ഒഞ്ചിയത്തിന്റെ കഥാകാരന്‍

ഒഞ്ചിയത്തിന്റെ കഥാകാരന്‍

എ.കെ അനീസ

നാല് പതിറ്റാണ്ടായി എഴുത്തിന്റെ ലോകത്ത് സജീവ സാന്നിധ്യമാണ് ഒഞ്ചിയം ഉസ്മാന്‍ ഒരിയാന. ‘കാക്കപ്പടക്ക്’ശേഷം പ്രസിദ്ധീകരിച്ച ‘എന്റെ വീട് പൊള്ളയാണ്’ എന്ന ചെറുകഥാ സമാഹാരത്തിലൂടെ വായനാലോകം കീഴടക്കിയ എഴുത്തുകാരനാണ് ഇദ്ദേഹം. ചരിത്രമുറങ്ങുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍നിന്നും പിറവിയെടുത്ത ഈ എഴുത്തുകാരന്റെ രചനകള്‍ കാലത്തോട് സംവദിക്കുന്നവയാണ്.

 

ഒഞ്ചിയത്തിനൊരു ചരിത്രമുണ്ട്. അത്പോരാട്ടങ്ങളുടെ ഘോഷയാത്രയാണ്. ജാതി-ജന്മി-സാമൂഹിക അനീതിക്കെതിരേയുള്ള പോരാട്ടത്തില്‍ വെടിയുണ്ടകളേറ്റ് ചോര വീണ മണ്ണാണ് ഒഞ്ചിയത്തിന്റേത്. നിലനില്‍പ്പിന്റേയും ചെറുത്തു നില്‍പ്പിന്റേയും വീരഗാഥകള്‍ ഏറ്റുപാടുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍നിന്നാണ് ഒഞ്ചിയം ഉസ്മാന്‍ എന്ന കഥാകാരന്‍ പിറവിയെടുത്തത്. പ്രശസ്തമായ കരുവാരക്കല്‍ കുടുംബത്തില്‍ മമ്മു-ഫാത്തിമ ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് ഒഞ്ചിയം ഉസ്മാന്‍ ഒരിയാനയുടെ ജനനം. നാട്ടിലെ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസവും മടപ്പള്ളി കോളേജിലെ പഠനത്തിനും ശേഷമാണ് അദ്ദേഹം ബോംബേയിലേക്ക് കച്ചവടത്തിനായി വണ്ടി കയറിയത്. ബോംബേയില്‍ ഫുട്പാത്ത് കച്ചവട(പേരി)ത്തിലായിരുന്നു തുടക്കം.

അവിടെ കച്ചവടവും പഠനവും തുടര്‍ന്നുകൊണ്ടിരിക്കേയാണ് ശിവസേനയുടെ മണ്ണിന്റെ മക്കള്‍വാദം പൊട്ടി പുറപ്പെട്ടത്. ഇതില്‍ പരിഭ്രാന്തരായി കൂടെയുള്ള നാല്‍പ്പതോളം സുഹൃത്തുക്കള്‍ പലായനം ചെയ്തപ്പോള്‍ ഉസ്മാനും തടി രക്ഷിക്കാന്‍ കൂടെ കൂടി. 1976-1980 കാലഘട്ടത്തില്‍ അസ്വസ്ഥമായ ബോംബേയില്‍ നിന്നും അല്‍ഖൗല കപ്പലില്‍ ബഹ്‌റൈനിലേക്ക് പുറപ്പെട്ടു. നാല്‍പ്പത് വര്‍ഷക്കാലമാണ് ബഹ്‌റൈനിലെ ഉസ്മാന്റെ പ്രവാസ ജീവിതം നീണ്ടത്. കച്ചവടത്തോടൊപ്പം സാമൂഹിക-കലാരംഗങ്ങളിലും ഈ ഒഞ്ചിയംകാരന്‍ സജീവമായി. കെ.എം.സി.സിയുടെ റഫ യൂണിറ്റിന്റെ പ്രസിഡന്റ്, സെക്രട്ടറി, കലാവിഭാഗമായ ഹരിതകണം ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രവാസകാലത്താണ് ആദ്യപുസ്തകമായ ‘കാക്കപ്പട’ (ചെറുകഥ സമാഹാരം) പ്രസിദ്ധീകരിക്കുന്നത്. പ്രവാസി എന്ന നാമധേയത്തിലുള്ള കവിതക്ക് പ്രവാസി സംഘടനയുടെ അവാര്‍ഡും ഉസ്മാനെ തേടിയെത്തി. ജനയുഗത്തിലാണ് പ്രഥമ രചന പ്രസിദ്ധീകരിക്കപ്പെടുന്നത്. തുടര്‍ന്ന് ചന്ദ്രിക ആഴ്ചപതിപ്പിലും ചെറുകഥകളും ലേഖനങ്ങളും തുടര്‍ച്ചയായി എഴുതി.

