ടി.ഷാഹുല്‍ ഹമീദ്
1981 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 21 ലോക സമാധാന ദിനമായി ആചരിച്ചു വരുന്നു. 2001 മുതല്‍ എല്ലാ രാജ്യങ്ങളോടും ഈ ദിനത്തില്‍ വെടിനിര്‍ത്തലിനും അക്രമരാഹിത്യത്തിനുമായി ആഹ്വാനം ചെയ്യുന്നു. ഈ വര്‍ഷം ലോകസമാധാന ദിനം ആചരിക്കുമ്പോള്‍ മുന്‍ റഷ്യയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളായ അസര്‍ബൈജാനും അര്‍മേനിയും തമ്മില്‍ നാഖൊര്‍നാ എന്ന പ്രദേശത്തെ ചൊല്ലിയുള്ള യുദ്ധം ആരംഭിച്ചത് ലോകസമാധാന പ്രേമികളെ നിരാശരാക്കുന്നു. ശാന്തവും അക്രമവും ഇല്ലാത്ത അവസ്ഥയാണ് സമാധാനം, ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ മുദ്രാവാക്യം സമാധാനമാണ്. 2022ലെ സമാധാന ദിനത്തിന്റെ സന്ദേശം ‘വംശീയത അവസാനിപ്പിക്കു സമാധാനം സൃഷ്ടിക്കൂ’ എന്നതാണ്. ഈ വര്‍ഷത്തെ ദിനാചരണം ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സമാധാനത്തിന്റെ ബെല്‍ രാവിലെ മുഴങ്ങുന്നതോടെ സെപ്റ്റംബര്‍ 21ന് ആരംഭിക്കും, ഭീകരാക്രമണത്തില്‍ 2014 ല്‍ 33,555 പേര്‍ ലോകത്ത് കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ 2021ല്‍ അത് 7142 ആയി കുറഞ്ഞത് ലോകം ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത് .
ദിനാചരണത്തിന്റെ പ്രസക്തി:
ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ മൂന്നില്‍ രണ്ടും അക്രമവും പ്രയാസവും അനുഭവിക്കുന്ന രാജ്യങ്ങളിലാണ് താമസിക്കുന്നത്. വംശീയത ലോകത്തെ വിവിധ സ്ഥാപനങ്ങളിലേക്ക് കടന്നുകയറി സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാകുന്ന സന്ദര്‍ഭത്തിലാണ് ഐക്യരാഷ്ട്രസഭ വംശീയതക്കെതിരേ മുദ്രാവാക്യം ലോകസമാധാന ദിനത്തില്‍ മുഴക്കുന്നത്. അസമത്വത്തിനും മനുഷ്യ ധ്വംസനത്തിനും സാമൂഹിക വ്യവസ്ഥ അസ്ഥിരപ്പെടുത്തുന്നതിനും വംശീയത കാരണമായി മാറുന്നു, വംശീയതയും ലിംഗ അസമത്വവും വേര്‍ പിരിയാത്ത വിധം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ലോകത്ത് സമാധാനം വലിയ ഭീഷണികളെ നേരിടുന്നു , ലോകത്തെ 60 രാജ്യങ്ങളില്‍ ജനങ്ങളുടെ സ്വാതന്ത്ര്യം വര്‍ഷംതോറും കുറഞ്ഞു വരുന്നു , ലോകത്തെ 38% ജനങ്ങളും വലിയ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലാണ് ജീവിക്കുന്നത്.
