ജീവിത ശൈലീ രോഗങ്ങള്‍: കാരണങ്ങളും പ്രതിവിധികളും

ജീവിത ശൈലീ രോഗങ്ങള്‍: കാരണങ്ങളും പ്രതിവിധികളും

കഴിഞ്ഞ നൂറ്റാണ്ടില്‍ ആരോഗ്യ രംഗത്ത് സമൂഹം നേരിട്ടിരുന്ന ഏറ്റവും വലിയ വിപത്ത് പകര്‍ച്ചവ്യാധികളായിരുന്നു. അനവവധി പേരുടെ ജീവന്‍ എടുത്ത പകര്‍ച്ചവ്യാധികള്‍ പലതും ആരോഗ്യ രംഗത്തും സാമൂഹ്യ രംഗത്തും ഉണ്ടായ അഭൂതപൂര്‍വ്വമായ പുരോഗതിയോടെ അസ്തമിച്ച അവസ്ഥയാണ്. ഈ നൂറ്റാണ്ടിലും പകര്‍ച്ചവ്യാധികള്‍ ഉണ്ടായെങ്കിലും അവയ്ക്കുള്ള പ്രതിവിധികളും ഭാഗികമായെങ്കിലും കണ്ടുപിടിക്കപ്പെട്ടു. എന്നാല്‍ പുതു നൂറ്റാണ്ട് സാക്ഷ്യം വഹിച്ചത് ഒരു കൂട്ടം രോഗങ്ങളുടെ ആവിര്‍ഭാവത്തോടെയാണ്. ഇത്തരം രോഗങ്ങള്‍ പലതും മനുഷ്യന്റെ മാറിയ ജീവിത ശൈലിയുമായി ബന്ധപ്പെട്ടവയാണ്.

ആദ്യകാലങ്ങളില്‍ മനുഷ്യ ജീവിതം പ്രധാനമായും കാര്‍ഷികവൃത്തിയെ അടിസ്ഥാനമാക്കിയായിരുന്നു. അതുകൊ ണ്ടുതന്നെ ശുദ്ധമായ ആഹാരം, ജലം ഇവ സുലഭമായിരുന്നു. ആവശ്യം വേണ്ടുന്ന ശാരീരിക അധ്വാനവും ഉ ണ്ടായിരുന്നു. ഇത് അവരെ ആരോഗ്യദൃഢഗാത്രരായി സംരക്ഷിച്ചു പോന്നു.ക്രമേണ വ്യാവസായിക പുരോഗതി നേടിയതോടെ സുഖസൗകര്യങ്ങള്‍ വര്‍ധിക്കുകയും താരതമ്യേന അലസമായ ജീവിത ശൈലി ശീലമാക്കുകയും ചെയ്തു. ഇത് ശരീര വ്യവസ്ഥിതിയില്‍ പുതിയ രോഗങ്ങള്‍ സൃഷ്ടിച്ചു. അതുപോലെ വര്‍ധിച്ചുവന്ന അന്തരീക്ഷ മലിനീകരണവും രോഗാവസ്ഥക്ക് ആക്കം കൂട്ടി. ഇത്തരം ജീവിത ശൈലിയുടെ ഉപോല്‍ബലകമായി സമൂഹത്തില്‍ മാനസിക സംഘര്‍ഷം കൂടി വന്നു. ഇതും ജീവിത ശൈലീ രോഗങ്ങളുടെ വര്‍ധനവിന് കാരണമായി. ശാരീരികവും മാനസികവുമായ അനവധി രോഗങ്ങള്‍ ജീവിത ശൈലീ രോഗങ്ങള്‍ എന്ന സംജ്ഞയ്ക്ക് താഴെ വിവരിക്കാവുന്നതാണ്.

ജീവിത ശൈലീ രോഗങ്ങളെപ്പറ്റി നിരന്തരം ചര്‍ച്ചകള്‍ സമൂഹത്തില്‍ നടന്നു വരുന്നു. എന്താണ് ജീവിതശൈലീ രോഗങ്ങള്‍, അവ എങ്ങനെ പ്രതിരോധിക്കാം, പരിഹാരമെന്ത്? എന്നിവയാണ് നാം പ്രധാനമായി മനസ്സിലാക്കേണ്ടത്. തെറ്റായ ഭക്ഷണശൈലി, വേണ്ടത്ര വ്യായാമമില്ലായ്മ, അത്യധികമായ മാനസിക സംഘര്‍ഷം എന്നിവയാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണങ്ങള്‍. സമാധാന പൂര്‍ണമായ ഒരു ജീവിത രീതിയാണ് ഇവയ്ക്ക് ഒരുപരിധിവരെയുള്ള പരിഹാരം.

പലപ്പോഴും കൃത്യമായ ഔഷധസേവയും ആവശ്യമായി വന്നേയ്ക്കാം. പ്രമേഹം, രക്ത സമ്മര്‍ദം, ഹൃദ്രോഗം, ദഹന സംബന്ധമായ അസുഖങ്ങള്‍, വിഷാദം മുതലായ മാനസിക രോഗങ്ങള്‍ ഇവയാണ് പ്രധാനമായും ജീവിത ശൈലീ രോഗങ്ങളായി അറിയപ്പെടുന്നത്. കാന്‍സര്‍രോഗവും ജീവിത ശൈലിയുമായി ഒരു പരിധിവരെ ബന്ധപ്പെട്ടു കിടക്കുന്നു. ഇന്ന് കൂടുതലായി കാണുന്ന പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം പ്രധാനമായും കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കാണ് കാണപ്പെടുന്നത്.

