കോഴിക്കോട്: നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ നാല് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഉത്തരമേഖല ആഘോഷ പരിപാടി നാളെയും മറ്റന്നാളു(17,18)മായി നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍വച്ച് സംഘടിപ്പിക്കുമെന്ന് ഡോ.എം.കെ മുനീര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, ലൈബ്രറി അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ തോമസ്.കെ തോമസ് എം.എല്‍.എ, ഡോ.എം.കെ മുനീര്‍ എം.എല്‍.എ എന്നിവര്‍ എം.ടി വാസുദേവന്‍നായരുടെ ഗൃഹം സന്ദര്‍ശിച്ച് അദ്ദേഹത്തെ ആദരിക്കുകയും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം സന്ദര്‍ശിച്ച് സ്മരണാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും.
പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, സാമാജികര്‍, മുന്‍ സാമാജികര്‍, തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍, സാഹിത്യകാരന്മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 2.30ന് ‘വായനയും സ്ത്രീ മുന്നേറ്റവും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കാനത്തില്‍ ജമീല എം.എല്‍.എ സ്വാഗതം ആശംസിക്കും. ഡോ.കെ.പി സുധീര വിഷയം അവതരിപ്പിക്കും. ജാനമ്മ കുഞ്ഞുണ്ണി, കെ.പി മോഹനന്‍, ബി.എം സുഹറ, രാഹുല്‍ മണപ്പാട്ട് എന്നിവര്‍ സംസാരിക്കും. ഡോ.മിനി പ്രസാദ് സെമിനാറിന്റെ മോഡറേറ്ററായിരിക്കും.
തുടര്‍ന്ന് അരങ്ങ് കൊയിലാണ്ടി അവതരിപ്പിക്കുന്ന ‘നാട്ടുണര്‍വ്: നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും’ പരിപാടി നടക്കും. നാളെയും മറ്റന്നാളും രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ നിയമസഭാ സാമാജികരുടെ രചനകളുടെ പ്രദര്‍ശനം, നിയമസഭാ ലൈബ്രറിയെക്കുറിച്ചുള്ള ലഘു വീഡിയോ പ്രദര്‍ശനം, നിയമസഭാ മ്യൂസിയത്തിന്റെ ചരിത്ര പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ നിയമസഭാ ലൈബ്രേറിയന്മാരായ ഇന്ദു.എം.ആര്‍, ഷൈനുറെ, ഓമനശീലന്‍.ജി എന്നിവരും സംബന്ധിച്ചു.