ലോകത്തിന്റെ അവസ്ഥ:
2017 മുതല്‍ ലോകത്ത് 110 രാജ്യങ്ങളിലായി 230 സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നു, 78% പ്രക്ഷോഭങ്ങളും നടന്നത് സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ ഉള്ള നാട്ടിലാണ്, അവയില്‍ 25 എണ്ണം കൊവിഡ് 19 മായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതാണ്. ലോകത്ത് ശീത യുദ്ധത്തിനുശേഷം നീതീകരിക്കാനാവാത്തതും അകാരണവുമായി അതിക്രമങ്ങള്‍ രാജ്യങ്ങള്‍ അഴിച്ചുവിടുന്നു. ലോകത്ത് അണുവായുധങ്ങളുടെ 90%വും കൈവശം വച്ചിരിക്കുന്ന അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ റഷ്യ ഉക്രൈനെ 2022 ഫെബ്രുവരി 24 ന് ആക്രമിച്ചത് ലോകത്ത് അസമാധാനം ഉണ്ടാക്കുവാന്‍ കാരണമായി. ഇറാഖിലെ ഷിയാ നേതാവ് മുഖാദാദ് അല്‍ സദരിന്റെ അനുയായികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയതും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ ഉണ്ടാക്കിയ കലാപവും ലോകത്ത് സമാധാന പ്രേമികളെ അസ്വസ്ഥരാക്കി. സോളമന്‍ ദ്വീപിലെ പ്രധാനമന്ത്രി സുഖാരെ 2023ല്‍ നടത്തേണ്ട പാര്‍ലമെന്റ് ഇലക്ഷന്‍ വൈകിപ്പിക്കുന്നത് ഇടിത്തി പോലുള്ള സംഭവമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ , എത്യോപ്യ, യമന്‍ ,സഹല്‍ , ബുര്‍ക്കിനോ ഫാസോ , നൈജീരിയ , ലബനന്‍ , സുഡാന്‍ , കൊളംബിയ , മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളില്‍ ലോകസമാധാനത്തിന് വിഘാതമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെതിരേ കാനഡ ,ന്യൂസിലാന്‍ഡ് , ഓസ്‌ട്രേലിയ , നെതര്‍ലാന്‍ഡ് , കസാക്കിസ്ഥാന്‍ , ചാഡ് , താജികിസ്താന്‍ , സുഡാന്‍ എന്നീ രാജ്യങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടന്നു. ലോകത്ത് 100 ദശലക്ഷം ജനങ്ങള്‍ നിര്‍ബന്ധിത പലായനത്തിന് വിധേയമാകുന്നു , അതില്‍ 40%വും കുട്ടികളാണ്, ഉക്രൈനില്‍ മാത്രം 6 ദശലക്ഷം ആളുകളാണ് പലായനം ചെയ്തത്.
ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാനില്‍ ജനസംഖ്യയുടെ 35%വും സോമാലിയില്‍ ജനസംഖ്യയുടെ 20% ജനങ്ങള്‍ക്ക് നിര്‍ബന്ധിതമായി അസമാധാനം കാരണം പലായനം ചെയ്യേണ്ടി വന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ജയിലിലടച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിഗ്വാരാഗ്വായില്‍ ഡാനിയല്‍ ഒര്‍ട്ടേഗ്വാ വിജയിച്ചത് ആ രാജ്യത്തെ കലാപ കലുഷിതമാക്കുവാന്‍ കാരണമായി. റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവായ അലക്‌സി നവലീനിയെ ദേശദ്രോഹം ചുമത്തി നാടുകടത്തിയത് വലിയ ദുരന്തമായി മാറിയിരിക്കുന്നു. ലോകത്തെ 200 കോടി ജനങ്ങള്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളിലാണ് താമസിക്കുന്നത്.
ലോക ഭയ സൂചികയില്‍ (ടെററിസ്റ്റ് ഇന്‍ഡക്‌സ് ) കഴിഞ്ഞവര്‍ഷത്തേക്കാള്‍ 15 ശതമാനം അധികം ഭീകര പ്രവര്‍ത്തനം ലോകത്ത് അരങ്ങേറി, ഏറ്റവും അസന്തുഷ്ടിയുള്ള രാജ്യം അഫ്ഗാനിസ്ഥാന്‍ ആണ്. ഇറാക്കും സോമാലിയും ഇതിന്റെ പിറകില്‍ നില്‍ക്കുന്നുണ്ട്. ഭയ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പന്ത്രണ്ടാമത് ആണ്. ലോകത്ത് ഭീകരാക്രമണത്തിന്റെ 97 ശതമാനം നടക്കുന്നത് നിലവില്‍ പ്രശ്‌നങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന രാജ്യങ്ങളിലാണ്. കൂടാതെ ലോക സന്തോഷസൂചികയില്‍ (ഹാപ്പിനസ് ഇന്‍ഡക്‌സ് )2022ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ഫിന്‍ലാന്റും , തുടര്‍ന്ന് ഉള്ള സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഡെന്മാര്‍ക്ക് ,സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ലോകത്തിന്റെ സമാധാന ശ്രമങ്ങളില്‍ വലിയ പങ്കുവഹിക്കുമ്പോള്‍, ലെബനാന്‍ , സിംബാബ്‌വെ, റുവാണ്ട , ബോട്ട്‌സ്വാന എന്നീ രാജ്യങ്ങള്‍ സന്തോഷ സൂചികയില്‍ ഏറ്റവും പിറകിലായി നില്‍ക്കുന്ന രാജ്യങ്ങളാണ്. ലോക സന്തോഷസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 136 ആണ്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍ 84 സ്ഥാനവും ബംഗ്ലാദേശ് 94 ആം സ്ഥാനവും നേടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് സന്തോഷം കൂടുതല്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം ഇത് വെളിവാക്കുന്നു.
അസന്തുലിതാവസ്ഥ :
ലോകരാജ്യങ്ങള്‍ തമ്മില്‍ വിവിധതരത്തിലുള്ള അസന്തുലിതാവസ്ഥകള്‍ ഉണ്ട്. ദക്ഷിണ കൊറിയയില്‍ ഒരു സ്ത്രീ 0.81 കുട്ടികള്‍ക്ക് മാത്രം ജന്മം നല്‍കുമ്പോള്‍ , നൈജറില്‍-6.95 ,സോമാലിയില്‍ 6.12, മാലിയില്‍ 5.8, ചാഡീല്‍ 5.6 കുട്ടികളെയാണ് ജനിപ്പിക്കുന്നത്. ലോകത്തെ പകുതി ജനങ്ങള്‍ക്കും പ്രതിദിനം 5.50 യുഎസ് ഡോളര്‍ വരുമാനം ലഭിക്കാത്തവരാണ്. ലോകത്ത് പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ 15 എണ്ണം സാമ്പത്തിക കാരണങ്ങളാലാണ് പ്രയാസം നേരിടുന്നത്. സ്വതന്ത്രമായി ഒത്തുചേരലിന് വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 56 ല്‍ നിന്ന് 64 ആയി വര്‍ധിച്ചു. ലോകത്ത് പട്ടാളത്തിനു വേണ്ടി ചെലവിടുന്ന തുക ആകെ ആഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെ കൊണ്ടുവരണമെന്ന് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം പൂര്‍ണമായി ശിരസ്സാവഹിക്കുവാന്‍ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. ലോകത്ത് 132 രാജ്യങ്ങളില്‍ പട്ടാളച്ചിലവുകള്‍ വര്‍ധിച്ചു. സൗദി അറേബ്യയില്‍ ജി.ഡി.പിയുടെ 5.54%, അമേരിക്കയില്‍ 3.29 %, റഷ്യയില്‍ 2.78%, യുകെയില്‍ 2.3%, ഇന്ത്യയില്‍ 2.21%, ചൈനയില്‍ 1.23 % ചെലവുകള്‍ വരുന്നുണ്ട്. നാറ്റോ രാജ്യങ്ങളില്‍ പട്ടാള ചെലവുകളുടെ 50% വ്യക്തികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ 2020/22 റിപ്പോര്‍ട്ടില്‍ ലോകത്തെ 46.9% ജനങ്ങള്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ സുരക്ഷിതത്വം ലഭിക്കുന്നുള്ളൂ. യൂറോപ്പില്‍ 83.9%, അമേരിക്കയില്‍ 64.3 %, ഏഷ്യയില്‍ 44% അറബ് രാജ്യങ്ങളില്‍ 40%, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 17.4% ആളുകള്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സുരക്ഷാ സംവിധാനം ലഭിക്കുന്നുള്ളൂ. സോഷ്യല്‍ മീഡിയ വഴിയുള്ള കൃത്രിമത്വം നിറഞ്ഞ പ്രചരണങ്ങളും അസത്യങ്ങളും ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുകയും അധികാരഭ്രാന്തന്മാരെയും ഏകാധിപതികള്‍ക്കും വളരുവാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു.
ലോകവും പ്രകൃതിയും:
2021ല്‍ 53 രാജ്യങ്ങളിലായി 193 ദശലക്ഷം ജനങ്ങള്‍ക്ക് ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. 2020നേക്കാള്‍ നാല് കോടിയാണ് വര്‍ധിച്ചത്. നാസയുടെ അഭിപ്രായത്തില്‍ 1880നു ശേഷം ഏറ്റവും ചൂടുള്ള വര്‍ഷം 2020 ആണ് എന്നാണ്, 2021 ജൂലൈ ഏറ്റവും ചൂടുള്ള മാസമായി വിലയിരുത്തപ്പെടുന്നു, ലോകത്തെ 15 രാജ്യങ്ങളില്‍ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഓരോ മിനിട്ടിലും 20 ഫുട്‌ബോള്‍ ഗ്രൗണ്ട് വിസ്തൃതിയിലുള്ള വനം ലോകത്ത് കുറയുന്നു, 60% വന്യജീവികള്‍ കുറയുന്നു , പ്രതിവര്‍ഷം 7500 കോടി ടണ്‍ മേല്‍മണ്ണ് നഷ്ടമാകുന്നു, ഓരോ ദിവസവും 200 ഇനം ജീവികള്‍ നശിക്കുന്നു. 1.1 കോടി ടണ്‍ പ്ലാസ്റ്റിക് വര്‍ഷത്തില്‍ കടലില്‍ എത്തുന്നു, ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പല കാരണങ്ങളാല്‍ പാഴാകുന്നു, ഓരോ വര്‍ഷവും ഒരുകോടി ടണ്‍ വിഷ വസ്തുക്കള്‍ പ്രകൃതിയില്‍ എത്തുന്നു.
വധശിക്ഷയും ലോക സമാധാനവും :
2021ല്‍ 56 രാജ്യങ്ങളില്‍ നിന്നായി 2052 പേര്‍ക്ക് വധശിക്ഷ വിധിച്ചു അതില്‍ 579 എണ്ണവും നടപ്പാക്കി ഇറാനില്‍ മാത്രം 314 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്, 2020ല്‍ 1477പേര്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും 489 എണ്ണം മാത്രമാണ് നടപ്പാക്കിയത്.
ലോകത്തിന്റെ പോക്ക് എങ്ങോട്ട്:
സംഘടിതമായ കൗശല്യങ്ങളാല്‍ അസത്യപ്രചരണങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ 190% ലോകത്ത് വര്‍ധിച്ചു, സൈബര്‍ സുരക്ഷയ്ക്ക് വലിയ തുകയാണ് ലോകത്തെ വിവിധ രാജ്യങ്ങള്‍ ചെലവിടുന്നത്. ലോകത്തെ 39% എണ്ണ ഗ്യാസ് ഉല്‍പാദനവും നടക്കുന്നത് രാഷ്ട്രീയ അസ്ഥിരതയുള്ള സ്ഥലങ്ങളിലോ അല്ലെങ്കില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധമുള്ള സ്ഥലങ്ങളിലോ ആണ്. 2022ല്‍ മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അണുവായുധങ്ങളില്‍ നിന്നും കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നുമാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു. സമാധാനം മനുഷ്യന്‍ ആഗ്രഹിക്കുന്ന പദമാണെങ്കിലും 2022 നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടി പൂര്‍ത്തീകരിക്കുമ്പോള്‍ സമാധാനം പുലരേണ്ടത് രാജ്യങ്ങളുടെ കടമയായി മാറിയിരിക്കുന്നു. ലോകത്ത് നടക്കുന്ന വിവിധങ്ങളായ ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഒരു ട്രില്യന്‍ യു.എസ് ഡോളര്‍ ചെലവ് വരുമ്പോള്‍ ലോകത്ത് ആകെ നടക്കുന്ന സമാധാന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 50 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ് ചെലവ് വരുന്നത്.
