ക്ഷയരോഗ വിമുക്ത ഇന്ത്യക്കായുള്ള കോര്‍പറേറ്റ് ടിബി പ്രതിജ്ഞയില്‍ ഒപ്പുവച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍

ക്ഷയരോഗ വിമുക്ത ഇന്ത്യക്കായുള്ള കോര്‍പറേറ്റ് ടിബി പ്രതിജ്ഞയില്‍ ഒപ്പുവച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍

കോഴിക്കോട്: 2025 ഓടെ രാജ്യത്ത് ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നാഷണല്‍ ടിബി എലിമിനേഷന്‍ പ്രോഗ്രാമിന് പിന്തുണയുമായി മുന്‍നിര ആരോഗ്യ സേവന ദാതാക്കളായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്. പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് ടിബി പ്രതിജ്ഞയില്‍ ആസ്റ്റര്‍ ഗ്രൂപ്പ് ഒപ്പുവച്ചു. 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് അഞ്ചുവര്‍ഷം മുമ്പ്, ക്ഷയരോഗം ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കപ്പെടണം എന്നാണ് ടിബി എലിമിനേഷന്‍ പ്രോഗ്രാമിലൂടെ പ്രധാനമന്ത്രി വിഭാവനം ചെയ്തിരിക്കുന്നത്.

ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ ചില സുപ്രധാന പദ്ധതികളുടെ പ്രഖ്യാപനവും, പ്രതിജ്ഞയില്‍ ഒപ്പുവച്ച ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ നടത്തി. കേരളത്തില്‍ പരിമിതമായ വൈദ്യസഹായം ലഭിക്കുന്ന മേഖലകളില്‍ രണ്ട് വര്‍ഷത്തെ കമ്മ്യൂണിറ്റി സ്‌ക്രീനിങ് പ്രോഗ്രാം നടത്തും. വയനാട്, ഇടുക്കി ജില്ലകളിലാണ് ഇതിന് തുടക്കം കുറിക്കുക. ആദിവാസി വിഭാഗത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കും. ഡിആര്‍-ടിബി രോഗികള്‍ക്ക് ഗുണമേന്മയുള്ള ആരോഗ്യപരിചരണം നല്‍കുന്നതിനായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സെന്ററില്‍ ഡിആര്‍-ടിബി ക്ലിനിക്കുകള്‍ ആരംഭിക്കുകയും ചെയ്യും. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ ദൃശ്യ-സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ആനുകാലിക കമ്മ്യൂണിറ്റി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അതോടൊപ്പം ദക്ഷിണേന്ത്യയിലുടനീളമുള്ള ആസ്റ്റര്‍ ഫാര്‍മസികള്‍ വഴി ടിബി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും.

ക്ഷയരോഗ നിര്‍മാര്‍ജനത്തിനായി എക്കാലവും മാതൃകാപരമായ ഇടപെടലാണ് ആസ്റ്റര്‍ നടത്തിയിട്ടുള്ളത് എന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ലോകത്ത് പത്ത് ദശലക്ഷത്തില്‍ അധികം ആളുകളെ ബാധിക്കുകയും, വര്‍ഷത്തില്‍ ഒന്നര ദശലക്ഷത്തിലേറെ പേര്‍ മരണപ്പെടാന്‍ കാരണമാവുകയും ചെയ്യുന്ന മഹാമാരിയാണ് ടിബി. സമയബന്ധിതവും ഫലപ്രദവുമായ ചികിത്സയിലൂടെ ഇന്ന് രോഗമുക്തി സാധ്യമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇതിനെ കുറിച്ച് വേണ്ട അവബോധം ഇല്ലാത്തതും, മരുന്നുകളുടെ ലഭ്യതക്കുറവുമാണ് രോഗവ്യാപനം പൂര്‍ണമായി തടയുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ടിബി സ്റ്റെപ്സ് സെന്റര്‍ ഫോര്‍ ട്യൂബര്‍കുലോസിസ് മാനേജ്മെന്റ് എന്ന ഏകജാലക സംവിധാനത്തിലൂടെ ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളിലൂടെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച കോര്‍പറേറ്റ് ടിബി പ്രതിജ്ഞയുമായി കൈകോര്‍ക്കുന്നതിലൂടെ, നിലവിലുള്ള ആസ്റ്റര്‍ സ്റ്റെപ്സ് സെന്ററുകളെ മാതൃകാ പഠന കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനും, ഇന്ത്യയിലെ ക്ഷയരോഗ പരിചരണത്തിന്റെ നിലവാരം ഉയര്‍ത്താന്‍, കോര്‍പറേറ്റ് ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റെപ്സ് ഉച്ചക്കോടികള്‍’ സംഘടിപ്പിക്കാന്‍ ആസ്റ്റര്‍ പദ്ധതിയിടുന്നതായും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

2017 മുതല്‍ ക്ഷയരോഗ പരിപാലന രംഗത്ത് സജീവമായി ഇടപെടുന്ന സ്ഥാപനമാണ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഓഫ് ടിബി കെയറിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് രോഗികളെ പരിപാലിക്കുന്നതിനായി ടിബി മാനേജ്മെന്റ് സിസ്റ്റം (ആസ്റ്റര്‍ സ്റ്റെപ്‌സ് സെന്റര്‍) നടപ്പിലാക്കിയിരുന്നു. ടിബിയുമായി ബന്ധപ്പെട്ട മുഴുവന്‍ പൊതുജനാരോഗ്യ സൗകര്യങ്ങളും സ്വകാര്യ ആശുപത്രികളിലൂടെ എല്ലാവര്‍ക്കും ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണിത്. കോര്‍പറേറ്റ് ടിബി പ്രതിജ്ഞയുമായി കൈകോര്‍ക്കുന്നതിലൂടെ, നിലവിലുള്ള ആസ്റ്റര്‍ സ്റ്റെപ്സ് സെന്ററുകളെ പഠന കേന്ദ്രങ്ങളായി വികസിപ്പിക്കാനും, ഇന്ത്യയിലെ ക്ഷയരോഗ പരിചരണത്തിന്റെ നിലവാരം ഉയര്‍ത്താന്‍ കോര്‍പറേറ്റ് ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റെപ്സ് സമ്മിറ്റുകള്‍’ നടത്താനും ആസ്റ്റര്‍ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.

മനുഷ്യരാശിയെ നൂറ്റാണ്ടുകളായി അലട്ടുന്ന പകര്‍ച്ചവ്യാധിയെ ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിലൂടെ, രാജ്യത്തോടുള്ള ആസ്റ്ററിന്റെ പ്രതിബദ്ധത വീണ്ടും ഊട്ടി ഉറപ്പിക്കുകയാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനുപ് ആര്‍.വാര്യര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ടിബി റിപ്പോര്‍ട്ട് അനുസരിച്ച്, 2020-ല്‍ ലോകത്ത് 9.9 ദശലക്ഷം ആളുകളാണ് ക്ഷയരോഗബാധിതരായത്. ആകെ രോഗികളുടെ 26 ശതമാനം പേരും ഇന്ത്യയിലാണ്. 2019-ല്‍ ആഗോളതലത്തില്‍ 1.4 ദശലക്ഷം മനുഷ്യരാണ് ടിബി മൂലം മരിച്ചത്. അതില്‍ 31 ശതമാനം മരണവും സംഭവിച്ചത് ഇന്ത്യയിലും.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റും സംയുക്തമായാണ് 2019-ല്‍ കോര്‍പ്പറേറ്റ് ടിബി പ്രതിജ്ഞ പദ്ധതി അവതരിപ്പിച്ചത്. ദി ഇന്റര്‍നാഷണല്‍ യൂണിയന്‍ എഗെയിന്‍സ്റ്റ് ടൂബര്‍കുലോസിസ് ആന്‍ഡ് ലങ് ഡിസീസസ് ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഇന്ത്യയുടെ പിന്തുണയുള്ള iDEFEAT TB പ്രോജക്ട് ആണിത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അനൂപ് ആര്‍ വാര്യര്‍, ആസ്റ്റര്‍ മിംസ് കോഴിക്കോട് പള്‍മണോളജി വിഭാഗം മേധാവി ഡോ. മധു കല്ലത്ത്, ആസ്റ്റര്‍ മിംസ് സി.ഒ.ഒ ലുക്മാന്‍ പൊന്മാടത്ത്, കോഴിക്കോട് ഡി.എം.ഒ ഡോ. ഉമ്മര്‍ ഫറോക്ക്, ജില്ലാ ടിബി ഓഫിസര്‍ ഡോ. അനുരാധ ടി.സി, സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്‌സ് സീനിയര്‍ അഡൈ്വസര്‍ അരവിന്ദ് കുമാര്‍, ഡോ. രാകേഷ് പി.എസ്, യു.എസ്.എ.ഐ.ഡി, ഇന്ത്യ, ബി.എച്ച് സെന്‍ട്രല്‍ ടിബി ഡിവിഷന്‍, ടിബി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *