വടക്കന്‍ വീരഗാഥയും പടിഞ്ഞാറന്‍ കാറ്റും, കിഴക്കന്‍ പത്രോസും കഴിഞ്ഞുവന്ന തെക്കന്‍ തല്ലുകേസിനു മലയാളി സ്വത്വത്തിന് പുറത്ത്, രാജ്യവും രാജ്യാന്തര പ്രേക്ഷകരും വരവേല്‍പ്പ് നല്‍കിത്തുടങ്ങി. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ ബിജു മേനോന്‍ തീര്‍ത്ത ഭാവുകത്വം അതുവരെ നാം കണ്ടുവന്ന ബിജുവില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു യിരുന്നു. കരുത്തും, നീതിബോധവും ഉള്ള ഒരു പോലിസ് സബ് ഇന്‍സ്‌പെക്റ്ററില്‍ നിന്നും അഞ്ചുതെങ്ങുകാരനായ അമ്മിണിപ്പിള്ള എന്ന കടല്‍ വിളക്കിന്റെ കാവല്‍ക്കാരന്‍ എത്രകണ്ട് ഭിന്നനാണ് എന്നത് കൗതുകത്തിനപ്പുറമുള്ള ജിജ്ഞാസ ആവശ്യപ്പെടുന്നുണ്ട്.ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥ, തിരനാടകമാകുമ്പോള്‍ ചിത്രത്തിന്റെ ചലനഭാഷയുടെ മര്‍മ്മം അറിയുന്ന എഴുത്തുകാരനായി രാജേഷ് മാറി. അടിമുടി ആക്ഷേപഹാസ്യം വാരിവിതറുന്ന കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും ഉദ്വേഗച്ചരടിനെ ബലപ്പെടുത്തുകയായിരുന്നു. ഭാഷാഭേതമില്ലാത്ത സ്വീകാര്യതയുള്ള സിനിമാറ്റോഗ്രാഫറാണ് മധു നീലകണ്ഠന്‍ എന്ന മലയാളി. നിഴലുകള്‍ ജീവിതത്തെക്കുറിച്ച് വാചലമാകുന്ന’ചുരുളി’യും. ചടുല ചലനങ്ങളും സ്ഥലരാശിയുടെ മേലേ ആളനക്കങ്ങള്‍ തീര്‍ക്കുന്ന വെടിക്കെട്ടുകളും ടതല്ലുകേസിനെ’ ഒരു ബഹുവചനമാക്കുന്നു.
ജസ്റ്റിന്‍, വിസ്മയക്കാഴ്ചയുടെ ആകാശങ്ങളെ സംഗീതം കൊണ്ട് നിര്‍വചിച്ചത്, അസാമാന്യം എന്നുതന്നെ മടിക്കാതെ പറയണം. ഉദ്വേഗ മുഹൂര്‍ത്തങ്ങള്‍ക്ക് വാര്‍പ്പ് മാതൃകകള്‍ ഇവിടെ അപര്യാപ്തമാണെന്ന അറിവ് ജസ്റ്റിന് മുന്‍പേയുള്ളതാണ്. ശബ്ദം സംഗീതമായി വികസിക്കുന്നതും നിമിഷദളങ്ങളെ വ്യാഖ്യാനിക്കുന്നതും ലോകനിലവാരത്തിനൊപ്പം തന്നെ.കഥയും ക്യാമറയും ലക്ഷ്യം വക്കുന്നതെന്തെന്ന് നന്നായറിയുന്ന മനോജ് കണ്ണോത്താണ് എഡിറ്റര്‍. കലാസംവിധാനം, ദിലീപ്. വേഷം സമീറ സനീഷും, മേക്കപ്പ് റോനെക്‌സ് സേവ്യറും ആണ് ചെയ്തിരിക്കുന്നത്. നാല് പതിറ്റാണ്ടിനപ്പുറമുള്ള ഒരു ഗ്രാമാന്തരീക്ഷം ഒരുക്കുന്നതില്‍ മൂവരും വിജയിച്ചുവെന്നുവേണം വിലയിരുത്താന്‍. ബിജു മേനോന്‍ അവതരിപ്പിക്കുന്ന അമ്മിണിപ്പിള്ളയുടെ കരുത്തും പോര്‍വീര്യവും വെടിമരുന്ന്പുരയില്‍ തീ പടര്‍ന്നപോലുള്ള ‘ആക്ഷനും പ്രേക്ഷകരേ കിടിലം കൊള്ളിക്കും വിധമാക്കിയതിന്റെ ക്രെഡിറ്റ് സംവിധായകനും ആക്ഷന്‍ കൊറിയോഗ്രാഫര്‍ക്കും പങ്കിടാം.
അടി ആണ്‍കരുത്തിന്റെ പ്രകടനം മാത്രമല്ല, നിലപാടുള്ള പെണ്ണിന്റെ പ്രഖ്യാപനവുമാണ്. മുലക്കരത്തിനെതിരേ മുല മുറിച്ചെറിഞ്ഞ നങ്ങേലിയുടെ വീര്യം, ചതിയുടെ ചെകിട് അടിച്ചുപൊട്ടിക്കുന്ന പദ്മപ്രിയയുടെ വാസന്തിക്കുമുണ്ട്. കലിപ്പിച്ച വിടര്‍ന്ന കണ്ണില്‍ രോക്ഷവും പ്രണയ വിഷാദങ്ങളുടെ തിരയിളക്കവും മാത്രമല്ല, കുസൃതിയും തനിക്ക് വഴങ്ങുമെന്ന് നിമിഷ സജയന്‍ തെളിയിക്കുന്നു.ഇന്ത്യന്‍ സിനിമ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന യുവനടന്‍ റോഷന്‍ മാത്യു, നിലവിലുള്ള പലരില്‍ നിന്നും അമ്പേ വ്യത്യസ്തനാണെന്ന് വ്യക്തമാക്കുന്ന ചിത്രം കൂടിയാണിത്. പ്രണയഭംഗം വന്ന പ്രഭക്കുട്ടനും (റെജു ശിവദാസ് ) പെയിന്റര്‍ ലോപ്പസും (അശ്വത് ലാല്‍ ) പോലിസ് നിയമനം കിട്ടുമ്പോള്‍ അതുവഴി ശത്രുസംഹാരം പൂര്‍ണമാക്കാമെന്ന് കരുതി ആശ്വാസം കണ്ടെത്തുന്ന കുഞ്ഞിപ്പക്കിയും (അരുണ്‍ പാവുമ്പ ) വീരവാദവും വിനയവും വേണ്ടുന്ന അളവില്‍ പകര്‍ന്നുതരുന്ന കുഞ്ഞുകുഞ്ഞ് (അഖില്‍ കവലയൂര്‍ ) ഉള്‍പ്പെടെ ഇരുനൂറിലധികം കഥാപാത്രങ്ങള്‍ നിറഞ്ഞടിയ സിനിമയിലെവിടെയും കഥ പറയുന്നതിനോ കാലം നിര്‍വചിക്കപ്പെടുന്നതിനോ ഒരാളും തടസ്സമായില്ല.
സംസ്‌കൃത നാടകങ്ങളിലെ സൂത്രധാരനെപ്പോലെ, മാക്ബത്തിലെ യക്ഷി സാന്നിധ്യം പോലെ രണ്ടുപേര്‍. ഒന്ന് ഒരു മയിലെണ്ണ വില്‍പനക്കാരന്‍. മറ്റൊരാള്‍ ഇരുളില്‍ മുദ്രാവാക്യത്തിന്റെ ചൂട്ടുകറ്റയുമായി നടന്നു നീങ്ങുന്ന കമ്യൂണിസ്റ്റ്. പഠനവും ഗവേഷണവും ഒഴിച്ചുകൂടാനാവാത്ത ഇത്തരത്തിലുള്ള സിനിമകള്‍ ഒരിക്കലും ഒരു നവാഗത സംവിധായകന്‍ തിരഞ്ഞെടുക്കാന്‍ ഇടയില്ല ; തികഞ്ഞ സാഹസീകത കൈയ്യിലില്ലെങ്കില്‍ അതും ഇരുനൂറിലധികം കഥാപാത്രങ്ങള്‍ പങ്കെടുക്കുന്ന രംഗങ്ങളും! കഥപറയാന്‍ ആവശ്യമായ സാങ്കേതികമികവ് വിട്ടുവീഴ്ച്ചയില്ലാതെ പ്രയോഗിക്കുന്നതില്‍, രംഗങ്ങള്‍ കൊഴുപ്പിക്കുവാന്‍ ഉതകുന്ന ഒന്നും ചോര്‍ന്നു പോകാതെ സൂക്ഷിക്കുന്നതില്‍ ശ്രീജിത്ത് എന്‍. എന്ന ഡിസൈനരും ചിത്രകാരനുമായ സംവിധായകന്‍ വിജയം കണ്ടിരിക്കുന്നു. ഒരു തെക്കന്‍ തല്ലുകേസ് ‘ ഒരു കൂട്ടായ്മയുടെ ജയം എന്ന് നിസ്സംശയം പറയാമെങ്കിലും അതില്‍ ക്യാപ്റ്റന്റെ പങ്ക് പറഞ്ഞു പോയേ പറ്റൂ.