ഈസ്റ്റ്ഹില്‍: സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പോലിസിന്റെ പിടിയിലായി. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന പേരില്‍ അറിയപ്പെടുന്ന കുന്നത്ത് പടിക്കല്‍ ബിനേഷ് (37) ആണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.പ്രകാശന്റെ നേതൃത്വത്തിലുള്ള ഡന്‍സാഫും നടക്കാവ് പോലീസും ചേര്‍ന്ന് പിടികൂടിയത്. ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എസ്.ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം രാത്രികാല പരിശോധന ശക്തമാക്കിയ ഡന്‍സാഫ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഈസ്റ്റ് ഹില്‍ കാരപ്പറമ്പ് ഭാഗങ്ങളില്‍ എം.ഡി.എം.എ വില്‍പന നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
പ്രതിയില്‍ നിന്നും മൂന്ന് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കാരംസ് ക്ലബിന്റെ മറവിലായിരുന്നു എം.ഡി.എം.എ വില്‍പന നടത്തിയിരുന്നത്. പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് എം.ഡി.എം.എ രഹസ്യമായി എത്തിച്ചു നല്‍കാറാണ് പതിവ്. സുഹൃത്തുക്കളുടേയും എം.ഡി.എം.എക്ക് അടിമപ്പെട്ട കസ്റ്റമേഴ്‌സിന്റെയും വാഹനങ്ങളില്‍ കറങ്ങി നടന്നാണ് വില്‍പന നടത്താറുള്ളത്. വാഹനം ദൂരെ പാര്‍ക്ക് ചെയ്തശേഷം നടന്ന് വന്നാണ് എം.ഡി.എം.എ കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. സിവില്‍ സ്റ്റേഷന് സമീപത്ത് വച്ച് പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ എം.ഡി.എം.എ സഹിതം പിടികൂടിയത്.
പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന മാഫിയ തലവനെകുറിച്ചുള്ള വിവരങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. ആരാണ് മയക്കുമരുന്നെത്തിക്കുന്നതെന്ന് സംഘത്തലവന് മാത്രമേ അറിയൂ എന്നാണ് പ്രതി പോലിസിനോട് പറഞ്ഞത്. തുടര്‍ന്ന് നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷിന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും 31000 രൂപയും മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു. ഡന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയേടത്ത്, സീനിയര്‍ സി.പി.ഒ കെ.അഖിലേഷ്, സി.പിഒ മാരായ ജിനേഷ് ചൂലൂര്‍, അര്‍ജുന്‍ അജിത്ത്, നടക്കാവ് പോലിസ് സ്റ്റേഷനിലെ എസ.്‌ഐ മാരായ എസ്.ബി കൈലാസ് നാഥ്, ശ്രീഹരി, കിരണ്‍ ശശിധരന്‍, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മമ്പാട് സീനിയര്‍ സി.പി.ഒ ഹരീഷ്, ഡ്രൈവര്‍ സി.പി.ഒ ഷാജിഖ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.