അഖിലകേരള കലാ-സാഹിത്യ-സാംസ്‌കാരിക രംഗം (അക്ഷരം) പുരസ്‌കാരം അബ്ദുസമദ് സമദാനി എം.പി ഉസ്മാന്‍ ഒഞ്ചിയത്തിന് സമ്മാനിക്കുന്നു. എഴുത്തുകാരന്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് സമീപം

എഴുതാന്‍ പ്രേരിപ്പിച്ചത് സി.എച്ച് മുഹമ്മദ് കോയയായിരുന്നു. കഥകള്‍ എഴുതാന്‍ നിര്‍ബന്ധിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തത് ചന്ദ്രിക എഡിറ്ററായിരുന്ന കെ.പി കുഞ്ഞി മൂസ്സയായിരുന്നു. തുടര്‍ന്ന് പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി നിസാറിന്റെ അകമഴിഞ്ഞ പിന്തുണ പിന്നീടുള്ള എഴുത്തിന് കരുത്ത് പകര്‍ന്നു. പ്രവാസി റിവ്യൂ, മഹിളാവീഥി എന്നീ പ്രസിദ്ധീകരണങ്ങളിലും ഉസ്മാന്‍ ഒഞ്ചിയത്തിന്റെ കഥകള്‍ നിറഞ്ഞുനിന്നു. കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന എം.കൃഷ്ണന്‍ നായരുടെ പ്രസിദ്ധമായ വാരഫലത്തില്‍ ഉസ്മാന്‍ ഒഞ്ചിയത്തിന്റെ ഒരു കഥയും ഇടംപിടിച്ചു. ചന്ദ്രികയിലായിരുന്നു കഥ പ്രസിദ്ധീകരിച്ചത്. അത് വലിയ പ്രചോദനമായി തീര്‍ന്നത് ഉസ്മാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കഥയെക്കുറിച്ച് കൃഷ്ണന്‍ നായരുടെ പ്രതികരണമാണ് കഥ എഴുതാനുള്ള ആഗ്രഹം കൂടുതലായി മനസ്സില്‍ സന്നിവേഷിപ്പിച്ചതെന്ന് കഥാകാരന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എഴുത്തിന്റെ വഴിയില്‍

അഖില കേരള കലാസാഹിത്യ, സാംസ്‌കാരികരംഗം (അക്ഷരം) പുരസ്‌കാരം, ഉത്തരകേരള കവിതാസാഹിത്യ വേദിയുടെ ഉറൂബ്
പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച ‘എന്റെ വീട്പൊള്ളയാണ്’ എന്ന ചെറുകഥാ സമാഹാരത്തിന് ലഭിക്കുകയുണ്ടായി.പുരസ്‌കാരലബ്ധിക്കുശേഷം ലഹരി നിര്‍മാര്‍ജന സമിതി വടകരയില്‍വച്ചും അട്ടംകള്ളി, പി.കെ, കരുവാരക്കല്‍ കുടുംബസംഗമം കോഴിക്കോട് ഹോട്ടല്‍ ട്രിപ്പന്റയില്‍ വച്ചും മുസ്ലിംലീഗ്, യൂത്ത്‌ലീഗ് കമ്മിറ്റി വെള്ളിക്കുളങ്ങര വച്ചും ബഹ്‌റൈന്‍ ഓര്‍മതണല്‍ സംഗമം കോഴിക്കോട് അല്‍ബേക്ക് ഹോട്ടലില്‍ വച്ചും ഉസ്മാന്‍ ഒഞ്ചിയത്തെ ആദരിക്കുകയുണ്ടായി. ‘എന്റെ വീട് പൊള്ളയാണ്‌ പുസ്തക ചര്‍ച്ച സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വടകര കൊളരാട് താഴത്ത്‌വച്ച് സംഘടിപ്പിക്കുകയുണ്ടായി.

