കുമ്മാട്ടിപ്പാട്ട് പാടി വരുന്നത്.

‘ കള്ളക്കര്‍ക്കടം പോയാ പിന്നെ ചിങ്ങം വന്നു പിറക്കൂല്ലോ
ചിങ്ങം വന്നു പിറന്നാ പിന്നെ ഓണാഘോഷമായില്ലോ
ഓണാഘോഷമായാ പിന്നെ ആറാപ്പൂവിളി കേള്‍ക്കാലോ
ആറാപ്പൂവിളി കേട്ടാപ്പിന്നെ ഓണക്കോടിയുടുക്കാലോ
കൈകൊട്ടിക്കളി കണ്ടാ പിന്നെ കുമ്മാട്ടിക്കളി കാണാലോ
. . . .
ഓണത്തപ്പാ കുടവയറാ നാണം കൂടാതടുത്തുവാ
തേങ്ങമരമത് കായ്ക്കണമെങ്കില്‍ കുമ്മാട്ടിക്കൊരു തേങ്ങകൊട്
കുമ്മാട്ടിക്കൊരു തേങ്ങ കൊടുത്താല്‍ ഉണ്ണാനുണ്ടാമെല്ലാവര്‍ക്കും
ഓണത്തപ്പാ കുടവയറാ ഓണം ഉണ്ണാനടുത്തു വാ
കുണ്ടം കിണറ്റില്‍ കുറുവടി വീണാല്‍ കുമ്പിട്ടെടുക്കും കുമ്മാട്ടി
എത്താകൊമ്പത്തെ വാളം പുളിങ്ങ എത്തിച്ച് പൊട്ടിക്കും കുമ്മാട്ടി
ദേ വരണൂ ദേ വരണൂ കീപ്പൊരിഞ്ഞും മേത്തെറിഞ്ഞും
ആര്‍പ്പോ…ഇര്‍റോ…ഇര്‍റോ…

Share

Leave a Reply

Your email address will not be published. Required fields are marked *