ഇതും ജീവിത ശൈലീ രോഗങ്ങളില്‍ പെട്ടതാണ്. ഇത്തരം രോഗങ്ങളിലെല്ലാം തന്നെ കൃത്യമായ വൈദ്യ നിര്‍ദേശാനുസരണമുള്ള ചികിത്സ ആവശ്യമാണ്. എന്നാല്‍ വെറും ഔഷധ സേവ കൊണ്ടുമാത്രം ഇവ ഭേദമാകണമെന്ന് വിചാരിക്കുന്നത് അബദ്ധമാണ്. ജീവിത ശൈലിയിലും ആഹാര രീതിയിലും വരുത്തുന്ന ശാസ്ത്രീയമായ മാറ്റങ്ങളും ഇത്തരം രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമാണ്. ആയൂര്‍വേദം ഇത്തരംകാര്യങ്ങളില്‍ വളരെ വ്യക്തമായ പല നിര്‍ദേശങ്ങളും നല്‍കുന്നു. ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര തലത്തിലുള്ളവരൊക്കെ തന്നെ പരമ്പരാഗതവൈദ്യ സമ്പ്രദായങ്ങളുടെ ഈ വിഷയത്തിലുള്ള പങ്ക് മനസ്സിലാക്കിയിട്ടുണ്ട്.

ആഹാര രീതിയിലുള്ള നിയന്ത്രണമാണ് ഏറ്റവും പ്രധാനം. പകുതി വയര്‍ ആഹാരം കഴിക്കണമെന്നാണ് ആയൂര്‍വേദ വിധി. കാല്‍ഭാഗം വെള്ളവും കാല്‍ഭാഗം ഒഴിച്ചിടണമെന്നും ആയൂര്‍വ്വേദം അനുശാസിക്കുന്നു. അമിതാഹാരം അരുത് എന്ന് സാരം. കൃത്യമായ സമയത്ത് ആഹാരം കഴിക്കുക. കഴിച്ച ആഹാരം ദഹിച്ച ശേഷം വിശപ്പ് വന്നാല്‍ മാത്രം അടുത്ത തവണ ആഹാരം മിതമായി കഴിക്കണമെന്ന് നിര്‍ദേശം ഉണ്ട്. ഏകദേശം നാല് മണിക്കൂര്‍ ഇടവേള ഒരു പ്രധാന ആഹാരത്തില്‍ നിന്നും അടുത്ത ആഹാര കാലത്തിന് നല്‍കേണ്ടതുണ്ട്. രാത്രി അസമയത്ത് ആഹാരം കഴിക്കുന്നത് ആരോഗ്യകരമല്ല. രാത്രി ഭക്ഷണം എപ്പോഴും ലഘുവും പെട്ടെന്ന് ദഹിക്കുന്നതുമായിരിക്കണം.

രാത്രി ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാന്‍ പോകാന്‍ പാടുള്ളൂ.
അതിനര്‍ത്ഥം നേരത്തെ രാത്രി ഭക്ഷണം കഴിക്കേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന നാരുകള്‍ സമൃദ്ധമായ ആഹാരമാണ് ഏറ്റവും ഉചിതം. എരിവ്, പുളി, തണുത്തവ, വറുത്തവ എന്നിവ അമിതമായി ഉപയോഗിക്കരുത്. പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം ആവശ്യത്തിന് കുടിക്കുക. ഇത് ദഹനപ്രക്രിയയെ വളരെ സഹായിക്കുന്നതാണ്. മാംസാഹാരം നിയന്ത്രിതമായി മാത്രം നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിനനുസരിച്ച് ഉപയോഗിക്കാം.

ശരീരബലത്തിന്റെ പകുതി മാത്രം ഉപയോഗിച്ച് നിത്യവും വ്യായാമം അനുഷ്ഠിക്കാം. അതായത് ശരീര പേശികള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും കേടുപാടുകള്‍ വരുന്ന രീതിയില്‍ വ്യായാമം നല്ലതല്ല. അവനവന്റെ പ്രായത്തിനും ശാരീരിക സ്ഥിതിക്കും അനുസരിച്ചുള്ള വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക. എന്നും രാത്രിയില്‍ 7-8 മണിക്കൂര്‍ നല്ലവണ്ണം ഉറങ്ങുന്നത് ശീലമാക്കുക. ജീവിത ശൈലീ രോഗങ്ങള്‍ അകറ്റാന്‍ ഉറക്കത്തിന്റെ ആവശ്യം ശാസ്ത്രീയ പഠനങ്ങളാല്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഉറക്കം ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് അത്യന്താപേക്ഷിതമാണ്. മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഉതകുന്ന യോഗ, പ്രാണായാമം എന്നിവയുടെ ശരിയായ പരിശീലനം നല്ലതാണ്.

മനസ്സിനെ നിയന്ത്രിക്കുകയും അമിതമായ ആഗ്രഹങ്ങള്‍ക്ക് തടയിടുകയും ചെയ്യുന്നത് ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ നല്ലൊരുപാധിയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം ഒരു പോലെ കാത്തു സൂക്ഷിച്ചെങ്കിലേ നാം ആരോഗ്യവാന്മാരാണെന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ആരോഗ്യവാന്മാരായ ഓരോ വ്യക്തിയാണ് ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *