‘ജഗന്നാഥ ക്ഷേത്രാങ്കണത്തിലെ ഗുരുപ്രതിമ യാഥാര്‍ഥ്യമായത് ഒരു നിയോഗം പോലെ’

‘ജഗന്നാഥ ക്ഷേത്രാങ്കണത്തിലെ ഗുരുപ്രതിമ യാഥാര്‍ഥ്യമായത് ഒരു നിയോഗം പോലെ’

ചാലക്കര പുരുഷു

തലശ്ശേരി: ഗുരുദേവന്‍ ജീവിച്ചിരിക്കെ തന്നെ, ഗുരുവിനാല്‍ പ്രതിഷ്ഠിതമായ ഉത്തരകേരളത്തിലെ ആദ്യ ദേവാലയമായ ജഗന്നാഥ ക്ഷേത്രാങ്കണത്തില്‍ ഗുരുപ്രതിമ സ്ഥാപിക്കുകയെന്ന ആഗ്രഹവുമായിട്ടായിരുന്നു ധനസമാഹരണത്തിനായി മൂര്‍ക്കോത്ത് കുമാരന്‍ കൊളംബോയിലെത്തിയത്. അന്ന് കൊളംബോയിലുണ്ടായിരുന്ന മയ്യഴിക്കാരന്‍ സി.എച്ച് കൃഷ്ണന്‍ ആ മുഹൂര്‍ത്തം ഒരു ലേഖനത്തില്‍ വിശദീകരിക്കുന്നതിങ്ങനെ. ‘മറഡോന ടൗണ്‍ ഹാളില്‍ മലയാളികളാകെ ഒത്തുചേര്‍ന്ന യോഗത്തില്‍ മൂര്‍ക്കോത്ത് കുമാരന്റെ ഗുരുഭക്തി വഴിയുന്ന ഹൃദയസ്പൃക്കായ വാക്കുകള്‍ കേട്ട് മുഴുവനാളുകളും ആവേശഭരിതമായി.

കൊളംബോയില്‍ ജോലി ചെയ്തിരുന്ന കെ.സി.ആര്‍ വൈദ്യര്‍ പ്രസിഡന്റും സി.എച്ച്.കൃഷ്ണന്‍ സെക്രട്ടറിയുമായി കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ധനസമാഹരണം പ്രതീക്ഷിച്ചതിലേറെ വിജയം കണ്ടു. ആയിടെയാണ് എം.എം കമ്പനിക്കാരുടെ അങ്കോര്‍ എന്ന കപ്പലില്‍ ഇറ്റാലിയന്‍ ശില്‍പ്പി ജപ്പാനിലേക്കുള്ള യാത്രാമദ്ധ്യേ കൊളംബോയിലിറങ്ങിയത്. കമ്പനിയിലെ ഉദ്യോഗസ്ഥനും സി.എച്ച്.കൃഷ്ണന്റെ സുഹൃത്തും മയ്യഴിക്കാരനുമായ പുന്ന ദാമോധരനാണ് തവ്‌റലി എന്ന ഇറ്റാലിയന്‍ ശില്‍പ്പിയെ പരിചയപ്പെടുത്തുന്നത്. ഇക്കാര്യം മൂര്‍ക്കോത്ത് കുമാരനെ അറിയിച്ചപ്പോള്‍, തവ്‌റലിയെ കൊണ്ട് പ്രതിമ നിര്‍മിക്കാന്‍ സമ്മതിക്കുകയായിരുന്നു. കൊളംബോയിലെ വൈ.എം.സി.എ.യില്‍ വെച്ച് തവ്‌റലിയുമായി കരാറില്‍ ഒപ്പ് വയ്ക്കുകയും ചെയ്തു. അതിനിടെ ശില്‍പ്പി ഉഷ്ണാതിസാരം പിടിപെട്ട് കിടപ്പിലായി.

ബ്രിസ്റ്റന്‍ ഹോട്ടലില്‍ കിടക്കുകയായിരുന്ന ശില്‍പ്പി കൃഷ്ണനോട് സങ്കടത്തോടെ പറഞ്ഞു. എന്റെ രോഗത്തിന് ഡോക്ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും യാതൊരു ശമനവുമില്ല. ഉടനെ നാട്ടിലേക്ക് തിരിച്ചു പോകണം.പിറ്റേ ദിവസവും കൃഷ്ണന്‍ സങ്കടത്തോടെ ഹോട്ടലില്‍ മുറിയിലെത്തി. കണ്ട മാത്രയില്‍ തന്നെ ഉത്സാഹത്തോടെ കിടക്കയില്‍ നിന്നും ചാടിയെന്നേറ്റ് ശില്‍പ്പി പറഞ്ഞു. ‘എന്റെ രോഗത്തിന് വളരെ ആശ്വാസമുണ്ട്. സുഖക്കുറവുള്ളതായി തോന്നുന്നേയില്ല. കൃഷ്ണന്‍ അത്ഭുതത്തോടെ സ്തംഭിച്ച് നിന്നു പോയി.. ‘നിങ്ങളുടെ ഗുരു ഇന്നലെ രാത്രി എന്റെ അടുത്ത് വന്നു. എനിക്ക് മനസ്സിലാവാത്ത ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു. എനിക്കിപ്പോള്‍ വളരെ സുഖം തോന്നുന്നു’- തവ്‌റലി വിടര്‍ന്ന കണ്ണുകളോടെ പറഞ്ഞു. പ്രതിമ നിര്‍മാണ ദൗത്യവുമായി തവ്‌റലി അങ്കര്‍ കപ്പലില്‍ തന്നെ ഇറ്റലിയിലേക്ക് മടങ്ങി.

ഇറ്റലിയിലെത്തിയ ഉടനെ കൃഷ്ണന് അയച്ച കത്തില്‍ തവ്‌റലി ഇങ്ങിനെ പറയുന്നു.’പ്രൊഫസര്‍ സ്ഥാന ബഹുമതിയോടെ എന്നെ ഇവിടുത്തെ പ്രമുഖ ആര്‍ട്‌സ് കോളജിന്റ പ്രിന്‍സിപ്പലായി നിയമിച്ചിരിക്കുകയാണ്.ഈ ഉന്നത പദവി എനിക്ക് കിട്ടിയത് നിങ്ങളുടെ ഗുരുവിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ഗുരുദേവന്റെ പൂര്‍ണ്ണകായ പഞ്ചലോഹ പ്രതിമ നിര്‍മിക്കും മുമ്പ് ചെറുമാതൃകകള്‍ നിര്‍മിച്ച് മൂര്‍ക്കോത്തിനും മറ്റും അയച്ച് കൊടുത്തിരുന്നു. കരാറില്‍ പറഞ്ഞ സംഖ്യയുടെ പകുതി പണം മാത്രമേ നിര്‍മാണ ചെലവിലേക്ക് മാത്രമായി ,ഗുരുവിന്റെ ആരാധകനായി മാറിയ തവ്‌റലി വാങ്ങിയിരുന്നുള്ളു.

 

Share

Leave a Reply

Your email address will not be published. Required fields are marked *