അക്ഷരം പുരസ്‌കാരം, ഉറൂബ് പുരസ്‌കാരം എന്നീ അവാര്‍ഡുകള്‍ നേടിയ ഉസ്മാന്‍ ഒഞ്ചിയത്തിന് ലഹരിനിര്‍മാര്‍ജന സമിതി വടകരയില്‍വച്ച് നടത്തിയ പരിപാടിയില്‍വച്ച് കെ.മുരളീധരന്‍ എം.പി സ്‌നേഹോപഹാരം നല്‍കുന്നു

ചന്ദ്രിക ബാലപംക്തിയിലൂടെ എഴുതി തുടങ്ങിയ ഈ എഴുത്തുകാരന്‍ എഴുതി അയച്ച രചനകള്‍ പ്രസിദ്ധീകരിക്കാതെ മടങ്ങിവന്ന ചരിത്രമില്ല. വടകരയിലെ പ്രമുഖ സി.പി.ഐ നേതാവായിരുന്ന ടി.പി മൂസ്സയുടെ സഹോദരിയുടെ മകനാണ് ഒഞ്ചിയം ഉസ്മാന്‍. എം.എസ്.എഫിലൂടെയാണ് ഉസ്മാന്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.ബോംബേ മുസ്ലീം ജമാഅത്തിന്റെ ഓഫിസില്‍വച്ചാണ് മുസ്ലീംലീഗ് രണ്ടായി പിളര്‍ന്നത് അറിയുന്നത്. അന്ന് രാത്രി രണ്ടുമണിക്ക് ബോംബേ തെരുവ് വീഥികളിലൂടെ ഔദ്യോഗികപക്ഷത്തിന്റെ ജാഥ ബനാത്ത്‌വാലയുടെ വീട് ലക്ഷ്യമാക്കി നടന്നു നീങ്ങിയതും സിന്ദാബാദ് വിളിച്ചതും രോമാഞ്ചംകൊള്ളുന്ന ഓര്‍മകളായി അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. രാഷ്ട്രീയ വിശ്വാസം മുസ്ലീം ലീഗിനോടാണെങ്കിലും എഴുത്തിന്റെ മേഖലയില്‍ ഇടതുപക്ഷ ആശയങ്ങള്‍ തന്നെ സ്വാധീനിച്ചതായി കഥാകാരന്‍ വ്യക്തമാക്കി.

സ്വന്തം അനുഭവങ്ങളിലൂടെ കണ്ടെത്തുന്ന കാര്യങ്ങളും നാലുപതിറ്റാണ്ടിന്റെ പ്രവാസ ജീവിതം നല്‍കിയ അനുഭവങ്ങളുമാണ് തന്നെ എഴുത്തുകാരനാക്കിയതെന്ന് എഴുത്തുകാരന്‍ പറയുമ്പോള്‍, അദ്ദേഹത്തിന്റെ രചനകള്‍ വായിക്കുന്നവര്‍ക്ക് ഈ പ്രസ്താവനയെ തൊട്ടറിയാന്‍ സാധിക്കും. കച്ചവടക്കാരനായതുകൊണ്ട് എല്ലാ ഭാഷക്കാരോടും, എല്ലാ രാജ്യക്കാരോടും അടുത്തിടപഴകാന്‍ ഉസ്മാന്‍ ഒഞ്ചിയത്തിന് അവസരം ലഭിച്ചിട്ടുണ്ട്. അവരുടെ ജീവിത പരിസരങ്ങളിലേക്കുള്ള യാത്രയാണ് ഉസ്മാന്‍ ഒഞ്ചിയത്തിന്റെ കഥകളോരോന്നും.

എഴുത്തിന് ശക്തി പകര്‍ന്ന കോഴിക്കോട് സിറ്റിസണ്‍ സാരഥികളായ എം.കെ യൂസഫ്ഹാജിയും എം.കെ ഉസ്മാന്‍ഹാജിയും മടപ്പള്ളി കോളേജ് പ്രൊഫസറായിരുന്ന ശ്രീധരന്‍ വേക്കാട്, കെ.എം.സി.സി നേതാവ് കാദര്‍ ഏറാമല, റൂബ് (രാഘവന്‍-റിട്ട.ബാങ്ക് മാനേജര്‍), ശ്രീധരന്‍ കുറ്റിയില്‍, ഗാനരചയിതാവ് കുഞ്ഞിപ്പ പുതുപ്പളളി, അന്തരിച്ച സി.പി.ഐ നേതാവ് കെ.പി ശശി എന്നിവരേയും കഥാകാരന്‍ നന്ദിയോടെ ഓര്‍ക്കുന്നുണ്ട്. ഉസ്മാന്‍ ഒഞ്ചിയത്തിന്റെ കസായി എന്ന കഥ റൂബി നാടകമാക്കുകയും ലൈബ്രറി കൗണ്‍സില്‍ അത് അംഗീകരിക്കുകയും സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി അവതരിപ്പിക്കുകയും ചെയ്തു.

ഉസ്മാന്‍ ഒഞ്ചിയം കുടുംബത്തോടൊപ്പം

ഭാര്യ ജമീലയും നാലുമക്കളും അവരുടെ ഭാര്യമാരും പേരമക്കളുമടങ്ങുന്നതാണ് എഴുത്തുകാരന്റെ കുടുംബം. നസീബും നവാസും നവാറും യു.എ.ഇയിലും നംഷിദ് ലണ്ടനിലുമാണ്. നംഷിദ് ലണ്ടനില്‍ കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനുമാണ്. ലഹരി നിര്‍മാര്‍ജന സമിതി സ്റ്റേറ്റ് കമ്മിറ്റി അംഗവും പ്രവാസി ലീഗ് വടകര മണ്ഡലം വൈസ് പ്രസിഡന്റും മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമാണ് ഉസ്മാന്‍ ഒഞ്ചിയം ഒരിയാന. സ്വന്തം വീടിനെ ഒരിയാന എന്ന് നാമകരണം ചെയ്തതിന്റെ രഹസ്യം പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന ഓര്‍മകളില്‍ തളച്ചിട്ടിരിക്കുന്ന ഒരേടിന്റെ ബാക്കിപത്രമാണെന്ന് നമുക്ക് വായിച്ചെടുക്കാനാകും. എഴുത്തിന്റെ വഴിയില്‍ തന്നെ ചേര്‍ത്തു പിടിച്ചവരെ ഹൃദയപൂര്‍വം ഓര്‍ക്കുന്നതോടൊപ്പം പിന്തുണ തന്ന വായനക്കാരോടും വാക്കുകള്‍ക്കതീതമായ കൃതജ്ഞത രേഖപ്പെടുത്തുന്ന കഥാകാരന്‍ പുതിയ ചെറുകഥാ സമാഹാരത്തിന്റെ പണിപ്പുരയിലാണ്. കൈരളിയുടെ മടിത്തട്ടില്‍ കാലത്തെ ഓര്‍മിക്കുകയും വരുംകാലത്തിന് വഴിവിളക്കുമായി മാറുന്ന കാലാതിവര്‍ത്തിയായ രചന അനുഗ്രഹീതനായ ഈ എഴുത്തുകാരന്റെ തൂലികത്തുമ്പില്‍നിന്ന് പിറന്നു വീഴട്ടേയെന്ന് നമുക്കാശംസിക്കാം.

Share

Leave a Reply

Your email address will not be published. Required fields are marked *