കോഴിക്കോട്: കോര്‍പറേഷനും കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയും സംയുക്തമായി ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 29ന് രാവിലെ ഏഴ് മണിക്ക് ഹൃദയത്തിനായി ഒരു നടത്തം സംഘടിപ്പിക്കുന്നതായി സംഘാടകരായ ഡോ. കെ.കുഞ്ഞാലിയും ആര്‍.ജയന്ത്കുമാറും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ സാമൂഹിക സന്നദ്ധ സംഘടനകള്‍, ആശുപത്രികള്‍, സ്‌കൂള്‍ , കോളേജ്, എന്‍.സി.സി , സ്‌കൗട്ട് എന്നിവര്‍ അണിനിരക്കും. മാനാഞ്ചിറ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച് പോലിസ് കമ്മീഷണര്‍ ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ് കടന്ന് ടൗണ്‍ ഹാളില്‍ സമാപിക്കും. നടത്തത്തിന് ശേഷം ടൗണ്‍ ഹാളില്‍ പൊതുജനങ്ങള്‍ക്കായി മുഖാമുഖം നടക്കും. പ്രമുഖ കാര്‍ഡിയോളജിസ്റ്റുകള്‍ പങ്കെടുക്കും. 80 വയസിന് മുകളിലുള്ളവരെ മേയര്‍ ബീന ഫിലിപ്പ് ആദരിക്കും. ആരോഗ്യ സംരക്ഷണത്തിന് കൊഴുപ്പ് കുറഞ്ഞ ഭക്ഷണമാണ് ഉചിതമെന്ന് ഡോ. കെ. കുഞ്ഞാലി പറഞ്ഞു.
കഞ്ഞിയും പയറും കപ്പയും കഴിച്ചവര്‍ ഫാസ്റ്റ് ഫുഡുകള്‍ക്ക് പിറകെയായി. നല്ല ഭക്ഷണവും അത് കുറച്ച് ഭക്ഷിച്ചും കൃത്യമായ വ്യായാമവും ഉണ്ടായാല്‍ ഹൃദാഘാതം വരാതെ സൂക്ഷിക്കാം. കുട്ടികള്‍ പോലും കളിക്കാന്‍ ശ്രമിക്കുന്നില്ല. മുതിര്‍ന്നവര്‍ക്ക് വ്യായാമം ചെയ്യാന്‍ സമയമില്ലെന്ന ന്യായവും. പുതിയ തലമുറയില്‍ ഡയബറ്റിക് അസുഖം കുത്തനെ കൂടി. കൊവിഡ് മൂലം അറ്റാക്ക് വരാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് രോഗിക്ക് ശ്വാസകോശത്തിലെ രക്ത കുഴലിനെയാണ് ബാധിക്കുക. ഹാര്‍ട്ടിലെ മസിലിലേക്ക് കടന്ന് പോകുന്ന രക്തകുഴലില്‍ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കലാണ് (കൊറോണറി ആര്‍ട്ടെറി ഡിസീസ് ) പ്രധാനമായും രക്ഷപ്പെടാന്‍ മാര്‍ഗം. എന്നാല്‍ കൊവിഡ് ബാധിതര്‍ക്ക് വെന്റിലേറ്ററിനായി ഓടുന്ന കാഴ്ചയാണ് എല്ലാ ആശുപത്രിയിലും കണ്ടത്.
വെന്റിലേറ്റര്‍ ഏര്‍പ്പെടുത്തിയത് കൊണ്ട് ശ്വാസകോശത്തിലെ രക്ത കുഴലിലെ രക്തം കട്ടപിടിച്ചത് ഒഴിവാക്കാനാകില്ല. മരുന്ന് അകത്ത് എത്തണം. അതുകൊണ്ടാണ് വെന്റിലേറ്റര്‍ ഉണ്ടായിട്ടും മരണം സംഭവിച്ചതെന്നും ഡോ.കുഞ്ഞാലി വിശദീകരിച്ചു. ബൈപ്പാസും ആന്‍ജിയോപ്ലാസ്റ്റിയും അവസാന ഘട്ടത്തില്‍ മാത്രമെ ആശ്രയിക്കാവൂ. ഇത് താല്‍ക്കാലിക ആശ്വാസം ലഭിക്കും. ഹൃദയാഘാതത്തെ നേരിടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന വ്യായാമവും ഭക്ഷണവും കൃത്യമായ മരുന്ന് ചികിത്സയും ചെയ്താല്‍ മതിയെന്നും ഡോ.കെ കുഞ്ഞാലി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വിശദീകരിച്ചു . വാര്‍ത്താസമ്മേളനത്തില്‍ പി.കെ നാസര്‍, റംസി ഇസ്മയില്‍ എന്നിവരും പങ്കെടുത്തു.