സമാധാനസൂചിക 2022:
ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനമുള്ള രാജ്യം 3,65000 ജനങ്ങളുള്ള ഐസ് ലാന്‍ഡ് ആണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമികിസ് & പീസ് പുറത്തിറക്കിയ 2022 ലെ ലോകസമാധാന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകത്ത് 163 രാജ്യങ്ങളുടെ അതായത് ലോകത്തെ 99.7 % രാജ്യങ്ങളുടെയും അവസ്ഥ പരിശോധിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം 135 ആണ്. ഉക്രൈനില്‍ റഷ്യ നടത്തുന്ന യുദ്ധത്തില്‍ പുതിയ സാങ്കേതികവിദ്യ അടക്കം ഉപയോഗിക്കുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സമാധാന അവസ്ഥ ലോകത്തിലെ 71 രാജ്യങ്ങളില്‍ കുറയുന്നു. ന്യൂസിലാന്‍ഡ് ,അയര്‍ലന്‍ഡ് ,ഡെന്മാര്‍ക്ക് ,ഓസ്‌ട്രേലിയ എന്നിവ സമാധാന സൂചികയില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലാണ് ഉള്ളത്. അഫ്ഗാനിസ്ഥാന്‍ , യമന്‍ , സിറിയ , റഷ്യ, സൗത്ത് സുഡാന്‍ , ഉക്രൈന്‍ , ഗിനിയ, ഹെയ്ത്തി എന്നിവ സമാധാന സൂചികയില്‍ ഏറ്റവും പുറകിലായ രാജ്യങ്ങളാണ്. യൂറോപ്പില്‍ 7 രാജ്യങ്ങളിലെ ജനങ്ങള്‍ സമാധാനത്തിലായി ജീവിക്കുന്നു. പ്രധാനമായും രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നം ആഭ്യന്തര പ്രശ്‌നങ്ങള്‍, അഭയാര്‍ഥികള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, രാഷ്ട്രീയ അനിശ്ചിതാവസ്ഥ എന്നിവയൊക്കെയാണ്. ഏഷ്യയില്‍ ചൈന ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇറാന്‍ ആണവ കരാറില്‍ ഒപ്പിടാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. 33 രാജ്യങ്ങളില്‍ ഒരു ലക്ഷം ജനങ്ങളില്‍ 1% പേര്‍ കൊല്ലപ്പെടുന്നുണ്ട്. ഉക്രൈനുമായി റഷ്യ ആരംഭിച്ച യുദ്ധം നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ ചെലവ് ഏഴു ശതമാനം വര്‍ധിപ്പിച്ചു.
ഇനി എന്ത് പോംവഴി:
1980ല്‍ മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി ഒലോഫ് പാം നിര്‍ദേശിച്ച പൊതു സുരക്ഷിതത്വം ലോകരാജ്യങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ പട്ടാള ചെലവുകള്‍ ഗണ്യമായി കുറക്കാന്‍ കഴിയുന്നതാണ്. 2022 /23ല്‍ കേരള സംസ്ഥാന ബഡ്ജറ്റില്‍ ആഗോള സമാധാന സമ്മേളനം നടത്തുമെന്നുള്ള നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. ലോകത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് 46.3 ബില്യണ്‍ യു.എസ് ഡോളര്‍ അത്യാവശ്യമായി വേണം ,അഫ്ഗാനിസ്ഥാന്‍ ,യമന്‍ ,സിറിയ എന്നീ രാജ്യങ്ങളില്‍ അടിയന്തരമായി ഫണ്ട് നല്‍കിയാലേ ലോകത്ത് സമാധാനം പുലരുകയുള്ളു.